Indian traditions and cultural stories.

Showing posts with label Traditional stories. Show all posts
Showing posts with label Traditional stories. Show all posts

Annamalai Pulavar




ധന സമ്പാദനത്തെ മുഖ്യ ലക്ഷ്യമാക്കി കലയെ കൊല്ലാൻ പോലും മടിക്കാത്ത ഈ കാലഘട്ടത്തിലെ കലകാരന്മാരിൽ നിന്നു വേറിട്ട ചിന്താഗതിക്കാരായിരുന്നു ഗതകാലത്തെ തോല്പാവകൂത്തു കലാകാരന്മാർ. കലയിലൂടെ  ഈശ്വര സാക്ഷാത്ക്കാരമെന്ന ഉദാത്ത കാഴ്ചപ്പാടിനെ ജീവിതവൃതമാക്കിയവരായിരുന്നു. പഴയ തലമുറക്കാർ . പോയ തലമുറയിലെ പ്രാതസ്മരണീയരായ കലാകാരന്മാരിൽ ഒരാളായ പാലപ്പുറം ശ്രീ. അണ്ണാമല പുലവർ ഈശ്വരാനുഗ്രഹത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നു വിശ്വസിച്ചിരുന്ന ഗുരുവര്യനായിരുന്നു.. കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായി 1914 ൽ ആണ് പുലവർ ജനിച്ചത്. അച്ഛൻ കൃഷ്ണ പുലവർ ആ കാലത്തെ ഏറ്റവും പ്രശസ്തരായ പാവക്കൂത്തു കലാകാരന്മാരിൽ ഒരാളായിരുന്നു. നൂറിലധികം ശിഷ്യന്മാർക്കു തോൽപ്പാവകൂത്തു പഠിപ്പിച്ചു കൊടുത്ത പിതാവിൽ നിന്നു തന്നെയാണ് അണ്ണാമല പുലവർ തന്റെ ഏഴാം വയസിൽ പാവകൂത്തു പഠിച്ചു തുടങ്ങിയത്.. പതിനാലാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.

ഇന്നത്തെതിൽ നിന്നു ഏറെ വ്യത്യസമായിരുന്ന ഗതകാലത്തെ കൂത്തു അവതരണം. വാദപ്രതിവാദങ്ങൾ നടത്തുന്ന സപ്രദായമായതിനാൽ നല്ല അറിവും പാണ്ഡിത്വവും ഉള്ളവർക്കു മാത്രമേ പാവക്കൂത്തു രംഗത്തു ശോഭിക്കാൻ കഴിയുമായിരുന്നുള്ളു. അതിനാൽ തന്നെ വ്യത്യസ്ഥ സമ്പ്രദായങ്ങൾ പഠിക്കേണ്ടത് അത്യാവശ്യവുമായിരുന്നു. ആ കാലത്ത് സംസ്കൃത സമ്പ്രദായത്തെ പിന്തുടർന്നിരുന്ന ഏക സംഘമായ മാത്തൂർ സംഘത്തിലെ മനയങ്കത്ത ഗോപാലൻ നായരുടെ കീഴിൽ തുടർ പഠനത്തിനായി പുലവർ പോയത് അച്ഛന്റെ നിർദ്ദേശപ്രകാരമായിരുന്നു.
തോല്പാവകൂത്തിലെ ചില ഭാഗങ്ങൾ വിശദീക്കരിക്കാൻ വേദാന്ത പഠനം ആവശ്യമായതിൽ പുലവർ മണ്ണൂർ ശ്രീരാമാനന്ദാശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചു ചില വർഷം അതിലും പ്രാവീണ്യം നേടി.

1945 ൽ പിതാവ് കൃഷ്ണ പുലവർ മരണപ്പെട്ടതോടെ മൂത്ത സഹോദരൻ രാമസ്വാമി പുലവരോടൊപ്പം അണ്ണാമല പുലവരും കൂത്തു നടത്തിപ്പിന്റെ ചുമതലയേറ്റെടുത്തു.


 മാത്തൂർ സംഘം,കുത്തന്നൂർ സംഘം എന്നീ പുരാതന തോൽപ്പാവകൂത്തു സംഘങ്ങൾ പല കാരണങ്ങൾ കൊണ്ടും ശോഷിച്ചു തുടങ്ങിയതോടെ പല കാപുകളിലും തോൽപ്പാവകൂത്തു മുടങ്ങുമെന്നായപ്പോൾ അതെല്ലാം ഏറ്റു നടത്താനും അണ്ണാമല പുലവർ തയ്യാറായി. പ്രശസ്തേ തോൽപ്പാവകൂത്ത് അവതരണേ വേദികളായ പാലപ്പുറം ചിനക്കത്തൂർ കാവ്, മുണ്ടൂർ പാലക്കീഴ്ക്കാക്കാവ്, പുത്തൂർ തിരുപുരാക്കൽ ഭഗവതി ക്ഷേത്രം, കവളപ്പാറ ആരിയങ്കാവ് തുടങ്ങിയ ഇരുപതോളം കാവുകളിലെ തോൽപ്പാവകൂത്തിനു അണ്ണാമല പുലവർ നേതൃത്വം നൽകിയിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കു പഴമയിലെ കല ഓതി കൊടുക്കുക എന്ന ലക്ഷ്യത്തോടെ പുലവർ 1981 ൽ പാലപ്പുറം ആസ്ഥാനമായി തോൽപ്പാവകൂത്തു പാഠശാല എന്ന സ്ഥാപനം ആരംഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ CCRT സ്കോളർപ്പിപ്പോടെ നിരവധി കുട്ടികൾ കൂത്തു പഠിക്കുകയും ചെയ്തു.

ദൂരദർശനുവേണ്ടി നിരവധി തവണ പാപക്കൂത്ത് അവതരിപ്പിച്ചിട്ടുള പുലവർ പല തവണ ആകാശവാണിക്കുേ വേണ്ടിയും പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത രവീന്ദ്രന്റെ എന്റെ കേരളം പരമ്പരക്കുവേണ്ടി കൂത്തു അവതരിപ്പിച്ചതും പുലവരാണ്. 2003 ൽ പുലവരെ കേരള  ഫോക്ലേ ലോർ അക്കാദമി അവാർഡ്‌ നൽകി ആദരിച്ചിട്ടുണ്ട്. ഇതേ വർഷം കേരള സംഗീത നാടക അക്കാദമി ഗുരു പുരസ്ക്കാരവും പുലവർക്കു ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പാലപ്പുറം ചിനക്കത്തൂർ കാവ്, പുത്തൂർ തിരു പുരാക്കൽ ഭഗവതി ക്ഷേത്രം, മുണ്ടൂർ പാലക്കീഴ്ക്കാം കാവ്, തുടങ്ങിയ നിരവധി ക്ഷേത്ര കമ്മിററികൾ പുലവരെ ആദരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ അവാർഡ് തുക ക്ഷയ jt പാക് സമ്മാനവും പുലവർക്കു ലഭിച്ചിട്ടുണ്ട്. 96 വർഷം നീണ്ടു നിന്ന പുലവരുടെ ജീവിത യാത്രക്ക് 2010 ൽ തിരശ്ശീല വീണു. എങ്കിലും ഭക്തിയുടെ നിറവോടെ തോൽപ്പാവകൂത്ത് അവതരിപ്പിച്ചിരുന്ന പുലവരെ എല്ലാ ക്ഷേത്ര കമ്മിറ്റികളും ആദരവേ ടെ സ്മരിക്കുന്നു.


Share:

പൂതനും തട്ടാനും | Poothan and Goldsmith





നിളയോരമണ്ണിൽ പൂത്തു നിറയുന്ന കാവുത്സവങ്ങളുടെ നാളുകളിൽ നാട്ടുവഴികളിൽ പിന്നെ ഉത്സവ പറമ്പുകളിൽ കാഴ്ച ചന്തമാവുന്ന ഒരു കലാരൂപമാണ് പൂതൻ. കാൽത്തളകിലുക്കി, കൈവള കുലുക്കി. തുടി താളത്തിനൊത്തു ചുവടുകൾ വെക്കുന്ന പൂതത്തിനെക്കുറിച്ചു കഥകളും ഐതീഹ്യങ്ങളുമുണ്ട് - ഐതിഹ്യങ്ങളിൽ പ്രധാനം കാളിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പൂതന്റെ  പിറവിയെക്കുറിക്കുന്ന നാട്ടുചൊല്ലുകൾ തട്ടാനുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഊന്നൽ നൽകുന്നത്. ഈ കലാരൂപവുമായി ബന്ധപ്പെട്ടവർ പകർന്നു തന്ന കഥയാണ്  ഇത്തിരി ഹാസ്യവും ചേർത്തി ഇവിടെ പറയുന്നത്. 

പണ്ടു പണ്ടു നിളാതീരത്തൊരു പൂതൻ കാടു പാർത്തിരുന്നു. കാടകത്തെ വള്ളികളിൽ ഊഞ്ഞാലാടിയും കാട്ടു കിഴങ്ങുകൾ തിന്നും അല്ലലേതുമില്ലാതെ പൂതൻ വാണിരുന്നു. ഉഷ്ണത്തിന്റെ നാളിൽ നിളയിലെ ശൈത്യത്തിലിറങ്ങി നീരാടിയും നീന്തിത്തുടിച്ചും നടക്കുക പതിവായിരുന്നു. ഒരു നാൾ ഒരുച്ചയുടെ നേരത്തു പരൽ മീനുകൾ പുളയുന്ന വെള്ളത്തിലിറങ്ങി ആഴത്തിൽ മുങ്ങവേ പൂതത്തിനൊരു ചെപ്പു കിട്ടി.. ചെപ്പിനകം മുഴുവൻ സ്വർണമാവുമെന്നു കരുതിയ പൂതത്തിനു അകതാരിൽ മോഹം നിറഞ്ഞു. "കാതിലൊരു കടുക്കൻ, അരയിലൊരു അരത്താലി. പിന്നെ മാറിൽ മനോഹരമായ മാർത്താലി കൈവള, കാൽത്തള. നീണ്ടു നീണ്ടു പോയ മോഹങ്ങൾക്കിടയിൽ  പൂതം ചെപ്പു തുറന്നു നോക്കാൻ മറന്നു പോയി. സ്വർണത്തിന്റെ നിറം പൂശിയ ആശകളുമായി തട്ടാനെ തെരഞ്ഞു നടന്ന പൂതൻ ഒടുവിൽ അയാളെ കണ്ടത്തി. തനിക്കു കിട്ടിയ ചെപ്പു തട്ടാന്റെ മുന്നിൽ വെച്ച ശേഷം പൂതൻ രണ്ടടി മാറിനിന്നു.


കൈ രണ്ടും കെട്ടി നിന്ന പൂതത്തിനോടു തട്ടാൻ.
ചോദിച്ചു:
"ഇത് എവിട്ന്നാ കിട്ട്യേ ?" 
"പൊഴേന്നാ" പൂതൻ പറഞ്ഞു.
"തൊറന്നു നോക്കിയോ നീ ?"
ഇല്ലെയെന്ന അർത്ഥത്തിൽ പൂതൻ തലയാട്ടി.
"എന്താ ഇപ്പോ വേണ്ടേ"? തട്ടാൻ ചോദിച്ചു:
പുതൻ തന്റെ മനസ്സിലെ മോഹങ്ങളെ ഓരോന്നായി പറഞ്ഞു. എല്ലാം കേട്ട തട്ടാൻ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അതു കേട്ട പൂതം ഏറെ സന്തോഷത്തോടെ നടന്നകന്നു. പൂതൻ ഇടവഴി താണ്ടി അകന്ന ശേഷം ചെപ്പു തുറക്കാൻ തട്ടാനു ഏറെ ശ്രമിക്കേണ്ടി വന്നു. ആണ്ടുകൾ ഏറെയായി തുറക്കാത്ത ചെപ്പാണെന്നു തട്ടാനു ഉറപ്പായി. ചെപ്പിനകം മുഴുവൻ സ്വർണം കണ്ടമ്പരന്ന തട്ടാന്റെ നെഞ്ചിൽ കാപട്യതയുടെ ചോദ്യമുയർന്നു." കാടു വാഴുന്ന പൂതത്തിനെന്താ പണ്ടം" ? ചെപ്പിനകത്തെ സ്വർണം മുഴുവൻ എടുത്തു മാറ്റിയ തട്ടാൻ പകരം കല്ലും കരിക്കട്ടയും ചെപ്പിൽ നിറച്ചു വെച്ചു. പക്ഷമൊന്നു കഴിഞ്ഞു പണ്ടം തെരത്തെത്തിയ പൂതത്തിന്റെ നേർക്കു ചെപ്പു വലിച്ചെറിഞ്ഞ ശേഷം തട്ടാൻ ആക്രോശിച്ചു.

"കല്ലും കരിയും നിറച്ച ച്ചെപ്പു കൊണ്ടുവന്നു ആളെ പറ്റിക്കാൻ നോക്ക്വാ?". 
പൂതൻ അമ്പരന്നു. വെപ്രാളത്തോടെ ചെപ്പു തുറന്നു നോക്കിയ പൂതൻ കല്ലും കരിക്കട്ടയും കണ്ടു തനിക്കു പറ്റിയ അബദ്ധത്തെയോർത്തു നാവു കടിച്ചു. ഒരു വാക്കു പറയാനാവാതെ ചെപ്പുമെടുത്തു നടന്നകന്ന പൂതൻ ഏറെ കഴിഞ്ഞാണറിഞ്ഞത് തട്ടാൻ തന്നെ ശരിക്കും പറ്റിക്കുകയായിരുന്നു എന്ന സത്യം. പിന്നെ തെരഞ്ഞു പോയ പൂതത്തിനു തട്ടാനെ കണ്ടെത്താനുമായില്ല. അപ്പോഴേക്കും അയാൾ ഏഴു നാടു താണ്ടിയ സ്ഥലത്തേക്കു താമസം മാറ്റിയിരുന്നു. തന്നെ പറ്റിച്ച പൂതനെ തെരഞ്ഞാണ് പൂതൻ ഉത്സവക്കാലത്ത് നാടു നടക്കുന്നതെന്നാണ് വിശ്വാസം. 


നാവു കടിച്ച രൂപത്തിൽ പൂതത്തെ കാണാന്നും കാരണമിതാണത്രേ ! ഡും ഡും ഡും ഡും ഡുംഡുംഡും ഡും ഡും എന്ന തുടിതാളം കണ്ടോ കണ്ടോ തട്ടാനെ കണ്ടോ എന്ന അന്വേഷണമാണെന്നും  എന്ന വിശ്വാസം നിളയോരത്തെ പൂതന്റെ പിറവിക്കഥയായി നില കൊള്ളുന്നു. ഇതു കൂടാതെ കണ്ണകിക്കഥയിലെ ചിലമ്പുകട്ട തട്ടാനെയാണ് പൂതൻ നെരയുന്നതെന്ന വിശ്വാസവും നിലനിൽക്കുന്നു.



Share:

പൂതൻ | Kerala traditional art




നാട്ടുപഴമയിലെ വിശ്വാസ പ്രമാണങ്ങളിൽ നിന്നുയിർജനിച്ച ഭൂരിപക്ഷം നാടൻ കലകളുടെയും ഉപജ്ഞാതാക്കളും അത് അവതരിപ്പിക്കുന്നവരും സാമൂഹികമായി പിൻതള്ളി നിർത്തിയിരുന്ന ജനവിഭാഗങ്ങളാണ്. ഈ കലകൾക്കെല്ലാം വേദിയൊരുക്കുന്നതോ കാവുത്സവങ്ങളുമാണുതാനും. കാളി, നീലി, കുറുമ്പ , വേട്ടക്കരൻ , കട്ടിചാത്തൻ തുടങ്ങിയ പ്രതിഷ്ഠകളുള്ളതും പൂർവ കാലത്ത് പൂർണമായും കൗളാചാര രീതിയിലുള്ള ആരാധന നടത്തി വന്നിരുന്നതുമായ കാവുകളിലൊഴികെ മറ്റു ക്ഷേത്രങ്ങളിലൊന്നും ഈ കലകൾക്കു പ്രവേശനമില്ല എന്നതാണ്ന്നു സത്യം. ഇന്നും ശിവ ക്ഷേത്രങ്ങളിലും വൈഷ്ണവ ക്ഷേത്രങ്ങളിലും ഉത്സവ കാഴ്ചകളിൽ നാടൻ കലകൾ ഉൾപ്പെടാറില്ല . ഇത്തരം ആരാധനാലങ്ങളിൽ മതിൽക്കെട്ടിനകത്തെ ചടങ്ങുകൾക്കാവും പ്രാധാന്യം. 

ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിലെയും തൂതപ്പുഴയുടെ തീരത്തുള്ള പെരിന്തൽമണ്ണ താലൂക്കിലേയും ഉള്ള മിക്ക ഭഗവതിക്കാവുകളിലും ഉത്സവക്കാഴ്ചയാവുന്ന നാടൻ കലാരൂപങ്ങളിലൊന്നാണ് പൂതൻ. പൂതൻ എന്നും പറപ്പൂതൻ എന്നും അറിയപ്പെടുന്ന രണ്ടുതരം പൂതങ്ങളിൽ പറപ്പൂതം കെട്ടിയാടുന്നത് പറയ സമുദായക്കാരാണ്. ആദ്യകാല കാളി ഉപാസകരായി ഗണിക്കപ്പെടുന്ന  മണ്ണാൻ സമുദായക്കാരാണ് പൂതമെന്ന രൂപം കെട്ടിയാടുന്നവർ.



കടിച്ച നാവും തുറിച്ച കണ്ണും കൊഴുപ്പോലെ മൂക്കുമുള്ള മുഖാവരണവും തലക്കെട്ടും , പീലി മുടിയും, കാൽത്തള, കൈത്തവള, അരത്താലി, മാർത്താലി തുടങ്ങിയ ആഭരണങ്ങളും ആണ് പൂതന്റെ വേഷവിധാനം. ഉത്സവത്തിനു കൂറയിടുന്ന ദിനം മുതൽ തട്ടകത്തിലെ ഭവനങ്ങളിൽ ചെന്നു കളിക്കുന്ന പൂതനെ ദേവി സങ്കല്പവുമായി ബന്ധപ്പെട്ട കലാരൂപമായിട്ടു തന്നെയാണ് തട്ടകവാസികൾ കാണുന്നത്. നിളയോര ഉത്സവക്കാഴ്ചയുടെ നിറഭംഗിയുള്ള പൂതന്റെ പേര് ഏറ്റവും കൂടുതൽ പേരിൽ എത്താൻ കാരണം ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന അനുഗ്രഹീത കവിയുടെ പൂതപ്പാട്ട് എന്ന കവിതയാണ്.

എന്നാൽ യഥാർത്ഥത്തിൽ ഈ കവിതയിലെ കഥാപാത്രമായ പൂതമല്ല  നിളയോര പൂതൻ . ഇടശ്ശേരിയുടെത് പെൺപൂതമാണ്. നിളയോരക്കാഴ്ച ആൺ പൂതനാണ്. മാത്രമല്ല ഈ കലാരൂപവുമായി ബന്ധപ്പെട്ട ആരും തന്നെ ഇടശ്ശേരിയുടെ കഥയെ പൂതത്തിന്റെ മിത്തായി അംഗീകരിക്കുന്നുമില്ല മാതൃ വാത്സല്യത്തിന്റെ മഹനീയതക്കു നിദർശനമായ ഇടശ്ശേരി കവിതയെ ഇവിടെ പരിചയപ്പെടുത്തുന്നത് പുതത്തെക്കുറിക്കുന്ന ഒരു കഥ എന്ന രീതിക്കാണ്.


പൂതപ്പാട്ടെന്ന അനശ്വര കവിതയിലൂടെ വള്ളുവനാടൻ പൂതത്തെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച കവിയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. ഒററക്കു മേയുന്ന പയ്യിന്റെ മുല കുടിച്ചും പൊട്ടി ചൂട്ടായി വന്നു പഥികരുടെ വഴി തെറ്റിച്ചും പറയന്റെ കുന്നിലെ മറ്റേ ചെരിവിലൊരു മടയിൽ പാർത്തിരുന്ന പെൺപൂതത്തിന്റെ കഥയാണ് പൂതപ്പാട്ടിന്റെ പ്രമേയം. ആറ്റിൻ കരയിലെ നങ്ങേലിക്കു ഒരു ഉണ്ണി പിറന്നു. നിലത്തു വെച്ചാൽ ഉറുമ്പരിച്ചാലോ, തലയിൽ വെച്ചാൽ പേനരിച്ചാലോ ? അതിനാൽ ഉണ്ണിയെ തന്റെ മാറിൽ ചേർത്തു വളർത്താൾ നങ്ങേലി. നാളുകൾ കഴിയവേ ഉണ്ണിക്കു കാൽ വളർന്നു കൈ വളർന്നു ,വയസ്സു ഏഴു തി കയവേ കണ്ണും കാതും ഉറച്ചു. പള്ളിക്കൂടം പോകണമെന്ന ആശ ഉണ്ണിയുടെ മനസ്സിലും ഉദിച്ചു.

പുളിയിലക്കര മുണ്ടുടുപ്പിച്ച് ഓലയും എഴുത്താണിയും കൈയ്യിൽ കൊടുത്തു ഉണ്ണിയെ അമ്മ പള്ളിക്കൂടത്തിലേക്കയച്ചു. കൗതുകത്തിന്റെ കാഴ്ചകൾ കണ്ടു ഉണ്ണി നടന്നു. പറയന്റെ കുന്നിലെ ഉയരവും കടന്ന് ഉണ്ണി മറ്റേ ചെരിവിലെത്തവേ മനുഷ്യ വാടയറിഞ്ഞ പൂതം മാളത്തിൻ വാതിൽ പൊളി മെല്ലേ നീക്കി. പൊന്ന  അശോക പൂങ്കുല പോലെ, അമ്പിളിക്കലയൊന്നു നിലത്തുദിച്ച പോലെ, മാമ്പൂവിന്റെ നിറ മൊത്തൊരു ഉണ്ണി നടന്നടുക്കുന്നതു കണ്ട പൂതത്തിൻ അകതാരിലെവിടെയോ വാത്സല്യത്തിന്റെ വികാരമൊരു പ്രളയമായി, മാറിടത്തിലൊരു ഇക്കിളി പിറന്നു മാഞ്ഞു. സ്നേഹമൊരു കനിവായി നിറഞ്ഞു തുളുമ്പേവേ പൂതത്തിന്റെ മനസ്സിലും ആശ പിറന്നു.
ഉണ്ണി യോടിത്തിരി നേരമൊന്നു കൊഞ്ചാൻ , പൂക്കളറുത്തും, കല്ലുകൾ പെറുക്കി കൂട്ടിയും ഉണ്ണിയോടൊത്തൊന്നു കളിക്കാൻ പൂതം ആശിച്ചു. കോമ്പല്ലും ഉണ്ടക്കണ്ണും കണ്ടു ഉണ്ണി പേടിച്ചാലോ? പൂതം അതി സുന്ദരിയായൊരു പെൺകിടാവിന്റെ വേഷമെടുത്തു. തന്നരികിലെത്തിയ ഉണ്ണിയോടു പൂതം പറഞ്ഞു. 

"ഉണ്ണ്യേ ആ ഓലയും എഴുത്താണിയും അങ്ങു ദൂരെ കളയു ,നമുക്കു നീലക്കല്ലിന്മേൽ പൂക്കൾ കൊണ്ടു ചിത്രമെഴുതി കളിക്കാം " . ഗുരുനാഥൻ കോപിക്കുമെന്നു  ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ ഉണ്ണി പൂതത്തെ കേട്ടു.
പകൽ വെളിച്ചം പാതി മിഴി കൂമ്പി തുടങ്ങി. ഇരുളടരുകൾ വിണ്ണിനെ തൊടാനുമിറങ്ങി. പള്ളിക്കൂടം പോയ ഉണ്ണി ഇനിയും തിരിച്ചെത്തിയില്ല. നങ്ങേലിയുടെ മനസ്‌സൊന്നു കാളി. പിന്നെ തേങ്ങലുയർന്നു ഊടുവഴിയിലൂടെയും പാടവരമ്പിലൂടെയും ഉറക്കെ വിളിച്ചും കരഞ്ഞും നടന്ന നങ്ങേലി, നടന്നു നടന്നൊടുവിൽ പറയന്റെ കുന്നിലെത്തി.ഉണ്ണിയെ തെരയുന്ന മനസ്സിന്റെ നോവു കേട്ട പൂതത്തിന്റെ നെഞ്ചൊന്നുലഞ്ഞു. ഉണ്ണിയെ തനിക്കു നഷ്ടപ്പെടുമെന്ന ഭയന്നു പൂതം നങ്ങേലിയെ അകറ്റാൻ അടവു പലതുമെടുത്തു.

പേടിപ്പിച്ചോടിക്കാൻ നോക്കി പൂതം. പേടിയാതെ നിന്നാൾ അമ്മ : കാറ്റായും തീയായും നരിയായും പുലിയായുമൊക്കെ വന്നു പൂതം. കൂസാതെ തന്നെ നിന്നാൾ അമ്മ. തോറ്റ പൂതം മറ്റൊരടവെടുത്തു. മുത്തും സ്വർണവും നിറച്ച പൊത്തിന്റെ മൂടി തുറന്നു പിടിച്ചു പിന്നെ പറഞ്ഞു. "ഇതൊക്കെ നീ 
എടുത്തോ, ഉണ്ണിയെ എനിക്കു താ" മറിച്ചൊന്നും പറയാതെ നങ്ങേലി മരക്കമ്പിനാൽ തന്റെ ഇരു കണ്ണുകളും ചൂഴ്ന്നെടുത്തു അത് പൂതത്തിന്റെ നേർക്കു നീട്ടി കൊണ്ടു പറഞ്ഞു." ഇതിനെക്കാൾ വലുതാണെനിക്കെന്റെ ഉണ്ണി.. പൂതം മറ്റൊരു കൗശലം കണ്ടെത്തി. നൊച്ചിക്കോലു കൊണ്ടൊരു ഉണ്ണിയെ ഉണ്ടാക്കി നങ്ങേലിക്കു കൊടുത്തു , നൊച്ചിക്കോലുണ്ണിയെ തലോടിയ നങ്ങേലിക്കു പെട്ടെന്നറിഞ്ഞു അത് തന്റെ ഉണ്ണിയല്ലെന്ന് . ഉള്ളു വിങ്ങിയ മാതൃ ഹൃദയം ആക്രോശിച്ചു " പെറ്റ വയറിനെ പറ്റിക്കാൻ നോക്കുന്നോ പൊട്ട പൂതമേ ?". പൂതത്തെ ശപിക്കാനായി നങ്ങേലി കൈകളുയർത്തി. മാതൃശാപ മേൽക്കേണ്ടിവരുമെന്നറിഞ്ഞ പൂതം ഞെട്ടി വിറച്ചു. തൊഴുകൈകളോടെ പൂതം അപേക്ഷിച്ചു.

"ശപിക്കരുത് , ഉണ്ണിയേയും കാഴ്ചയും തിരിച്ചു തരാം" . ഉണ്ണിയുമായി നങ്ങേലി തിരിച്ചു നടക്കാനൊരുങ്ങവേ പൂതം വീണ്ടും വീണ്ടും ഉണ്ണിയെ തലോടി..പൂതത്തിന്റെ കണ്ണു നിറഞ്ഞെഴുകുന്നതു കണ്ട നങ്ങേലിയുടെ മനസ്സലിഞ്ഞു. നങ്ങേലി പൂതത്തെ ആശ്വസിപ്പിച്ചു. "നീ കരയേണ്ട പാടം കൊയ്തൊഴിയുന്ന വേനൽ നാളിൽ ആണ്ടിലൊരിക്കൽ ഉണ്ണിയെ കാണാൻ വന്നോളു " പൂതം തലകുലുക്കി. വീടേതാണെന്നു പറയാൻ നങ്ങേലിയും അത് ഏതാണെന്നു ചോദിക്കാൻ പൂതനും മറന്നു. പണ്ടു നാളിൽ കണ്ടു കൊതിച്ച ഉണ്ണിയെ തെരഞ്ഞാണത്രേ വള്ളുവനാടൻ പൂതം പാടം താണ്ടി വീട്ടുമുറ്റങ്ങൾ കയറി ഉത്സവക്കാലത്ത് നിളയോരത്തെത്തുന്നത്. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഗന്ധമറിയാതെ ഏകയായി പൊത്തിൽ പാർത്തിരുന്ന പൂതത്തിന്റെ ഉള്ളിലും നന്മയുടെ ഒരു കീറ് വെളിച്ചമുണ്ടെന്ന പറഞ്ഞ ഇടശ്ശേരി കവിത കൂടിയാണ് പൂതപ്പാട്ട്.
Share:

ചിനക്കത്തൂർ കാവ് ഐതിഹ്യം.



ഒറ്റപ്പാലം - പാലക്കാട് റൂട്ടിൽ ഒററപ്പാലത്തു നിന്നു അഞ്ചു കിലോമീറ്റർ കിഴക്കായി പാലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ചിനക്കത്തൂർ കാവ് . നിളയോരത്തുള്ള ഉത്സവ ങ്ങളിൽ വെച്ചു ഏറ്റവും പ്രസിദ്ധവും ആർഭാടവും ഉള്ള പൂരം നടക്കുന്നത്  ഇവിടെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ചില ആചാരങ്ങൾ നിലനിൽക്കുന്ന ഈ കാവിന്റെ ഉല്പത്തിക്കാധാരമായി പല  ഐതിഹ്യങ്ങളും പറഞ്ഞു വരുന്നു.
    ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ തിരുവില്വാമലയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഇങ്ങിനെയാണ് ആ കഥ ഗോദാവരി തീരത്തു വെച്ചു രാവണനാൽ അപഹരിക്കപെട്ട സീതയെ അന്വേഷിച്ച് രാമ ലക്ഷ്മണന്മാർ നിളയുടെ കരയിലെത്തി. ഇവിടെ അവരെ സഹായിക്കാൻ ശാസ്താവും ഒരു വനദേവതയും സന്നദ്ധരായി . വഴി കാട്ടികൾ നയിച്ച പാതയിലൂടെ ദീർഘനേരം നടന്ന രാമലക്ഷ്മണന്മാർ തളർന്നു. അല്പം വിശ്രമിക്കാനും ക്ഷീണമകറ്റാനും ഉചിതമായ ഒരു ഇടം കണ്ടെത്താൻ ശാസ്താവും വനദേവതയും നിയോഗിക്കപ്പെട്ടു, സങ്കേതം തെരഞ്ഞ അവർ ഒടുവിൽ വില്വമലയുടെ മുകളിലെത്തി. ശാന്ത പ്രകൃതിയുടെ സുന്ദരഭാവം കണ്ട വഴി കാട്ടികൾ നിയോഗം മറന്നു. കണ്ടെത്തിയ സ്ഥലത്തു അവർ തന്നെ വാസമുറപ്പിച്ചു.       

 ഇടം തേടിപ്പോയവരെ കാണാതെയായേപ്പോൾ അവരെ രാമലക്ഷ്മണന്മാർ തെരഞ്ഞു ഇറങ്ങി..ഒടുവിൽ വില്യമലയുടെ നെറുകയിൽ നിയോഗം മറന്നിരിക്കുന്ന വഴികാട്ടികളെ രാമ ലക്ഷ്മണന്മാർ കണ്ടു. രാമകോപമേറ്റ ശാസ്താവ് കുണ്ടിൽ വീണു. പിന്നീട് കുണ്ടിൽ അയ്യപ്പനായി വാഴ്ത്തപ്പെട്ടു.
രാമ കോപത്തെ ഭയന്ന വനദേവത മലയിറങ്ങി വടക്കോട്ടു ഓടി. നിളാ നദിയും കടന്ന് നിലവിളിച്ചു കൊണ്ടു ഓടിയ ദേവത ഒടുവിൽ പാലപ്പുറത്ത് എത്തി. പിൽക്കാലത്ത് ഈ ദേവതയാണ് ചിനക്കത്തൂർ ഭഗവതി ആയെതെന്നാണ്ഐ തിഹ്യം നൽകുന്ന സൂചന. അന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന വേളയിൽ ദേവത ഉയർത്തിയ "അയ്യേ യ്യോ തച്ചു കൊല്ലുന്നേ ഓടി വര്വേ "എന്ന ആർത്തവിലാപത്തെ അനുസ്മരിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ ഉത്സവക്കാലത്ത് അയ്യയ്യോ വിളികൾ ഉയരുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നു.

ചിനക്കക്കൂർ താഴെക്കാവിൽ സ്വയം ഭൂ ആണ്. പ്രതിഷ്ഠിത വിഗ്രഹമുള്ള മേലെക്കാവിലെ ഭഗവതി ചിനക്കത്തൂരിൽ എത്തിയതിനെ കുറിക്കുന്ന വേറെയും കഥകൾ ഉണ്ട്. അതിൽ ഒന്ന് വടക്കു മംഗലം മന്ത്രേടത്ത് മനയുമായി ബന്ധപ്പെട്ടതാണ്. ചില നൂറ്റാണ്ടുകൾക്കു മുൻപ് തെക്കു മംഗലത്ത് പുഴയോരത്ത് മൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഒരു കുലാലൻ താമസിച്ചിരുന്നു. ഒരിക്കൽ അയാൾ അതീവ സുന്ദരമായ ഒരു കാളി വിഗ്രഹം ഉണ്ടാക്കുകയും അത് വിൽക്കാനായി  തലയിൽ ചുമന്ന് വടക്കോട്ടു നടക്കുകയും ചെയ്തു. അന്നത്തെ സഞ്ചാരപാത . മൂന്നുണ്ണിക്കാവിന്റെയും മന്ത്രേടത്ത് മനയുടെയും മുന്നിലൂടെ ആയിരുന്നു. 

 ഭാരം ഏറ്റി വരുന്നവർക്കു താങ്ങായ ഒരു അത്താണി മന്ത്രേടത്ത് മനയുടെ മുന്നിൽ ഉണ്ടായിരുന്നു. ആ വഴി വന്ന കുലാലൻ കാളി വിഗ്രഹം അത്താണിയിൽ വെച്ചു വിശ്രമിക്കാനിരുന്നു. ക്ഷീണം തീർത്ത കുലാലൻ വിഗ്രഹം അത്താണിയിൽ നിന്നു എടുക്കാൻ ശ്രമിച്ചേഴാണ് അന്തം വിട്ടത്. എത്ര ശ്രമിച്ചിട്ടും അത്താണിയിൽ നിന്നു വിഗ്രഹം ഉയർത്താൻ കഴിയുന്നില്ല. ഒടുവിൽ കുലാലൻ കരയാൻ തുടങ്ങി:  സംഭവം.മന്ത്രേടത്ത് മനയുടെ മനയുടെ ശ്രദ്ധയിൽ പെട്ടു. അവിടത്തെ ഒന്നു രണ്ടു വാല്യക്കാർ അവിടെയെത്തി കുലാലനെ സഹായിക്കാൻ തുനിഞ്ഞെങ്കിലും വിഗ്രഹത്തെ ഉയർത്താൻ അവർക്കും കഴിഞ്ഞില്ല.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ മന്ത്രേടം ജ്യോത്സ്യനെ വരുത്തി. പ്രശ്നത്തിൽ ചിനക്കത്തൂരിൽ വിഗ്രഹം സ്ഥാപിക്കണമെന്നു തെളിഞ്ഞു. അന്ന് മന്ത്രടത്ത് മന മുന്നിൽ നിന്നു പ്രതിഷ്ഠി ച്ചതാണ് മേലെക്കാവ് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതു കൂടാതെ കണ്ടത്തു വീട്ടുകാർ സ്വന്തമായി ഒരു ഐതിഹ്യം പറയുന്നുണ്ട്. പണ്ട് അവർ പട്ടാമ്പിയിൽ നിന്നു കാൽ നടയായി പാലപ്പുറത്തേക്കു നടന്നു വരവേ ഏതോ ഒരു ദേവത അവരെ അനുഗ്രഹിച്ചുവെന്നും  ആ ദേവതയെയാണ് മേലെക്കാവിൽ പ്രതിഷ്ഠിച്ചതെന്നുമാണ് അവരുടെ വാദം. ഇതിനുമപ്പുറം ഒരു ചെറുമ സ്ത്രീ പുല്ലരിയാൻ പോയേപ്പോൾ അരിവാളു തട്ടി ഒരു കല്ലിൽ ചോര പൊടിഞ്ഞുവെന്നും ആ വിവരം ജൻമികൾ അറിയാനിടയായി എന്നും അങ്ങിനെയാണ് ചിനക്കത്തൂർ പിറന്നതെന്നുമാണ് ഈ ഐതിഹ്യം നൽകുന്ന സൂചന.
Share:

തിരുവാതിര

തുലാവർഷമേഘങ്ങൾ പെയ്തൊടുങ്ങി കോടമഞ്ഞിന്റെ പുലരികൾ വിടരുന്ന ധനു മാസത്തിലെ തിരുവാതിര കേരളത്തിലെന്ന പോലെ തമിഴകത്തും ആഘോഷിച്ചു വരുന്ന ഉത്സവമാണ്. കൈലാസനാഥനായ ശ്രീപരമേശ്വരന്റെ തിരുനാളായി ഗണിക്കപ്പെടുന്ന തിരുവാതിര നാളിലെ ഉത്സവത്തിനു സംഘ കാലത്തേക്കാൾ പഴക്കമുണ്ട്. തമിഴകത്തെ ഏതാണ്ടെല്ലാ ശിവക്ഷേത്രങ്ങളിലും തിരുവാതിര ആഘോഷിക്കാറുണ്ടെങ്കിലും ഏറ്റവും സമുചിതമായി ആഘോഷിക്കുന്നത് ചിദംബരത്താണ്. തമിഴകത്തെ ആചാരങ്ങളിൽ നിന്നു തികച്ചും വ്യത്യസ്ഥമാണ് കേ
രളത്തിലെ ആചാരരീതികൾ. 

     വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനായും കന്യകമാർ ഉത്തമനായ ഒരു ഭർത്താവിനെ കിട്ടാനുമായി  ഉമാമഹേശ്വര പൂജ നടത്തുന്ന തിരുവാതിരയുത്സവത്തിന്റെ ഐതിഹ്യം കാമദേവന്റെ മറുപിറവിയുമായി ബന്ധപ്പെട്ട  ഒരു കഥയാണ്. ദക്ഷയാഗത്തെ തുടർന്ന് ദാക്ഷായണിയെ നഷ്ടപ്പെട്ട കൈലാസനാഥൻ താപത്തെ തണുപ്പിക്കാൻ ദീർഘതപസ്സിലാണ്ടു. ആണ്ടുകൾ പലതുതാണ്ടി, ദശകങ്ങളും പലതു കടന്നു.. തപസ്സു പിന്നെയും നീണ്ടു. ലോകത്തു ആ സുര ശക്തികൾ പിറന്നു.വരബലത്താൽ അവർ ശക്തിയാർജിച്ചു. ആസുരതയെ കീഴ്മടക്കുവാൻ പർവത രാജകുമാരിയായി പിറവിയെടുത്ത പാർവതീ ദേവിയും ശിവനും ഒന്നിക്കേണ്ടത് ആവശ്വമായി വന്നു...
ശിവൻ തപസ്സുണരാതെ പാർവതി പരിണയം നടക്കില്ലെന്നറിഞ്ഞ ദേവന്മാർ നിരാശരായി... ഒടുവിൽ കാമദേവൻ രക്ഷകനായി . മലർ ബാണമെയ്തു അവൻ ശിവനെ ഉണർത്തി.. പക്ഷേ അടുത്ത നിമിഷം ശിവ കോപത്തിനിരയായ കാമൻ ഭസ്മമായി... ഭർത്താവിന്റെ വിയോഗമറിഞ്ഞ രതിദേവി ഭർത്താവിനെ തിരിച്ചു കിട്ടാൻ ഉമാമഹേശ്വര പൂജ നടത്തി. ഒടുവിൽ  രതിദേവിക്കു മാത്രം കാണാവുന്ന രൂപത്തിൽ  തിരിച്ചു കിട്ടി.. ഈ ദിവസത്തെയാണത്രേ കേരളത്തിലെ സ്ത്രീകൾ തിരുവാതിരയായി ആഘോഷിക്കുന്നത്.
ഗത കാലത്തെ തിരുവാതിരയുമായി ബന്ധപെട്ട ചടങ്ങുകളെ കുറിച്ചു പറഞ്ഞുതന്നത് ഒരു പെൺകുട്ടിയാണ്, "പണ്ടു തിരുവാതിര തലേന്നാൾ കുളിക്കാൻ പോവും, "
" തുടിച്ചു പാടി . തൈരു കടഞ്ഞ് കുളിച്ചു കയറും " . പിന്നെ ഊഞ്ഞാലാട്ടം " .... തിരുവാതിര ദിവസം ഉറക്കമൊഴിക്കണം.. ചന്ദ്രൻ നേരെ തലക്കു മീതേ എത്തിയാൽ പാതിരാ പൂചൂടൽ തുടങ്ങും. ചുവന്ന നിരത്തിൽ കനകാംബരം പോലുള്ള പൂവാണത്. പിന്നെ അടക്കാമണിയൻ ചെടിയും വേണം.
സംഘത്തിലെ മൂത്ത സ്ത്രീ വിളക്കുവെച്ചു പൂജ നടത്തും. പിന്നെ ഓരോരുത്തരായി അടക്കാമണിപൂചൂടി തൊഴുതു നമസ്ക്കരിക്കും.
അതു കഴിഞ്ഞാൽ വെററില ചവക്കണം. സുമംഗലികൾ നൂറ്റിയൊന്നു വെറ്റില ചവക്കണം. അപ്പോഴേക്കും നേരം വെളുക്കും. പിന്നെ കുളത്തിലേക്ക്. കൂവ വരകിയതും , പപ്പടം പഴം പുഴുക്ക്, ഒക്കെ തിരുവാതിരിരക്കുണ്ടാവും.
തിരുവാതിരയുടെ പല ആചാരങ്ങളും  ഇന്നു ഇല്ലാതായിക്കഴിഞ്ഞു. എന്നാൽ ആതിരാ തലേന്നാൾ ചോഴി കെട്ടി വിടു സന്ദർശിക്കുന്ന പതിവ് നിളയോര ഗ്രാമങ്ങളിൽ ഇന്നും തുടർന്നു വരുന്നു. ഉണങ്ങിയ വാഴച്ചപ്പു ദേഹത്തു വരിഞ്ഞു കെട്ടി മുഖത്തു കവുങ്ങിൻ പോള കൊണ്ടുണ്ടാക്കിയ മുഖാവരണം ധരിക്കലായിരുന്നു ഗതകാലത്തെ വേഷം. ഇന്നു കവുങ്ങിൻ പാളക്കു പകരം പ്ലാസ്റ്റിക് മുഖം മൂടിയാണ് ഉപയോഗിക്കുന്നത്.
മുത്തശ്ശിയും ശിവഭൂതഗണങ്ങളുമാണ് ചോഴികളിൽ കാണുന്ന വേഷം...
മുത്തശ്ശിയുടെ നിത്യ പ്രാർത്ഥനാനുസരണം. അവരെ ശിവലോകത്തേക്കു കൊണ്ടുപോകാൻ ഭൂതഗണങ്ങളെത്തിയെങ്കിലും പല ഒഴിവുകഴിവുകളും പറഞ്ഞ് മുത്തശ്ശി യാത്ര ഒഴിവാക്കാൻ ശമിക്കുന്നു. മനുഷ്യന്റെ ലൗകീക ജീവിതത്തോടുള്ള മമത എത്ര പ്രായം കടന്നാലും മാറില്ല എന്നു ഹാസ്യാത്മകമായി പറയുന്ന തിരുവാതിര ചോഴികൾ തന്നെയാണ് മലയാളത്തിലെ ആദ്യത്തെ തെരുവുനാടകക്കാർ.

Share:

തിരുവാതിരയും നന്തനാരും ചിദംബരവും...

 


ശൈവമത പ്രവാചകരായ 63 നയനാർമാരിൽ ഒരാളാണ് പറയ കുലജാതനും ആദ നൂർ സ്വദേശിയുമായ നന്തനാർ. ഇദ്ദേഹം തിരുനാളൈപോവാർ എന്ന പേരിലും അറിയപ്പെടുന്നു. ബാല്യ നാൾ തൊട്ടു തന്നെ ശിവ ഭക്തിയെക്കാൾ മറെറാന്നില്ലെന്നു കരുതിയ നന്തനാർ ബ്രാഹ്മണ ജന്മിയുടെ കീഴിലെ അടിയാളനായിരുന്നു. എങ്കിലും നന്തൻ സ്ഥിരമായി മതിൽ കെട്ടിനു പുറത്തു നിന്നു ശിവനെ തൊഴുതു വന്നിരുന്നു. നന്തൻ ഒരിക്കൽ തിരുപ്പൻകൂർ എന്ന ഗ്രാമത്തിലെത്തി അവിടെ നന്ദിയുടെ മറ കാരണം ദേവ ദർശനം സാധ്യമാകാതെ വന്നപ്പോൾ നന്ദിയോടു വഴി മാറാൻ അദ്ദേഹം പ്രാർത്ഥിച്ചു. നന്ദി വഴിമാറുകയും അദ്ദേഹത്തിനു വിഗ്രഹദർശനം സാധ്യമാവുകയും ചെയ്തു



നന്തന്റെ ഏറ്റവും വലിയ ആഗഹമായിരുന്നു ചിദംബരദർശനം. താൻ ഒരിക്കൽ തില്ലെ (ചിദംബരം) നടരാജനെ കാണാൻ പോകുമെന്നു അദ്ദേഹം പറഞ്ഞു നടന്നു. ആരെങ്കിലും അദ്ദേഹത്തോടു എന്നാണ് ചിദംബര യാത്ര എന്നു ചോദിച്ചാൽ നാളെ പോവുമെന്നു സൗമ്യമായി അദ്ദേഹം പറഞ്ഞിരുന്നു. അങ്ങിനെയാണ് നന്ദനാർക്കു തിരുനാളെ പോവാർ എന്ന അപര നാമം ലഭിച്ചത്. വർഷങ്ങൾ പലതു കഴിഞ്ഞുവെങ്കിലും നന്ദനാർക്കു ചിദംബര ദർശനം സാധ്യമായില്ല. അങ്ങിനെയിരിക്കെ മാർകഴി മാസവും പിറന്നു. തിരുവാതിര ദിനവും അടുത്തെത്തി.

ഓലക്കുടിലിൽ സാധ്യമാകാത്ത മോഹത്തെക്കുറിച്ചു ശിവനോടു കരഞ്ഞു പറഞ്ഞുറങ്ങിപ്പോയ നന്ദനാരുടെ സ്വപ്നത്തിൽ ചിദംബരനാഥൻ പ്രത്യക്ഷനായി. "നാളെ വാ" എന്ന കല്പന നൽകി കൈലാസനാഥൻ മാഞ്ഞു. പെട്ടെന്നു കണ്ണു തുറന്ന നന്ദനാർ താൻ കണ്ടത് നിജമല്ലെന്നും വെറും സ്വപ്നം മാത്രമാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ കുടിലിനകം മുഴുവൻ ഭസ്മത്തിന്റെ വാസന നിറഞ്ഞു നിന്നു. പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സമയമായെന്നു തിരിച്ചറിഞ്ഞ നന്തൻ അടുത്ത നാൾ തന്റെ യജമാനനായ ഭൂഉടമയോടു ചിദംബരം പോകാനുള്ള അനുവാദവും ചെലവിനുള്ള കാശും ചോദിച്ചു.

ബ്രാഹ്മണനായ ഭൂപ്രഭുവിനു നന്തന്റെ വാക്കുകൾ കേട്ടപ്പോൾ പരിഹാസമാതോന്നിയത്. “പറയനു ചിദംബര ദർശനമോ” എന്നു മനസ്സിൽ വിചാരിച്ച അയാൾ പരിഹാസ ഭാവത്തിൽ തന്നെ പറഞ്ഞു. "എന്റെ കൃഷിയൊക്കെ, ഉഴുതുവിത വിതച്ചു കൊയ്ത്തും നടത്തിയ ശേഷം പൊക്കോ". ഇതു കേട്ടു നന്തൻ അന്തം വിട്ടു. നാലായിരം പറക്കുള്ള കൃഷി, നിലം ഉഴുത് വിത വിതച്ചു കൊയ്ത്തു നടത്തി തനിക്കൊരിക്കലും ചിദംബര ദർശനം സാധ്യമാകില്ലെന്നു നന്തൻ തിരിച്ചറിഞ്ഞു. പാഴായിപ്പോയ തന്റെ ജന്മത്തെക്കുറിച്ചുള്ള കടുത്ത മനോവ്യഥയുമായി അന്നു രാത്രിയിൽ കൂരയിൽ കിടന്ന നന്തൻ അസാധാ രണമായ ഒരു സ്വപ്നം കണ്ടു.

ആകാശത്തു നിന്നു ഒരാൾ വെള്ളക്കാളയിൽ ഭൂമിയിലേക്കു വരുന്നു. അയാളുടെ തോളിൽ ഒരു നുകവും കണ്ടു: അയാൾ തന്റെ കാളയെ പൂട്ടി കൃഷിസ്ഥലം ഉഴുതു മറിച്ചു. അയാൾ തന്നെ ഞാറു നട്ടു. ഞൊടിയിട കൊണ്ടു ഞാറു വളർന്നു വലുതാകുന്നതും അതു വിളയുന്നതും വിളവു പാകമാവുന്നതും കാളവാഹനൻ തന്നെ അത് കൊയ്തെടുത്തു ഭൂവുടമയുടെ മുറ്റത്തു കൊണ്ടുപോയി കറ്റയിടുന്നതും നന്തൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവൻ ഉറങ്ങിപ്പോയി.

അതിശയത്തിന്റെ വാർത്ത കേട്ടു ആദ്യം ഞെട്ടിയുണർതു ഭൂ ഉടമയാണ്. തന്റെ മുറ്റം നിറയെ നൂറു മേനിയുടെ കൊയ്ത കറ്റകൾ: ഭൂ ഉടമ അമ്പരന്നു. നന്തൻ സാധാരണക്കാരനല്ലെന്നു തിരിച്ചറിഞ്ഞ അയാൾ നന്തനെ തേടി ഓടിയെത്തി. പാദത്തിൽ വീണു മാപ്പു പറഞ്ഞു. ഒപ്പം ചിദംബര യാത്രക്കുള്ള അനുവാദവും ധനവും കൊടുത്തു. അപ്പോൾ തന്നെ നന്തൻ യാത്ര തുടങ്ങി.

ആതിരാ രാവിന്റെ തലേ രാത്രി. ചിദംബരനാഥന്റെ പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ കിടന്നുറങ്ങിയവർ എല്ലാവരും ഒരേ തരം സ്വപ്നം കണ്ടു. നന്തനാർ എന്ന പരമഭക്തൻ അടുത്ത ദിനം ചിദംബരത്തിലെത്തുമെന്നും നന്തനെ യഥാവിധി സ്വീകരിക്കണമെന്നും ചിദംബരനാഥൻ നേരിൽ പറയുന്നതായിരുന്നു സ്വപ്നം. തിരുവാതിര പുലരിയിൽ ചിദംബരം മുഴുവൻ നിറഞ്ഞത് നന്തനെക്കുറിച്ചുള്ള വാർത്തയായിരുന്നു. നന്തന്റെ പെരുമയിൽ ഏറെ പേർ സന്തോഷിച്ചുവെങ്കിലും ക്ഷേത്രത്തിലെ പുരോഹിത വർഗ്ഗത്തിനു നന്തന്റെ വരവു ഇഷ്ടമായില്ല. ഒരു പറയൻ ചിദംബരക്ഷേതത്തിൽ കടക്കുകയോ? പുരോഹിത വർഗ്ഗത്തിനു അത് ഉൾക്കൊള്ളാനായില്ല. നന്തനെ സ്വീകരിക്കാൻ അവർ ഒരുക്കിയത് അഗ്നിയായിരുന്നു.

നന്തൻ വന്നു. അവൻ നടന്നു. അഗ്നിയിലൂടെ ക്ഷേത്ര വാതിലും ശ്രീകോവിൽ വാതിലും അവനു വേണ്ടി തുറക്കപ്പെട്ടു. നന്തൻ ശ്രീ കോവിന്നുള്ളിൽ കടന്നതും വാതിൽ താനെ അടഞ്ഞു. പിന്നെ ആരും നന്തനെ കണ്ടില്ല. ആയിരത്താണ്ടുകൾക്കു മുന്നേ തന്നെ ജാതിയെന്ന വിഷത്തെ മനസ്സിൽ താലോലിച്ച ക്ഷുദ്ര ജീവികൾ. ഇന്നും നമ്മുടെ ഇടയിൽ ആഗണത്തിൽ പെട്ടവർ ഉണ്ട്. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്ന വിഷ ജീവികൾ.


Share:

ഇഡ്‌ഡലി പുരാണം.

 തെന്നിന്ത്യൻ ഭക്ഷണമായി അറിയപ്പെടുന്ന ഇഡ്ഡലിയുടെ പെരുമ തമിഴകത്താണ് നിറഞ്ഞു നിൽക്കുന്നത്. രണ്ടായിരം വർഷം മുൻപു തന്നെ തമിഴകത്ത് ഇഡ്ഡലി ഉണ്ടായിരുന്നു....ആ കാലത്ത് വിധവകളായ സ്ത്രീകളുടെ ഉപജീവനമാർഗമായിരു ന്നു ഇഡ്ഡലി കച്ചവടം.

മധുരൈ മീനാക്ഷി ക്ഷേത്രം നിർമ്മിക്കുന്ന കാലത്ത് വിധവയായ ഇഡ് ഡലി കച്ചവടക്കാരി നൽകിയ ഇഡ് ഡലിക്കു വേണ്ടി കൈലാസനാഥൻ വടി കൊണ്ടുളള അടി വാങ്ങിയ കഥ തമിഴകത്തു പ്രസിദ്ധമാണ്. എന്നാൽ ആ കാലത്ത് ഇഡ് ഡലി എന്നല്ല ഇതിൻ്റെ പേര്.പിട്ട് എന്നായിരുന്നു. "പിട്ടുക്കാക പിരമ്പടിപട്ടവാ" എന്ന ശിവ സ്ത്രോത്രം ഇതിനു തെളിവാണ്. കേരളത്തിൽ 200 വർഷം മുൻപു തന്നെ പാലക്കാട് മേലാമുറിയിൽ ഇഡ് ഡലി കച്ചവടക്കാരികളുണ്ടായിരുന്നതായി തോൽപ്പാവക്കൂത്തിലെ ഒരു ശ്ലോകം
തെളിവു നൽകുന്നു.

" നാൻ പാലക്കാട് പോരുക്കു പോനേൻ ചന്ത മാമാ പരിശം വിറ്റ് പിട്ടു വാങ്കി തിന്നേൻ ചന്ത മാമാ'' എന്ന പാട്ട് ആ കാലത്ത്  പാലക്കാട് ജില്ലയിലും ഇഡ്  ഡലിയുടെ  പേര് പി ട്ട് എന്നായിരുന്നു എന്നതിനു തെളിവു നൽകുന്നു.ഗത കാലത്ത് പിട്ടു വിറ്റിരുന്ന കൊടുവായൂരിലെ ഒരു സ്ഥലം പിട്ടുപീടികയായി ഇന്നും അറിയപ്പെടുന്നു. എൻ്റെ ഗ്രാമത്തിലും പഴയ കാലത്ത് നിരവധിഇഡ് ഡലി കച്ചവടക്കാരികൾ ഉണ്ടായിരുന്നു. അതിൽ ഒരു സ്ത്രീ റിയപ്പെട്ടിരുന്നത് പിട്ടുക്കാരി മീനാക്ഷി എന്ന പേരിലാണ്. വീടുകളിൽ പിട്ട് ഉണ്ടാക്കി എടു വീടാന്തരം കൊണ്ടു പോയി വിൽക്കുകയായിരുന്നു രീതി.... ഗതകാലത്ത്
മൺകലത്തിലായിരുന്നു  അന് ഇഡ്ഡലി ഉണ്ടാക്കിരുന്നത്.

നല്ലേപ്പിള്ളി ഭാഗത്ത് ചട്ടിപിട്ട് എന്നൊരു തരം ഇഡ്ഡലിയും ഉണ്ടാക്കിയിരുന്നു.,
മൺചട്ടി തന്നെയായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും രാമശ്ശേരി ക്കാർ മൺകലം തന്നെയാണ് ഉപയോഗിക്കുന്നത്.



Share:

Sadananda Pulavar

Tholpava koothu artist