Indian traditions and cultural stories.

Ramayan - Ahalya

അഹല്യാമോക്ഷം.
സാധാരണ ഗതിയിൽ മോക്ഷമെന്ന പദം കൊണ്ടർത്ഥമാക്കുന്നത് ജനന മരണ ബന്ധിയായ സംസാരസാഗരത്തിൽ നിന്നു മോചനമാണ്. എന്നാൽ അഹല്യയുടെ കാര്യത്തിൽ നിശ്ചലതയിൽ നിന്നും നിരർത്ഥകതയിൽ നിന്നുമുള്ള മോചനമത്രേ !
അഹല്യയുടെ പിറവിയെക്കുറിക്കുന്ന പല കഥകളുമുണ്ട്. ചില കഥകളിൽ പുരൂവംശ ജാതയാണ് അഹല്യ . എന്നാൽ ബ്രഹ്മപുരാണത്തിൽ അയോനിജാതയായ സുന്ദരിയായിട്ടാണ് അഹല്യയെ വിശേഷിപ്പിക്കുന്നത്. ഇവളെ സൃഷ്ടിച്ചത് ബ്രഹ്മാവും . വിഷ്ണു പുരാണത്തിലും ബ്രഹ്മാവിൻ്റെ മാനസപുത്രിയാണ് അഹല്യ. ലോകത്തിലെ ഏറ്റവും സുന്ദരപദാർത്ഥങ്ങളിൽ നിന്നു സൃഷ്ടിച്ച അഹല്യയെ അതിവേഗത്തിൽ ലോകം ചുറ്റി വരുന്നവർക്ക് വിവാഹം ചെയ്തു കൊടുക്കാമെന്നു ബ്രഹ്മാവ് വിളംബരം ചെയ്തു. ദേവനാഥൻ ഇന്ദ്രൻ അതിവേഗം ലോകം ചുറ്റിവന്നെങ്കിലും സുരഭിയെ വലം ചെയ്ത ഗൗതമനാണ് അഹല്യക്കു അർഹൻ എന്ന നാരദവചനം സ്വീകരിക്കപ്പെടുന്നു. 
സ്‌ത്രൈണ സൗന്ദര്യത്തിൻ്റെ വശ്യത മുഴുവൻ നിറഞ്ഞ ആകാരവടിവിൻ്റെ അഹല്യയെ കിട്ടാതെപ്പോയ മോഹഭംഗം കാലം കഴിഞ്ഞും ഇന്ദ്രൻ്റെ മനസ്സിൽ ബാക്കി നിന്നു.
ഗൗതമനുമൊത്തുള്ള ആശ്രമ ജീവിതത്തിൻ്റെ ലാളിത്യത്തിൽ കാലങ്ങൾ പലതു കഴിഞ്ഞു. അഴലില്ലാതെ നീങ്ങിയ അഹല്യ ഒരാൺകുഞ്ഞിനു ജന്മവും നൽകി. എന്നാൽ അപ്പോഴും ഇന്ദ്ര മനസ്സിൽ നൈരാശ്യത്തിൻ്റെ
കനൽ കെടാതെ കിടന്നു . മോഹഭംഗത്തിൻ്റെ നോവ് തീർക്കാൻ ഒരു നാൾ നിശയിൽ ഇന്ദ്രൻ ഗൗതമാശ്രമസമീപമെത്തി. പിന്നെ പൂവൻ കോഴിയായി നിന്നു ഗൗതമനെ കൂവിയുണർത്തി. പ്രഭാതമെത്തിയെന്ന ധാരണയിൽ ഗൗതമ മഹർഷി സ്നാനം ചെയ്യാനായി പുഴയിലേക്കു നടന്നു.
ഗൗതമൻ നടന്നകലുന്നതു കണ്ട ഇന്ദ്രൻ ഗൗതമൻ്റെ വേഷത്തിൽ ആശ്രമത്തിനകത്തേക്കു കടന്നു അഹല്യയെ വാരിപുണർന്നു. തന്നെ കരവലയത്തിലൊതുക്കിയതു യഥാർത്ഥ ഭർത്താവല്ല എന്നറിഞ്ഞിട്ടും ഇന്ദ്രൻ്റെ കാമത്തിനു പൂർണ്ണമനസ്സോടെ തന്നെ അഹല്യ വഴങ്ങി കൊടുത്തു. ഋഷി തിരികെ വരുന്നതിനു മുൻപേ ഓടി രക്ഷപ്പെടാൻ അഹല്യ ഉപദേശിച്ചുവെങ്കിലും ഇന്ദ്രന്നു കഴിഞ്ഞില്ല. നദിയുണരാത്തതു കണ്ടു സ്നാനം ചെയ്യാതെ തന്നെ അതിവേഗത്തിൽ തിരിച്ചെത്തിയ ഗൗതമൻ്റെ കണ്ണിനു മുന്നിൽ ഇന്ദ്രൻ കുടുങ്ങി. കാമം തീർക്കാനായി കപടനാടകമാടിയ ഇന്ദ്രൻ്റെ മേനി മുഴുവൻ യോനികൾ നിറയട്ടെ എന്നു ഗൗതമൻ ശപിച്ചു. മുനിശാപത്താൽ ഇന്ദ്രൻ്റെ വൃഷണങ്ങൾ അറ്റുവീണു. ആശ്രമാന്തർഭാഗത്തു വിറങ്ങലിച്ചു നിന്ന അഹല്യയുടെ മനസ്സ് വികാരവിചാരങ്ങൾ, എല്ലാം ഒടുങ്ങി ശിലാ സമാനമായി മാറട്ടെയെന്ന ശാപമാണ് ഗൗതമൻ്റെ നാവിൽ നിന്നടർന്നു വീണത്.
ശാപമോചനത്തിനു രാമാവതാരം വരെ കാത്തിരിക്കാൻ പറഞ്ഞ ഗൗതമൻ നടന്നകന്നു.
കാനനത്തിൻ്റെ ഏകാന്തതയിൽ മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്നീ അന്ത:ക്കരണങ്ങൾ നാലുമടക്കി അഹല്യ ധ്യാനത്തിലാണ്ടു. പകലിരവുകളുടെ മാറ്റമോ ഋതുഭേദങ്ങളുടെ യാത്രയോ അവർ അറിഞ്ഞില്ല. നിർവികാരതയുടെ നീൾച്ചയിൽ കാലവും നടന്നകന്നു, രാമാവതാര കാലത്തേയും മറന്നു നിന്ന മനസ്സ് ഒരു നാൾ സ്നേഹത്തിൻ്റെ സാമീപ്യം തിരിച്ചറിഞ്ഞു.
കണ്ണു തുറന്ന അഹല്യ കണ്ടത് തന്നെ വന്ദിക്കുന്ന ശ്രീരാമലക്ഷ്മണന്മാരെയാണ്. കാർമുകിൻ വർണ്ണനെ അഹല്യ അനുഗ്രഹിച്ചു. നീണ്ട ധ്വാനത്തിലൂടെ മനസ്സിലെ മാലന്യങ്ങളകന്ന അഹല്യയെ ഗൗതമന്നു തിരികെ നൽകിയ ശേഷമാണ് രാമൻ വിദേഹത്തേക്കു യാത്രയായത്.

രാജാരവിവർമ്മ ചിത്രം: അഹല്യ :
Share:

Sadananda Pulavar

Tholpava koothu artist