അന്ന് സത്യമുണ്ടായിരുന്നില്ല , അതിനാൽ തന്നെ അസത്യവും. നന്മയും അന്നുണ്ടായിരുന്നില്ല അതിനാൽ തന്നെ തിന്മയും. അന്ന് അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു ...നാരായണൻ ... പരമാത്മ സ്വരൂപനായ നാരായണൻ. പിന്നെ കാലവും.. ഒന്നുമറിയാതെ , 'എങ്കിലും എല്ലാമറിഞ്ഞു യോഗനിദ്രയിലാണ്ടിരുന്ന നാരായണന്റെ കാതിൽ കാലം ചെന്നു ഒരു നാൾ ഓർമയൂട്ടി.." ഭഗവാനെ സൃഷ്ടിക്കു സമയമായിരിക്കുന്നു.." പെട്ടെന്നു മിഴി തുറന്ന നാരായണനിൽ ഇച്ഛയുണ്ടായി : സൃഷ്ടി നടത്താൻ. സൃഷ്ടിയുടെ വൈവിധ്യങ്ങൾ മുഴുവൻ ഉള്ളടങ്ങിയിരുന്നത് നാരായണന്റ ഉദരത്തിലായിരുന്നു. അവിടെ നിന്നു തന്നെയാണ് ആദ്യമൊരു താമരയും അതിലൊരു ബ്രഹ്മാവും പിറന്നത്. താൻ എന്തിനു പിറന്നു എവിടെ നിന്നു പിറന്നു എന്നറിയാതെ ദിക്കു നാലിലേക്കും നോക്കിയ ബ്രഹ്മാവിനു നാലു തലയുണ്ടായി.. തല നാലിലെ എട്ടു കണ്ണുകളും ദിശകളും മേലും കീഴും തെരഞ്ഞൊടുവിൽ ഒരു താമര തണ്ടു കണ്ടു. താനിരിക്കുന്ന താമരയുടെ തണ്ടിലൂടെ ഉല്പത്തിയുടെ കാരണം തേടി ബ്രഹ്മാവിന്റെ മനസ്സ് യാത്ര തുടങ്ങി... യുഗങ്ങൾ പിൻവാങ്ങിയെങ്കിലും പിറവിക്കൊരു കാരണം കണ്ടെത്താൻ ബ്രഹ്മാവിനു കഴിഞ്ഞില്ല. തോറ്റു പിൻ മടങ്ങിയ ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ ഒടുവിൽ ധ്യാനത്തിനൊരുങ്ങി.. കണ്ണുകൾ എട്ടും പൂട്ടി : അന്തക്കരണങ്ങളും നിശ്ചലമായി. ഒരൊറ്റ നിമിഷമേ ധ്യാനം വേണ്ടി വന്നുള്ളു. സത്യമറിയാൻ : താൻ നാരായണന്റെ നാഭികമലത്തിൽ പിറന്നവനാണെന്നും സൃഷ്ടിയാണ് സൃഷ്ടിക്കു കാരണമെന്നും അറിഞ്ഞ ചതുർമുഖൻ സൃഷ്ടിക്കൊരുങ്ങി..... ആദ്യം പിറന്നത് സനകാദികളികളായിരുന്നു. സനകൻ, സനന്ദനൻ , സനാതനൻ , സനൽകുമാരൻ എന്നിവർ.. സൃഷ്ടിക്കു സഹായിക്കണമെന്ന ചതുർമുഖന്റെ അപേക്ഷ ഉണ്ടായപ്പോൾ സനകാദികൾ പറഞ്ഞു " നാരായണ നാമ ജപത്തേക്കാൾ മറ്റൊരു കാര്യവും വലുതല്ല. "
ഈ സനകാദികളാണ് രാവണന്റെ പിറവിക്കു കാരണം. അന്നൊരു ഇളം സന്ധ്യയുടെ നേരത്ത് നാരായണ ദർശനത്തിലെത്തിയ സന കാദികളെ വൈകുണ്ഠം കാവൽക്കാരായ ജയ വിജയന്മാർ തടഞ്ഞു.. പിതൃതുല്യനായ കമലാകാന്തന്റെ ദർശനം തടഞ്ഞ കാവൽക്കാരെ സനകാദികൾ ശപിച്ചു ... "പോവുക ഭൂവിലേക്കു , ജന്മം ഏഴെടുക്കുക. "" അപരാധം പൊറുക്കാൻ കരഞ്ഞ കാവൽക്കാരുടെ ഏഴിനെ മൂന്നാക്കി കൊടുത്തു നാരായണൻ ഉപാധിയോടെ.. മൂന്നും അധർമത്തിന്റെ താവും പിറവി.... മരണം എന്റെ കൈ കൊണ്ടും.
ഒന്നാം ജന്മം ഹിരണ്യനും ഹിരണ്യാക്ഷനും : അവരെ: കൊല്ലാൻ നാരായണനു വരാഹവും നൃപസിംഹവുമാവേണ്ടി വന്നു... കൃതയുഗമടങ്ങി ത്രേതായുഗം വന്ന നാളിൽ രണ്ടാമത്തെ ജന്മത്തെ കാത്തു കിടന്ന ജയ വിജയന്മാരുടെ ആത്‌മാക്കളോടു നാരായണൻ കല്പിച്ചു.. "പോവുക ഭൂവിലേക്കു രാവണനായും കുംഭകർണ നായും പിറക്കുക. ഞാൻ രാമനായി പിറകേ എത്തും... കർമ ബന്ധമകറ്റാൻ ... "
രാവണന്റെ പിറവിക്കു കാരണമാരാണ് ? രാമനായി പിറന്ന നാരായണൻ തന്നെ. എന്തിനായിരുന്നു രാമാവതാരം? ജയ വിജയന്മാർക്കു കൊടുത്ത സത്യം പാലിക്കൻ. രാവണനെ കൊണ്ടു എല്ലാം ചെയ്യിച്ചതും അവൻ തന്നെ. "അണ്ഡം പലവും അനൈത്തുയിരും അകത്തു പുറത്തുമുരുവാക്കി ....... പണ്ടു മിൻറുമമൈക്കിൻറ പടിയെ പരമേട്ടി : " (കമ്പർ: ബ്രഹ്മാസ്‌ത്രപടലം )..
എല്ലാം അവനിൽ നിന്നു പിറക്കുന്നു. കാലം തീർന്നാൽ എല്ലാം അവനിൽ ലയിക്കും..
അവൻ തന്നെയാണ് രാമൻ.
അവൻ തന്നെ രാവണനും..
ധർമം അവനാണെങ്കിൽ അധർമവും അവൻ തന്നെ... അവനിൽ എങ്ങിനെ രാമനും രാവണനും ഉണ്ടോ അതേ പോലെ നമ്മിലും രാമനും രാവണനുമുണ്ട്. രാമ രാവണ യുദ്ധം പുറത്തല്ല നമ്മുടെ അകത്തു തന്നെയാണ് നടക്കുന്നത്... ഇന്ദ്രിയസുഖങ്ങൾക്കു കീഴടങ്ങി അധർമത്തിന്റെ വഴി നടന്നാൽ നാം രാവണനിലെത്തും ഇന്ദ്രിയസുഖങ്ങളെ കീഴടക്കി ധർമത്തിന്റെ വഴിയെ ചരിക്കാനായാൽ രാമനുമാവാം. രാമായണ പാരായണത്തോടൊപ്പം രാമനെ വായിക്കാൻ കഴിയണം - രാമനെ വായിച്ചാൽ രാമനെ അറിയാനായാൽ അതിന്റെ ഗുണമെന്തെന്ന് കമ്പർ ഇപ്രകാരം പറയുന്നു:
"നാടിയ പൊരുൾ കൈ കൂടും ജ്ഞാനവും പുകഴും ഉണ്ടാം.
വീടിയൽ എളിയതാകും വേറിയം കമലൈ നോക്കാം ,
നീട്ടിയോർ അരക്കർ സേ നൈ നീരു പട്ടഴിയ വാകൈ