കൈകേയിയും കൗസല്യയും :
രാമകഥയിലെ മാതൃത്വത്തിന്റെ ഇരു മുഖങ്ങളാണ് കൈകേയിയും കൗസല്യയും. രണ്ടു പേരും ദശരഥ രാജാവിന്റെ പത്നിമാരാണെങ്കിലും കൗസല്യയെ നന്മയുടെ രൂപമായും കൈകേയിയെ തിന്മയുടെ രൂപമായും കാണുക പതിവാണ്.
എന്നാൽ കമ്പരിലേക്കു ആഴത്തിലേക്കു ഇറങ്ങി ചെല്ലുമ്പോൾ കൗസല്യയെക്കാൾ എത്രയോ ഉയരത്തിലാണ് കൈകേയിയുടെ സ്ഥാനമെന്നു കാണാനാവുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ കരഞ്ഞു കണ്ണീർ വാർക്കുന്ന ദുർബലയായ സാധാരണ സ്ത്രീയാണ് കൗസല്യയെങ്കിൽ കൈ കേയി ക്ഷാത്രവീര്യത്തിന്റെ നേരടയാളമാണ്. ഇതിനു ഏറ്റവും മികച്ച തെളിവ് സമ്പരാസുര യുദ്ധം തന്നെയാണ്. സമ്പര നോടുള്ള പോരിന്റെ വേളയിൽ ദശരഥന്റെ തേരിന്റെ അച്ചാണി നഷ്ടപ്പെട്ടപ്പെട്ടപ്പോൾ യാതൊരു പതർച്ചയും കൂടാതെ തന്റെ വിരലൊന്നിനെ അച്ചാണിയാക്കിയ കൈകേയിലല്ലാതെ ആരിലാണ് ക്ഷാത്രവീര്യം കണ്ടെത്താനാവുക?
അമ്മയാണ് ആദ്യ ഗുരു, അമ്മയിൽ നിന്നാണ് അറിവു തുടങ്ങുക എന്ന സത്യത്തെ തിരിച്ചറിഞ്ഞ കമ്പർ ശ്രീരാമനെ വളർത്താൻ ഏല്പിച്ചത് കൈകേയിയേയാണ്.
കാരണം പ്രതിസന്ധികളെ അതിജയിക്കാനുള്ള ശിക്ഷണം രാമനു ആവശ്യമായിരുന്നു , അത് പകർന്നു കൊടുക്കാനുള്ള യോഗ്യത കൈകേയിക്കു മാത്രമാണ് എന്നു കണ്ടതിനാലാണ് രാമനെ വളർത്താൻ കൈകേയിയെ തെരഞ്ഞെടുത്തത്.
പകരം ഭരതനെ കൗസല്യക്കും കൊടുത്തു.
ഭരതനിൽ വിരക്‌തിയുടെ ഭാവം തെളിഞ്ഞു നിൽക്കാൻ കാരണവും കൗസല്യ വളർത്തിയതിനാലാണ്.
കൈകേയിയെ തിന്മയുടെ ആൾരൂപമായി ഏവരും തെറ്റിദ്ധരിക്കാൻ കാരണം രാമന്റെ വനവാസത്തിനു അവർ ഹേതുവായി എന്നതാണ്. എന്നാൽ വിവാഹ വേളയിൽ കൈ കേയിയുടെ ഗർഭത്തിൽ പിറക്കുന്നവന്നു കിരീടം കൊടുക്കാം എന്നു അഗ്നിയെ സാക്ഷി നിർത്തി ദശരഥൻ കേകയ രാജാവിനു നൽകിയ സത്യത്തെ രക്ഷിക്കാൻ കൈകേയിക്കു മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാലാണ് അവർ അപ്രകാരം ചെയ്തതെന്നാണ് പണ്ഡിതമതം.
രാമനിൽ കാണുന്ന സർവ ഗുണങ്ങളുടെയും ഉറവിടം കൈകേയിയാണ്. കാരണം കൗസല്യയെക്കാൾ രാമന്നെ സ്നേഹിച്ചതും രാമനെ വളർത്തിയതും കൈകേയിയാണ്. കൈ കേയിയോടു തന്നെയായിരുന്നു രാമനു കൂടുതൽ ഇഷ്ടവും.