മനുഷ്യ സഹജമായ കാമം ക്രോധം ദുഃഖം തുടങ്ങിയ വികാരങ്ങൾക്കടിമപ്പെടുന്ന പച്ച മനുഷ്യനായ രാമനെയാണ് കമ്പരാമായണത്തിലെ ബാലകാണ്ഡം മുതൽ സുന്ദരകാണ്ഡം വരെയുള്ള ഭാഗങ്ങളിൽ കാണാനാവുക.
എന്നാൽ യുദ്ധകാണ്ഡത്തിലെ രാമൻ മറ്റൊരാളായി മാറുന്നു.
ധർമ്മത്തിന്റെയും ക്ഷത്രിയ ചര്യകളുടെയും കാവലാളായി വില്ലേന്തി നിൽക്കുന്ന യഥാർത്ഥ പോരാളിയാണ് യുദ്ധകാണ്ഡത്തിലെ രാമൻ .
ലങ്കയിലെത്തിയ ശേഷം അംഗദനെ ദൂതനായി രാവണന്റെ സമീപത്തേക്കയക്കാൻ എതിർ വാക്കു പറഞ്ഞ ലക്ഷ്മണനെ രാമൻ തിരുത്തുന്നത് ക്ഷത്രിയ ധർമത്തെ പാലിക്കേണ്ട ആവശ്യകതയെ എടുത്തു കാട്ടിയാണ്. ഒരു യുദ്ധം തുടങ്ങുന്നതിനു മുൻപ് ദൂതൻ മുഖാന്തിരം സന്ധിസംഭാഷണം നടത്തണമെന്ന ക്ഷത്രിയ ധർമത്തെ അനുസരിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നു രാമൻ ലക്ഷ്മണനെ ഓർമപ്പെടുത്തുന്നു.
നിരായുധനായ ശത്രുവിനെ വധിക്കരുതെന്ന നിയമം പ്രഥമ യുദ്ധവേളയിലും കുംഭകർണപ്പോരിന്റെ നേരത്തും രാമൻ പാലിക്കുന്നു.
രാവണവധാനന്തരം രാമന്റെ സ്വഭാവത്തിൽ പിന്നെയും കാണാം മാറ്റം.
രാവണന്റെ തടവിലുണ്ടായിരുന്ന സീതയെ സ്വീകരിക്കുകയാണെങ്കിൽ അത് തന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്നു ഭയക്കുന്ന ഒരു രാമനെയാണ് പിന്നീട് കാണാനാവുന്നത്.
സ്വന്തം ഭാര്യയെ തടവിൽ നിന്നു രക്ഷിക്കാനാവാത്തവനാണ് രാമൻ എന്ന അപവാദം തന്റെ യശസ്സിനു കളങ്കം ചാർത്താതിരിക്കാൻ വേണ്ടിയാണ് താൻ വാനരസൈന്യത്തേയും കൂട്ടി സാഗരം കടന്ന് ലങ്കയിലെത്തി രാവണവധം നടത്തിയതെന്നും നിന്നെ രക്ഷിക്കാനല്ല അത് എന്ന് സീതയുടെ മുഖത്തു നോക്കി രാമൻ പറയുമ്പോൾ സീതയെ പോലെ നാമും അന്തം വിട്ടു പോവും.