സർവാധിപത്യത്തിന്റെ ചെങ്കോൽ , ആയിരം വെള്ളം സൈന്യം ,ഉപദേശിക്കാൻ 64 മന്ത്രിമാർ.. എന്നിട്ടുമെന്തേ രാവണനു വഴിതെറ്റി...?
" കേടു കെട്ട മന്ത്രിയാൽ അര ശൂക്കീനം ...." എന്നാണ് കമ്പർ പറഞ്ഞത് : ദുഷ്ടന്മാരായ മന്ത്രിമാർ മൂലം രാജ്യം നശിക്കും. ഭയം കാരണം ചെങ്കോലേന്തുന്നവന്റെ അപഥ സഞ്ചാരത്തെ ചോദ്യം ചെയ്യാനാവാതെ മൗനം പാലിക്കുന്ന മന്ത്രിയും ദുഷ്ടൻ തന്നെ. ആരാണ് യഥാർത്ഥ മന്ത്രി ? അതിനുത്തരവും കമ്പരാമായണത്തിലുണ്ട്.
" അളന്തരി ഉരയാരായവർ "
അതായത് അളന്നു ഗണിച്ചു അറിവിനെ ഉപദേശിക്കുന്നവരാണ് യഥാർത്ഥ മന്ത്രിമാർ . ഇത്തരം ഗുണമുള്ള ഒത്തൊരുത്തനും രാവണന്റെ മന്ത്രിസഭയിലുണ്ടായിരുന്നില്ല. ഉണ്ടാവതെയല്ല . അസഹിഷ്ണുതയുടെ ആകെത്തുകയായിരുന്നു രാവണൻ . അനിഷ്ടത്തിന്റെ വചനമോതിയാൽ അവൻ ആരാണെങ്കിലും ശിക്ഷ ഉറപ്പായിരുന്നു.
പ്രഥമ യുദ്ധത്തിൽ തോറ്റു അഹങ്കാരത്തിന്റെ ആണിവേർ നഷ്ടപ്പെട്ട നിലയിൽ ഇരുന്ന രാവണനോടു മാല്യവാൻ തന്നെ ഇതു തുറന്നു പറയുന്നുമുണ്ട്.
" മുന്നുരൈത്തോനെ വാളാൽ മുനിന്തന" ...... അന്ന് സീതാപകരണത്തെ എതിർത്ത മാരീചനെ നീ വെട്ടിക്കൊല്ലാൻ നിന്നു..പിന്നെയോ നല്ലതു പദേശിച്ച വിഭീഷണനെ ലങ്കയിൽ നിന്നു ഓടിച്ചു വിട്ടു..നിന്റെ വാക്കിനു എതിർ വാക്കു പാടില്ലെന്നതാണ് നിന്റെ നിയമം പിന്നെ ആരാണ് നിനക്കു സത്യത്തെ ബോധ്യപ്പെടുത്തുക.? ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ കൂടിയാലോചന നിർബന്ധമാണെന്ന രാജനീതിയെ രാവണനും പിന്തുടരുന്നുണ്ടെങ്കിലും ചെവി ഇരുപതുണ്ടായിട്ടും മറ്റുള്ളവരെ കേൾക്കാൻ തക്ക ഒരു കാതും ഇല്ലാത്ത രാവണന്റെ കൂടിയാലോചന വെറും പ്രഹസനമായിരുന്നു - ജീവനിൽ കൊതിയുള്ള കാരണത്താൽ എല്ലാ മന്ത്രിമാരും സ്തുതി പാടുക മാത്രമാണ് ചെയ്തിരുന്നത്.
ഒരു രാജാവ്, അല്ലെങ്കിൽ ഒരു വ്യക്തി അവൻ എത്ര വലിയ അറിവുള്ളവനാണെങ്കിലും, ബുദ്‌ധി മാനാണെങ്കിലും പ്രധാന കാര്യങ്ങളിൽ അന്യരുടെ അഭിപ്രായം ആരായണമെന്നു ശ്രീരാമനിലൂടെ കമ്പർ ഉപദേശിക്കുന്നു. ലങ്കയിൽ നിന്നു വന്ന വിഭീഷണനെ സ്വീകരിക്കുന്നതിനു മുൻപ് എല്ലാവരുടെയും അഭിപ്രായം ശ്രീരാമൻ ആരായുന്നുണ്ട്.
ഒടുവിൽ അനുഭവത്തിന്റെ കഥ പറഞ്ഞ ഹനുമാന്റെ വാക്കുകൾക്കാണ് ശ്രീരാമൻ വില നൽകിയത്. അംഗദനെ ദൂതനായി അയക്കുന്നതിനു മുൻപും വിഭീഷണന്റെയും ലക്ഷ്മണന്റെയും അഭിപ്രായം ശ്രീരാമൻ ചോദിക്കുന്നുണ്ട്. നല്ലതു ചെയ്യുകയാണെങ്കിലും നാലാളോടു ചോദിച്ചു ചെയ്യണമെന്നു നാട്ടിൻപുറത്തും ചൊല്ലുണ്ട്.