Indian traditions and cultural stories.

Showing posts with label Chinakathoor Pooram. Show all posts
Showing posts with label Chinakathoor Pooram. Show all posts

പൂതനും തട്ടാനും | Poothan and Goldsmith





നിളയോരമണ്ണിൽ പൂത്തു നിറയുന്ന കാവുത്സവങ്ങളുടെ നാളുകളിൽ നാട്ടുവഴികളിൽ പിന്നെ ഉത്സവ പറമ്പുകളിൽ കാഴ്ച ചന്തമാവുന്ന ഒരു കലാരൂപമാണ് പൂതൻ. കാൽത്തളകിലുക്കി, കൈവള കുലുക്കി. തുടി താളത്തിനൊത്തു ചുവടുകൾ വെക്കുന്ന പൂതത്തിനെക്കുറിച്ചു കഥകളും ഐതീഹ്യങ്ങളുമുണ്ട് - ഐതിഹ്യങ്ങളിൽ പ്രധാനം കാളിയുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പൂതന്റെ  പിറവിയെക്കുറിക്കുന്ന നാട്ടുചൊല്ലുകൾ തട്ടാനുമായി ബന്ധപ്പെട്ട കഥകൾക്കാണ് ഊന്നൽ നൽകുന്നത്. ഈ കലാരൂപവുമായി ബന്ധപ്പെട്ടവർ പകർന്നു തന്ന കഥയാണ്  ഇത്തിരി ഹാസ്യവും ചേർത്തി ഇവിടെ പറയുന്നത്. 

പണ്ടു പണ്ടു നിളാതീരത്തൊരു പൂതൻ കാടു പാർത്തിരുന്നു. കാടകത്തെ വള്ളികളിൽ ഊഞ്ഞാലാടിയും കാട്ടു കിഴങ്ങുകൾ തിന്നും അല്ലലേതുമില്ലാതെ പൂതൻ വാണിരുന്നു. ഉഷ്ണത്തിന്റെ നാളിൽ നിളയിലെ ശൈത്യത്തിലിറങ്ങി നീരാടിയും നീന്തിത്തുടിച്ചും നടക്കുക പതിവായിരുന്നു. ഒരു നാൾ ഒരുച്ചയുടെ നേരത്തു പരൽ മീനുകൾ പുളയുന്ന വെള്ളത്തിലിറങ്ങി ആഴത്തിൽ മുങ്ങവേ പൂതത്തിനൊരു ചെപ്പു കിട്ടി.. ചെപ്പിനകം മുഴുവൻ സ്വർണമാവുമെന്നു കരുതിയ പൂതത്തിനു അകതാരിൽ മോഹം നിറഞ്ഞു. "കാതിലൊരു കടുക്കൻ, അരയിലൊരു അരത്താലി. പിന്നെ മാറിൽ മനോഹരമായ മാർത്താലി കൈവള, കാൽത്തള. നീണ്ടു നീണ്ടു പോയ മോഹങ്ങൾക്കിടയിൽ  പൂതം ചെപ്പു തുറന്നു നോക്കാൻ മറന്നു പോയി. സ്വർണത്തിന്റെ നിറം പൂശിയ ആശകളുമായി തട്ടാനെ തെരഞ്ഞു നടന്ന പൂതൻ ഒടുവിൽ അയാളെ കണ്ടത്തി. തനിക്കു കിട്ടിയ ചെപ്പു തട്ടാന്റെ മുന്നിൽ വെച്ച ശേഷം പൂതൻ രണ്ടടി മാറിനിന്നു.


കൈ രണ്ടും കെട്ടി നിന്ന പൂതത്തിനോടു തട്ടാൻ.
ചോദിച്ചു:
"ഇത് എവിട്ന്നാ കിട്ട്യേ ?" 
"പൊഴേന്നാ" പൂതൻ പറഞ്ഞു.
"തൊറന്നു നോക്കിയോ നീ ?"
ഇല്ലെയെന്ന അർത്ഥത്തിൽ പൂതൻ തലയാട്ടി.
"എന്താ ഇപ്പോ വേണ്ടേ"? തട്ടാൻ ചോദിച്ചു:
പുതൻ തന്റെ മനസ്സിലെ മോഹങ്ങളെ ഓരോന്നായി പറഞ്ഞു. എല്ലാം കേട്ട തട്ടാൻ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അതു കേട്ട പൂതം ഏറെ സന്തോഷത്തോടെ നടന്നകന്നു. പൂതൻ ഇടവഴി താണ്ടി അകന്ന ശേഷം ചെപ്പു തുറക്കാൻ തട്ടാനു ഏറെ ശ്രമിക്കേണ്ടി വന്നു. ആണ്ടുകൾ ഏറെയായി തുറക്കാത്ത ചെപ്പാണെന്നു തട്ടാനു ഉറപ്പായി. ചെപ്പിനകം മുഴുവൻ സ്വർണം കണ്ടമ്പരന്ന തട്ടാന്റെ നെഞ്ചിൽ കാപട്യതയുടെ ചോദ്യമുയർന്നു." കാടു വാഴുന്ന പൂതത്തിനെന്താ പണ്ടം" ? ചെപ്പിനകത്തെ സ്വർണം മുഴുവൻ എടുത്തു മാറ്റിയ തട്ടാൻ പകരം കല്ലും കരിക്കട്ടയും ചെപ്പിൽ നിറച്ചു വെച്ചു. പക്ഷമൊന്നു കഴിഞ്ഞു പണ്ടം തെരത്തെത്തിയ പൂതത്തിന്റെ നേർക്കു ചെപ്പു വലിച്ചെറിഞ്ഞ ശേഷം തട്ടാൻ ആക്രോശിച്ചു.

"കല്ലും കരിയും നിറച്ച ച്ചെപ്പു കൊണ്ടുവന്നു ആളെ പറ്റിക്കാൻ നോക്ക്വാ?". 
പൂതൻ അമ്പരന്നു. വെപ്രാളത്തോടെ ചെപ്പു തുറന്നു നോക്കിയ പൂതൻ കല്ലും കരിക്കട്ടയും കണ്ടു തനിക്കു പറ്റിയ അബദ്ധത്തെയോർത്തു നാവു കടിച്ചു. ഒരു വാക്കു പറയാനാവാതെ ചെപ്പുമെടുത്തു നടന്നകന്ന പൂതൻ ഏറെ കഴിഞ്ഞാണറിഞ്ഞത് തട്ടാൻ തന്നെ ശരിക്കും പറ്റിക്കുകയായിരുന്നു എന്ന സത്യം. പിന്നെ തെരഞ്ഞു പോയ പൂതത്തിനു തട്ടാനെ കണ്ടെത്താനുമായില്ല. അപ്പോഴേക്കും അയാൾ ഏഴു നാടു താണ്ടിയ സ്ഥലത്തേക്കു താമസം മാറ്റിയിരുന്നു. തന്നെ പറ്റിച്ച പൂതനെ തെരഞ്ഞാണ് പൂതൻ ഉത്സവക്കാലത്ത് നാടു നടക്കുന്നതെന്നാണ് വിശ്വാസം. 


നാവു കടിച്ച രൂപത്തിൽ പൂതത്തെ കാണാന്നും കാരണമിതാണത്രേ ! ഡും ഡും ഡും ഡും ഡുംഡുംഡും ഡും ഡും എന്ന തുടിതാളം കണ്ടോ കണ്ടോ തട്ടാനെ കണ്ടോ എന്ന അന്വേഷണമാണെന്നും  എന്ന വിശ്വാസം നിളയോരത്തെ പൂതന്റെ പിറവിക്കഥയായി നില കൊള്ളുന്നു. ഇതു കൂടാതെ കണ്ണകിക്കഥയിലെ ചിലമ്പുകട്ട തട്ടാനെയാണ് പൂതൻ നെരയുന്നതെന്ന വിശ്വാസവും നിലനിൽക്കുന്നു.



Share:

തോൽപ്പാവകൂത്തും ചിനക്കത്തൂരും. | Shadow Puppetry | Tholpava koothu at Chinakathoor temple

Chinakathoor Temple Kooth madam(Stage) | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Chinakathoor Temple Tholpava Kooth Performance

 പണ്ടൊരു നാളിൽ ചുരം കടന്നെത്തി കുത്തനൂരിൽ തമ്പു പാർത്ത മന്നാടിയാർ സമുദായക്കാരായ കൈത്തറി നെയ്ത്തുകാർ കേരളത്തിനു നൽകിയ നിഴൽ നാടകമാണ് തോൽപ്പാവകൂത്ത്. കമ്പരാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ ഈ കലാരൂപം ഇപ്പോഴും എൺപതിലധികം കാളികാവുകളിൽ ഉത്സവത്തോടനുബന്ധിച്ച് സ്ഥിരമായി നടത്തിവരുന്നു. എങ്കിലും പാലപ്പുറം ചിനക്കത്തൂർ കാവ്, എഴക്കാട് കുന്നപ്പുള്ളിക്കാവ്, പെരിങ്ങോട്ടു കുർശി മന്ദത്തു കാവ്, കണ്ണിയമ്പുറം കിള്ളിക്കാവ് തുടങ്ങിയ വളരെ കുറച്ചു കാവുകളിൽ മാത്രമാണ് ചിട്ടപ്രകാരമുള്ള പാവകൂത്ത് അവതരിപ്പിക്കപ്പെടുന്നത്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന്  തോൽപ്പാവകൂത്ത് അവതരിപ്പിക്കാനറിയാവുന്ന കലാകാരന്മാരുടെ കുറവാണ്.

പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ തോൽപ്പാവകൂത്തിനു രണ്ടു നൂററാണ്ടിന്റെയെങ്കിലും കാലപഴക്കം ഉണ്ടാവും. തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘം തന്നയാണ് ഇവിടെ തോൽപ്പാവകൂത്തിനു നേതൃത്വം നൽകി വരുന്നത്. ആദ്യകാലത്ത് പതിനാലു ദിവസത്തെ കൂത്താണ് ചിനക്കത്തൂരിൽ നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകളുടെ എണ്ണം കൂട്ടിയപ്പോൾ കൂത്തിന്റെ എണ്ണം പഴി നേഴാക്കി വർദ്ധിപ്പിക്കുകയാണുണ്ടായത്. പതിനേഴു കൂത്തിൽ ആദ്യത്തെ കൂത്ത് ദേവസ്വം വകയും, ഒടുവിലത്തേത് മാനേജിങ് ട്രസ്റ്റിയായ ഏറന്നൂർ മന വകയുമാണ്. ബാക്കി പതിനഞ്ചിൽ ഏഴു കൂത്തുകൾ വടക്കു മംഗലം , പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന , എറക്കാട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം എന്നീ ദേശക്കമ്മിറ്റികളുടെ വകയും ബാക്കി എട്ടെണ്ണം സ്വകാര്യ വ്യക്തികളുടെ വഴിപാട് കൂത്തുമാണ്.

 .പതിനാലു ദിവസം മാത്രം കൂത്തു നടന്നിരുന്ന കാലത്തേതു പോലെ ഇപ്പോഴും യുദ്ധകാണ്ഡത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കുക. സ്ഥിരമായി തോൽപ്പാവകൂത്തു നടക്കുന്ന കാവുകളിലെല്ലാം തന്നെ കൂത്തു അവതരിപ്പിക്കാ:ൻ സ്ഥിരമായ വേദിയുണ്ടാവും. കൂത്തുമാടം എന്ന പേരിലറിയപ്പെടുന്ന ഈ വേദികളിൽ ഭൂരിപക്ഷം   വേദികളും ക്ഷേത്രത്തിനു അഭിമുഖമായിട്ടാണ് കാണപെടുക. എന്നാൽ തൂത, മുണ്ടൂർ തുടങ്ങിയ കാവുകളിൽ സ്ഥല പരിമിതിമൂലം കാവുകളുടെ വശങ്ങളിലായിട്ടാണ് കൂത്തുമാടം കാണപ്പെടുന്നത്.

തെക്കോട്ടു ദർശനമുള്ള അത്യപൂർവ ക്ഷേതങ്ങളിൽ ഒന്നായ ചിനക്കത്തൂരിൽ  മാടത്തിന്റെ മുഖം വടക്കോട്ടാണ്. കേരളത്തിലെ എല്ലാ കൂത്തുമാടങ്ങളുടെയും അളവിൽ വ്യാത്യാസങ്ങളുണ്ട്. ചിനക്കത്തൂർ മാടത്തിന്റെ നീളം 13 മീറ്ററും വീതി 4 മീറ്ററും ഉയരം നാലര മീറ്ററുമാണ്. കെട്ടിലും മട്ടിലും സൗകര്യത്തിലും  ചിനക്കത്തൂരിലെ കൂത്തുമാടം മറ്റു മാടങ്ങളെക്കാൾ മുന്നിൽ തന്നെയാണ്. 

   കൂത്തു തുടങ്ങുന്നതിനു തലേ ദിവസം തന്നെ മാടം കഴുകി വൃത്തിയാക്കും. കൂത്തു തുടങ്ങുന്ന ദിവസം വൈകുന്നേരം ഏഴര മണിക്കു തന്നെ മാടത്തിൽ ഒരുക്കങ്ങൾ തുടങ്ങും. കാവിലെ ദീപാരാധന കഴിഞ്ഞ ശേഷം കൂത്തുമാടത്തിൽ നിന്നു ഒരു തൂക്കുവിളക്കു മേലെക്കാവിൽ കൊണ്ടുപോയി ശ്രീകോവിലനകത്തെ ദീപത്തിൽ നിന്നു ഒരു തിരി പകർന്നു വാങ്ങി മാടത്തിന്റെ മുന്നിൽ മധ്യത്തിലായി തൂക്കിയിടും. ഈ ചടങ്ങ് മാടത്തിൽ വിളക്കുവെക്കുക എന്നാണറിയപെടുക. ദേവി ചൈതന്യത്തെ മാടത്തിലെത്തിക്കുക എന്ന സങ്കല്പം കൂടിയാണ് ഈ ചടങ്ങ്. മാടത്തിൽ വിളക്കുവെച്ചു കഴിഞ്ഞാൽ മേലെക്കാവിലെ ശാന്തിക്കാരൻ സന്‌ധ്യാവേല കൊട്ടണം. മേലെക്കാവിനുള്ളിലാണ് സന്ധ്യാവേല  കൊട്ടുക കൂത്തിനോടനുബന്ധിച്ചു കാവിൽ അകത്തും മുറ്റത്തും നടക്കുന്ന എല്ലാ ചടങ്ങുകളും തുടങ്ങാനുള്ള അനുവാദമാണ് ഈ സന്ധ്യാവേല കൊട്ടൽ ചടങ്ങ്. ഇവിടെ മേലെക്കാവ് ഭഗവതിയുടെ പ്രതിനിധി വെളിച്ചപ്പാടല്ല അത് ശാന്തിക്കാരനായ കുളങ്ങര നായരായി മാറുന്നു.

Coconut Lamps providing golden yellow light for Tholpava koothu | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്
Coconut Lamps providing golden yellow light for Tholpava koothu

Inside view of Tholpava koothu performance | ചിനക്കത്തൂർ കാവ് തോൽപ്പാവകൂത്ത്at Chinakathoor Temple
Inside view of Tholpava koothu performance at Chinakathoor Temple
 വിളക്കുവെച്ചു കഴിഞ്ഞാലുടൻ കൂത്തുമാടത്തിന്റെ ഇരുവശങ്ങളിലും കൊടിക്കൂറ തൂക്കിയിടും. ഇതിനു ശേഷം വെള്ള ആടൽ പുടവ കെട്ടുന്ന ചടങ്ങാണ്. ഇതിനു കൂറയാടുക എന്നാണ് പറയുക. കാരമുള്ളുകൊണ്ട് ആടൽ പുടവ പിൻ /ചെയ്യുന്നത് ചെറിയെ ചടങ്ങോടെയാണ്... ദേശക്കാരെ കൂറയാടല്ലേ, എന്നു മൂന്നു തവണ വിളിച്ചു ചോദിക്കും... നടുഭാഗങ്ങളിൽ കാരമുള്ളു തറച്ചു പിൻ ചെയ്യുന്ന ആടൽ പുടവ ഇരു വശത്തേക്കും വലിച്ചു കെട്ടും. ഈ വെള്ള ആടൽ പുടവയുടെ താഴെ കറുപ്പ് തുണി മുള്ളുപയോഗിച്ച് പിൻ ചെയ്യും. ഇതു കഴിഞ്ഞാൽ വിളക്കുമാടം ആടൽപ്പുടവയുടെ പിന്നിൽ 20 ഇഞ്ച് അകലത്തിൽ വെള്ള ആടൽ പുടവയിൽ പാവ കൊരുത്തിട്ടാൽ നിഴൽ വ്യക്തമായി കാണുന്ന ഉയരത്തിൽ കയറു കെട്ടി തൂക്കിയിടും. ചിനക്കത്തൂരിൽ 22 നാളികേര മുറികൾ നിരത്തിവെക്കാവുന്ന തരത്തിലുള്ളതും നുറ്റാണ്ടു പഴക്കമുള്ളതു തേക്കിന്റെ തടിയാണ് വിളക്കുമാടമായി ഉപയോഗിക്കുന്നത്. വിളക്കുമാടം സ്ഥാപിച്ചു കഴിഞ്ഞാൽ ആടൽപ്പുടയിൽ പാവകൾ കാരമുള്ളുകൾ കൊണ്ടു കോർത്തു തൂക്കും. ഓരോ ദിവസത്തേയും കഥാ സന്ദർഭമനുസരിച്ചാണ് പാവകൾ നിരത്തുക. ഒപ്പം തന്നെ നാളികേര മുറികൾ വിളക്കുമാടത്തിൽ നിരത്തി വെക്കും.

 കാവിൽ സന്ധ്യാവേല കൊട്ടി കഴിഞ്ഞാൽ തായമ്പക ഉള്ള ദിവസങ്ങളിൽ തായമ്പക നടക്കും. ഇല്ലെങ്കിൽ മേലെക്കാവിന്റെ തിരുനടയിൽ മതിൽ കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ് കുഴൽ പറ്റ് എന്നിവ നടക്കും. ഇത് അവസാനിക്കുന്നതോടൊപ്പം താഴത്തെ കാവിനു മുന്നിൽ മതിൽക്കെട്ടിനുള്ളിൽ സന്ധ്യാവേല കൊട്ടും. താഴത്തെ കാവിൽ പറകളാണ് ഇതിനുപയോഗിക്കുക. കുളി കഴിഞ്ഞു മേലെക്കാവിൽ തൊഴുതെത്തുന്ന വെളിച്ചപ്പാട് ചിലമ്പും അരമണിയുമണിയുക താഴെക്കാവിന്റെ തിരുനടയിൽ വെച്ചാണ്. അവിടെ വെച്ചു തന്നെ  വാളു  കയ്യേന്തും. 

താഴെക്കാവിനെ മൂന്നു പ്രദക്ഷിണം വെച്ച ശേഷം എത്തുന്ന വെളിച്ചപ്പാടിനെ മേലെക്കാവ് ശാന്തിക്കാരൻ ചെണ്ട കൊട്ടി സ്വീകരിക്കും. ചെണ്ടയുടെയും പറയുടെയും ഇലത്താളത്തിന്റെയും അകമ്പടിയോടെ മേലെക്കാവിനെ മൂന്നു പ്രദക്ഷിണം ചെയ്ത ശേഷം വെളിച്ചപ്പാട് മതിൽ കെട്ടിനു പുറത്തുകടക്കും. ചെണ്ടയുടെയും കുറുങ്കുഴലിന്റെയും അകമ്പടിയോടെ കൂത്തുമാടത്തിലെത്തി അരിയെറിത്ത് കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കും. ആദ്യ ദിവസവും അവസാന ദിവസവും മാടപ്പുലവർക്കു കല്പന നൽകുന്ന ചടങ്ങും ചിനക്കത്തൂരിലുണ്ട്. വെളിച്ചപ്പാട് അരിയെറിഞ്ഞു കൂത്തു തുടങ്ങാനുള്ള അനുവാദം കൊടുക്കുന്ന ചടങ്ങ് കൂത്തുമാടം കൊട്ടി കയറൽ എന്ന പേരിലാണ് അറിയപ്പെടുന്നത്.

മാടത്തിനുള്ളിൽ വിളക്കു തെളിയിക്കുന്നതിനു മുൻപ് മാട ചിന്ത് പാടുക പതിവാണ്. താളത്തിൽ ഉള്ള ഈശ്വര വന്ദനമാണിത്. മാട ചിന്തു അവസാനിക്കുന്നേ നേരത്ത് മാടത്തിനു മുന്നിൽ തൂക്കിയിട്ടിക്കുന്ന വിളക്കിൽ നിന്നു. പകർന്നെടുക്കുന്ന 22 തിരികൾ വിളക്കുമാടത്തിലെ നാളികേര മുറികളിൽ നിരത്തുന്നതോടെ മാടത്തിനകത്തു വെളിച്ചം സാന്ദ്രമാവും. വെളിച്ചത്തിനു മറനിൽക്കുന്ന തിരശ്ശീലയിലെ പാവകൾ പുറത്തെ കാണികൾക്ക് നിഴലുകളായി തെളിയും. കൂത്തു തുടങ്ങുന്ന ആദ്യ ദിനത്തിൽ ഗണപതി പൂജ പതിവാണ്. നെല്ല്, അരി, പഴം അവിൽ, മലർ, ശരക്കര എന്നിവ പൂജക്കു ഉപയോഗിക്കും.

ചിനക്കത്തൂരിൽ സേതുബന്ധനം മുതലാണ് കഥ തുടങ്ങുകയെങ്കിലും ആദ്യ ദിവസം രാമാവതാരം മുതൽ സേതുബന്ധനം വരെയുള്ള കഥ ചുരുക്കി വിവരിക്കും. കൂത്തിനോടനുബന്ധിച്ചു പുറത്തു നടക്കുന്ന ചടങ്ങാണ് ഗരുഡനെ എഴുന്നെള്ളിക്കൽ. ഗരുഢന്റെ രൂപത്തിലുള്ള പാവ  കാവിന്റെ തിരുനടയിൽ നിന്നു മാടത്തിലേക്കു ആനയിക്കുന്ന ഈ ചടങ്ങ് പതിനാലാം ദിനം കൂത്തിനാണ് നടക്കുക. പതിനാറാമത്തെ ദിനം രാവണവധം നടക്കും. പതിനേഴാമത്തെ ദിനത്തിൽ ശ്രീരാമപട്ടാഭിഷേകമാണ്. അഭിഷേക ദിനത്തിലും മാടത്തിനകത്ത് പൂജ നടത്തും. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞു കൂത്തു അവസാനിപ്പിച്ചു കഴിഞ്ഞൂ കൂറ ഇറക്കിയ ശേഷമാണ് വിളക്കുമാടം ഇറക്കുക. വിളക്കുമാടം താഴെ ഇറക്കി വെച്ചു ഏഴുതവണ കൂവണമെന്ന പതിവും ഉണ്ട്.

Tholpava koothu artist Annamala pulavar and team
From left: Velayudan Pulavar, Annamala pulavar and Cheerath Narayanan Nair
 പാലപ്പുറം സംഘത്തിലെ മഹാരഥന്മാരായ കലാകാരന്മാർ പാവകൂത്തു നടത്തിയ വേദിയാണ് ചിനക്കത്തൂർ. പാലപ്പുറം അങ്കപ്പ പുലവർ, കൃഷ്ണ പുലവർ ,രാമ പുലവർ, രാമസ്വാമി പുലവർ, പഴനിയാണ്ടി പുലവർ, വേലു പുലവർ, വേലായുധ പുലവർ , ശങ്കര പുലവർ, രാമൻകുട്ടി പുലവർ , ഗോവിന്ദൻ നായർ. ,കേയത്ത് കൃഷ്ണൻ നായർ, തങ്കമണി പുലവർ, ചീരാത്ത് നാരായണൻ നായർ, അണ്ണാമല പുലവർ തുടങ്ങിയ എത്രയോ പേർക്ക് നാവു കൊടുത്ത ദേവി വാഴുന്ന ചിനക്കത്തൂരിലെ തോൽപ്പാവകൂത്തിനു തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉള്ളത്; ഏറ്റവും വൃത്തിയായി കൂത്തു നടക്കുന്ന കാവും ചിനക്കത്തൂർ തന്നെയാണ്.
Share:

ചിനക്കത്തൂർ പൂരം.



കേരളത്തിലെ ക്ഷേതോത്സവങ്ങൾ എല്ലാം തന്നെ ഒരേ പേരിൽ അല്ല അറിയപ്പെടുന്നത്. സ്ത്രീ സാന്നിധ്യത്താൽ പുകഴ്പെറ്റ ആറ്റുകാലിലെ ഉത്സവം പൊങ്കാല എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിൽ ഗുരുവായൂരിൽ അത് ഏകാദശിയാണ്.  പൂരം എന്ന പേരിൽ  അറിയപ്പെടുന്ന കൂടുതൽ ഉത്സവങ്ങളും പാലക്കാട്, തൃശൂർ ജില്ലകളിലാണ് കാണപ്പെടുന്നത്. അറിയപ്പെടുന്നതിൽ ആദ്യത്തെ പൂരം ആറാട്ടുപുഴയിലേതാണ്. തൃശൂർ പൂരം,  ആരിയങ്കാവ് പൂരം, തൂത പൂരം, തുടങ്ങിയ ഉത്സങ്ങൾ ആദ്യ കാലം തൊട്ടു തന്നെ പൂരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളാണ്.

പാലക്കാട് ജില്ലയിലെ കാവുത്സവങ്ങൾ പൂരം എന്ന പേരിൽ മാത്രമല്ല മറ്റു പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പാലക്കാടൻ തനത് സംസ്കൃതിയുടെ മണ്ണിൽ കൂടുതൽ ഉത്സവങ്ങളും അറിയപ്പെടുന്നത് വേല' എന്ന പേരിലാണ്. പാലക്കാട്ജില്ലയിലെ തന്നെ മികച്ച ഉത്സവങ്ങളുടെ ഗണത്തിൽപ്പെടുന്ന നെന്മാറ വല്ലങ്ങി, പാലക്കാട് മണപ്പുള്ളിക്കാവ്, വടക്കഞ്ചേരി നാഗ സഹായം തുടങ്ങിയ കാവുത്സവങ്ങൾ ഇന്നും വേലയായി തന്നെയാണ് അറിയപ്പെടുന്നത്. കുമ്മാട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവങ്ങൾ കോങ്ങാട് ഭാഗത്താണ് കൂടുതൽ. ഗതകാലത്ത് ചിനക്കത്തൂരിലും കുമ്മാട്ടിയായിരുന്നു ആഘോഷിച്ചിരുന്നത്. അന്നിവിടെ പകൽ വേല പതിവില്ലായിരുന്നു. പകൽ വേല തുടങ്ങി ശേഷമാണ് ചിനക്കത്തൂരിൽ പൂരം തുടങ്ങിയത്.

താലപ്പൊലികളായി  അറിയപ്പെടുന്ന ഉത്സവങ്ങളും ഉണ്ട്. മണ്ണൂർ കയ്മക്കുന്നത്തുകാവിലെ ഉത്സവം ഇപ്പോഴും അറിയപ്പെടുന്നത് കൂത്തു താലപ്പൊലി എന്ന പേരിലാണ്. രണ്ടോ മൂന്നോ ദശാബ്ദം മുൻപുവരെ കണ്ണിയമ്പുറം കിള്ളിക്കാവ്, മനിശ്ശീരി കിള്ളിക്കാവ് തുടങ്ങിയ കാവുകളിലെ ഉത്സവങ്ങളും താലപ്പൊലി എന്ന പേ രിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാ കാവുകളിലും ആഘോഷിക്കുന്നത് ഉത്സവമാണെങ്കിലും മറ്റെങ്ങും കാണാത്ത തരത്തിലുള്ള ആചാരങ്ങളുടെ പേരിലും കാഴ്ച പ്പകിട്ടിന്റെ പെരുമയാലും വേറിട്ടു നിൽക്കുന്ന ഉത്സവങ്ങളുമുണ്ട്. ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, ചിനക്കത്തൂർ പൂരം, നെന്മാറ വല്ലങ്ങിവേല , മുണ്ടൂർ കുമ്മാട്ടി, മുളയൻ കാവ്പൂരം, തുടങ്ങിയ ഈ ഗണത്തിൽ പെടുന്ന ഉത്സവങ്ങളാണ്.

. പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണപ്പെരുക്കമാണ് ആറാട്ടുപുഴയിലെ പൂരപ്പെരുമയെങ്കിൽ തൃശൂരിൽ അത് ആനപ്പൂരവും, ഇലഞ്ഞിത്തറമേളവും, മഠത്തിൽ വരവു പഞ്ചവാദ്യവുമാണ്. പൊട്ടുന്ന വെടിയുടെ പേരാണ് നെന്മാറക്ക്. നൊച്ചി മുടിയാട്ടം എന്ന പ്രാചീന ആചാരം മുണ്ടൂർ പാലക്കീഴ് കാവിലെ മാത്രം കാഴ്ചയാണ്. മുളയൻ കാവു പോലുള്ള കാവുകൾ കാളവേലയുടെ ഈറ്റില്ലങ്ങളാണ്.



മറൊരിടത്തും കാണാത്തതും അനുകരിക്കാൻ പറ്റാത്തതുമായ രണ്ടു സവിശേഷതകൾ ചിനക്കത്തുരിലുണ്ട്. അതിൽ ആദ്യത്തേത് അയ്യയ്യോ വിളികളാണ്. പൂരം മുളയിടുന്ന നാൾ മുതൽ ഉത്സവം അവസാനിക്കുന്ന നാൾ വരെ ചിനക്കത്തൂർ തട്ടകത്തിൽ 'അയ്യയ്യോ, തച്ചു കൊല്ലുന്നേ ഓടി വര്യേ, എന്ന വിളികൾ ജനങ്ങൾ ഉയർത്തുക പതിവാണ്. പണ്ടു തിരുവില്വാമലയിൽ നിന്നു പലായനം ചെയ്യുന്ന വേളയിൽ ദേവി ഉയർത്തിയ ആർത്ത നാദത്തെ അനുസ്മരിച്ചാണ് ഈ വിളികൾ ചിനക്കത്തൂരിൽ ഉയർത്തുന്നതെന്നാണ് വിശ്വാസം. എന്നാൽ ചരിത്രത്തിന്റെ ഭാഷ്യം മറ്റൊന്നാണ്.

പാലപ്പുറം ല്ലാർമംഗലം, മീറ്റ്, എറക്കോട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം, വടക്കു മംഗലം എന്നീ ദേശക്കമ്മിറ്റികൾ ചേർന്നൊരുക്കുന്നതും 27 ആനകൾ പങ്കെടുക്കുന്നതുമായ ആനപ്പൂരവും പാലപ്പുറം മുതിയാർ സമുദായക്കാർ കാഴ്ചെ വെക്കുന്ന തേരും , ആ പ്പേപ്പുറം, ഞാറപ്പാടം, ഇരിപ്പത്തൊടി പ്ലാച്ചിക്കാട്, എന്നീ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തട്ടിൻമേൽ കൂത്തും, പല്ലാർ മംഗലത്തെ രാമൻ മുളയന്റെ പിൻഗാമികൾ തോളേന്തി വരുന്ന വഴിപാട് കുതിരയും , ഒരു പുഴയും കടന്ന് കാതങ്ങൾ പലതു താണ്ടിയെത്തുന്ന കാളകളും. പൂതനും, തിറയും, വെള്ളാട്ടും, പ്ളോട്ടുകളും, മറ്റനേകം കലാരൂപങ്ങളും കാവുകയറുന്ന ഉത്സവമാണ് ചിനക്കത്തൂർ. ഗതകാലത്ത് ചിനക്കത്തൂരിൽ ചവിട്ടു കളിയും നടന്നിരുന്നു. ഇത്രയധികം കലാരൂപങ്ങൾ കാവുകയറുന്ന ഉത്സവങ്ങൾ വേറെ ഉണ്ടാവാൻ സാധ്യതയില്ല.

ഒരു നൂറു തരം കലാരൂപങ്ങൾ കാഴ്ച പഥത്തിലെത്തുന്ന അപൂർവ സുന്ദര കലാ സംഗമ വേദിയായി മാറുന്നതാണ് ചിനക്കത്തൂർ പൂരമെങ്കിലും പൂരത്തിന്റെ ജീവനാഡി പതിനാറു കുതിരക്കോലങ്ങളാണ്. എട്ടും എട്ടും കുതിർകൾ ഇരു പന്തിയിൽ അണി നിരന്നു കൊണ്ടു കാഴ്ച വെക്കുന്ന  കളിക്കു ഗതകാലത്ത്മ രളക്കരയിൽ നിലനിന്നിരുന്ന യുദ്ധക്കളിയുമായി സാദൃശ്യമുണ്ട്.

ആരുടെയെല്ലാമോ ചെങ്കോലും, കിരീടവും കാക്കാൻ വെട്ടേറ്റു പിടഞ്ഞു വീണ നിഷ്ക്കളങ്കരായ ചാവേറുകളുടെ ചോര കറ പുരണ്ട മാമാങ്കവുമായി ചിനക്കതൂരിലെ കുതിരക്കു ബന്ധമെന്നും കാണാനില്ല. കേരളത്തിലെ ഗതകാല യുദ്ധക്കളിയുടെ ചട്ടങ്ങളും ചിട്ടകളും അനുസരിച്ചു നടത്തുന്ന ചിനക്കത്തൂരിലെ കുതിരക്കളിയിലൂടെ തന്നെയാണ് ചിനക്കത്തൂരിൽ പൂരം പിറക്കുന്നത്.

ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ചിനക്കത്തൂരിലെ ഉത്സവം. ഇതിനു തുടക്കമിടുന്നത് തോൽപ്പാവകൂത്തിലൂടെയാണ്. പതിനേഴു ദിവസത്തെ തോൽപ്പാവകൂത്തുകഴിഞ്ഞാൽ പത്തു ദിവസം പറയെടുപ്പാണ്. പതിനൊന്നാം ദിവസം അതായത് കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം.
Share:

ചിനക്കത്തൂർ കാവ് ഐതിഹ്യം.



ഒറ്റപ്പാലം - പാലക്കാട് റൂട്ടിൽ ഒററപ്പാലത്തു നിന്നു അഞ്ചു കിലോമീറ്റർ കിഴക്കായി പാലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ചിനക്കത്തൂർ കാവ് . നിളയോരത്തുള്ള ഉത്സവ ങ്ങളിൽ വെച്ചു ഏറ്റവും പ്രസിദ്ധവും ആർഭാടവും ഉള്ള പൂരം നടക്കുന്നത്  ഇവിടെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ചില ആചാരങ്ങൾ നിലനിൽക്കുന്ന ഈ കാവിന്റെ ഉല്പത്തിക്കാധാരമായി പല  ഐതിഹ്യങ്ങളും പറഞ്ഞു വരുന്നു.
    ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ തിരുവില്വാമലയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഇങ്ങിനെയാണ് ആ കഥ ഗോദാവരി തീരത്തു വെച്ചു രാവണനാൽ അപഹരിക്കപെട്ട സീതയെ അന്വേഷിച്ച് രാമ ലക്ഷ്മണന്മാർ നിളയുടെ കരയിലെത്തി. ഇവിടെ അവരെ സഹായിക്കാൻ ശാസ്താവും ഒരു വനദേവതയും സന്നദ്ധരായി . വഴി കാട്ടികൾ നയിച്ച പാതയിലൂടെ ദീർഘനേരം നടന്ന രാമലക്ഷ്മണന്മാർ തളർന്നു. അല്പം വിശ്രമിക്കാനും ക്ഷീണമകറ്റാനും ഉചിതമായ ഒരു ഇടം കണ്ടെത്താൻ ശാസ്താവും വനദേവതയും നിയോഗിക്കപ്പെട്ടു, സങ്കേതം തെരഞ്ഞ അവർ ഒടുവിൽ വില്വമലയുടെ മുകളിലെത്തി. ശാന്ത പ്രകൃതിയുടെ സുന്ദരഭാവം കണ്ട വഴി കാട്ടികൾ നിയോഗം മറന്നു. കണ്ടെത്തിയ സ്ഥലത്തു അവർ തന്നെ വാസമുറപ്പിച്ചു.       

 ഇടം തേടിപ്പോയവരെ കാണാതെയായേപ്പോൾ അവരെ രാമലക്ഷ്മണന്മാർ തെരഞ്ഞു ഇറങ്ങി..ഒടുവിൽ വില്യമലയുടെ നെറുകയിൽ നിയോഗം മറന്നിരിക്കുന്ന വഴികാട്ടികളെ രാമ ലക്ഷ്മണന്മാർ കണ്ടു. രാമകോപമേറ്റ ശാസ്താവ് കുണ്ടിൽ വീണു. പിന്നീട് കുണ്ടിൽ അയ്യപ്പനായി വാഴ്ത്തപ്പെട്ടു.
രാമ കോപത്തെ ഭയന്ന വനദേവത മലയിറങ്ങി വടക്കോട്ടു ഓടി. നിളാ നദിയും കടന്ന് നിലവിളിച്ചു കൊണ്ടു ഓടിയ ദേവത ഒടുവിൽ പാലപ്പുറത്ത് എത്തി. പിൽക്കാലത്ത് ഈ ദേവതയാണ് ചിനക്കത്തൂർ ഭഗവതി ആയെതെന്നാണ്ഐ തിഹ്യം നൽകുന്ന സൂചന. അന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന വേളയിൽ ദേവത ഉയർത്തിയ "അയ്യേ യ്യോ തച്ചു കൊല്ലുന്നേ ഓടി വര്വേ "എന്ന ആർത്തവിലാപത്തെ അനുസ്മരിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ ഉത്സവക്കാലത്ത് അയ്യയ്യോ വിളികൾ ഉയരുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നു.

ചിനക്കക്കൂർ താഴെക്കാവിൽ സ്വയം ഭൂ ആണ്. പ്രതിഷ്ഠിത വിഗ്രഹമുള്ള മേലെക്കാവിലെ ഭഗവതി ചിനക്കത്തൂരിൽ എത്തിയതിനെ കുറിക്കുന്ന വേറെയും കഥകൾ ഉണ്ട്. അതിൽ ഒന്ന് വടക്കു മംഗലം മന്ത്രേടത്ത് മനയുമായി ബന്ധപ്പെട്ടതാണ്. ചില നൂറ്റാണ്ടുകൾക്കു മുൻപ് തെക്കു മംഗലത്ത് പുഴയോരത്ത് മൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഒരു കുലാലൻ താമസിച്ചിരുന്നു. ഒരിക്കൽ അയാൾ അതീവ സുന്ദരമായ ഒരു കാളി വിഗ്രഹം ഉണ്ടാക്കുകയും അത് വിൽക്കാനായി  തലയിൽ ചുമന്ന് വടക്കോട്ടു നടക്കുകയും ചെയ്തു. അന്നത്തെ സഞ്ചാരപാത . മൂന്നുണ്ണിക്കാവിന്റെയും മന്ത്രേടത്ത് മനയുടെയും മുന്നിലൂടെ ആയിരുന്നു. 

 ഭാരം ഏറ്റി വരുന്നവർക്കു താങ്ങായ ഒരു അത്താണി മന്ത്രേടത്ത് മനയുടെ മുന്നിൽ ഉണ്ടായിരുന്നു. ആ വഴി വന്ന കുലാലൻ കാളി വിഗ്രഹം അത്താണിയിൽ വെച്ചു വിശ്രമിക്കാനിരുന്നു. ക്ഷീണം തീർത്ത കുലാലൻ വിഗ്രഹം അത്താണിയിൽ നിന്നു എടുക്കാൻ ശ്രമിച്ചേഴാണ് അന്തം വിട്ടത്. എത്ര ശ്രമിച്ചിട്ടും അത്താണിയിൽ നിന്നു വിഗ്രഹം ഉയർത്താൻ കഴിയുന്നില്ല. ഒടുവിൽ കുലാലൻ കരയാൻ തുടങ്ങി:  സംഭവം.മന്ത്രേടത്ത് മനയുടെ മനയുടെ ശ്രദ്ധയിൽ പെട്ടു. അവിടത്തെ ഒന്നു രണ്ടു വാല്യക്കാർ അവിടെയെത്തി കുലാലനെ സഹായിക്കാൻ തുനിഞ്ഞെങ്കിലും വിഗ്രഹത്തെ ഉയർത്താൻ അവർക്കും കഴിഞ്ഞില്ല.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ മന്ത്രേടം ജ്യോത്സ്യനെ വരുത്തി. പ്രശ്നത്തിൽ ചിനക്കത്തൂരിൽ വിഗ്രഹം സ്ഥാപിക്കണമെന്നു തെളിഞ്ഞു. അന്ന് മന്ത്രടത്ത് മന മുന്നിൽ നിന്നു പ്രതിഷ്ഠി ച്ചതാണ് മേലെക്കാവ് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതു കൂടാതെ കണ്ടത്തു വീട്ടുകാർ സ്വന്തമായി ഒരു ഐതിഹ്യം പറയുന്നുണ്ട്. പണ്ട് അവർ പട്ടാമ്പിയിൽ നിന്നു കാൽ നടയായി പാലപ്പുറത്തേക്കു നടന്നു വരവേ ഏതോ ഒരു ദേവത അവരെ അനുഗ്രഹിച്ചുവെന്നും  ആ ദേവതയെയാണ് മേലെക്കാവിൽ പ്രതിഷ്ഠിച്ചതെന്നുമാണ് അവരുടെ വാദം. ഇതിനുമപ്പുറം ഒരു ചെറുമ സ്ത്രീ പുല്ലരിയാൻ പോയേപ്പോൾ അരിവാളു തട്ടി ഒരു കല്ലിൽ ചോര പൊടിഞ്ഞുവെന്നും ആ വിവരം ജൻമികൾ അറിയാനിടയായി എന്നും അങ്ങിനെയാണ് ചിനക്കത്തൂർ പിറന്നതെന്നുമാണ് ഈ ഐതിഹ്യം നൽകുന്ന സൂചന.
Share:

തട്ടിൻമേൽ കൂത്തും, ആപ്പേ പുറവും, ഇരിപ്പത്തൊടിയും.

Sadananda pulavar


നെല്ലു വിളയുന്ന പാലക്കാടൻ മണ്ണിൽ വേനൽക്കാലത്തു ആഘോഷിക്കുന്ന കാവുത്സവങ്ങളിൽ ഭൂരിപക്ഷവും ഗതകാലത്തെ ഉർവരതാ ഉത്സവങ്ങളായിരുന്നു. മണ്ണിൽ നല്ല വിളവുണ്ടാവാൻ വേണ്ടി ഗ്രാ__ ദേവതകളുടെ പ്രീതിക്കായി നടത്തുന്ന ഉത്സവങ്ങൾ. കിഴക്കൻ പാലക്കാടൻ ഉത്സവങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപങ്ങളിൽ ഏറ്റവും പഴക്കം ചെന്ന കലാരൂപങ്ങളിൽ ഒന്നാണ് തട്ടിൻ മേൽ കൂത്ത്. ഇന്നും പഴമ കൈ വെടിയാത്ത കാവുകളിൽ എല്ലാം ഈ കലാരൂപത്തെ കാണാനാവും. അവതരണ ശൈലിയിൽ ഏറെ മാറ്റങ്ങൾ വന്ന കാവുകളു മുണ്ട്. തട്ടിനു പകരം ട്രാക്ടറിലും ഓട്ടോറിക്ഷയിലും ഈ കലാരൂപത്തെ കാവിലേക്കു എഴുന്നെള്ളിക്കുന്ന രീതി അത്താഴം പൊറ്റ തുടങ്ങിയ കാവുകളിൽ ആചാരമായി കഴിഞ്ഞു. 

 ഇവിടെ ചിനക്കത്തൂരിൽ ഈ കലാരൂപം അവതരിപ്പിക്കുന്ന ആപ്പേപ്പുറം ഞാറപ്പാടം , ഇരിപ്പത്തെ. ടി എന്നീ കുടുംബക്കാരുടെ പാലപ്പുറത്തേക്കുള്ള കുടിയേറ്റത്തിന്റെ കാലഘട്ടം സൂചിപ്പിക്കാൻ ഇവിടെ കേരള ചരിത്രത്തെ  ഹാസ്യത്മാകമായി കൂട്ടി ചേർക്കുന്നു.

Thattinmel koothu played at Chinakathoor pooram 2020

 മഹോദയപുരം വാണ ചേരമാൻ പെരുമാൾ നാടു വീതം വെച്ച നാളിൽ ആദ്യമാദ്യമെത്തിയവർക്കെല്ലാം പൊന്നും പണവും കിട്ടി. പിന്നെയെത്തിയവർക്കും കിട്ടി ഊരും നാടുമൊക്കെ. വീതം വെപ്പിന്റെ ശെയ്ത്തി കേട്ടു പൂന്തുറയിൽ നിന്നൊരു വെള്ളാളൻ ചുരം താണ്ടി ഓടി മഹോദയപുരം എത്തി.. കിതച്ചു നിന്ന വെള്ളാളനോടു പെരുമാൾ ചോദിച്ചു. "എവിടെ നിന്നു വരുന്നു " ? വിനയത്തോടെ വെള്ളാളൻ മൊഴിഞ്ഞു. "നാൻ പൂന്തുറയിലേയിരുന്തു വരുകിറേൻ ചാമി " ... "ഉനക്കു എന്ന വേണ്ടും" "എനക്കു രാജിയം വേണ്ടും" "നിനക്കെന്തുക്കു രാജീയം" "എനക്കു രാസാവാകണം". ആവേശത്തോടെ വെള്ളാളൻ പറഞ്ഞു. വെള്ളാളന്റെ ഉത്തരം കേട്ട പെരുമാൾക്കു കനിവുണ്ടായി.. വെള്ളാളനെ വെറും കൈയ്യോടെ പറഞ്ഞയക്കരുത്. പെരുമാൾ കലവറയും നിലവറയും തപ്പി നോക്കി. കിട്ടിയത്ഒരു ഉടഞ്ഞ ശംഖും ഒടിഞ്ഞ വാളും. പെരുമാൾ അതു വെള്ളാളനു കൊടുത്തു  കൊണ്ടു പറഞ്ഞു. " ഇതു താൻ ഇരിക്ക് ". ഭവ്യതയോടെ വെള്ളാളൻ അതു വാങ്ങി. പിന്നെ പെരുമാളെ വണങ്ങി നേരെ വടക്കോട്ടു നടന്നു. കടലോരം ചേർന്നു നടന്ന വെള്ളാളൻ കോഴിക്കൂടു പോലുള്ള ഒരു സ്ഥലത്തെത്തി പുരം പണിതു. പിന്നെ സാമൂതിരിയായി വളർന്നു.


  ഉടഞ്ഞ ശംഖിനേയും ഒടിഞ്ഞ വാളിനേയും നിധിപോലെ സൂക്ഷിച്ചിരുന്ന സാമൂതിരിമാർ തിട്ടൂരമിറക്കിയിരുന്നത് പൂന്തുറ ക്കോൻ തീട്ട് എന്ന പേരിൽ തന്നെയായിരുന്നു. സാമൂതിരിയുടെ നാളിൽ ഒറ്റപ്പാലമുണ്ടായിരുന്നില്ല. തോട്ടക്കരയും ചുനങ്ങാടും മുളഞ്ഞൂരും അന്നുമുണ്ടായിരുന്നു. സാമൂതിരി കോവിലകത്തേക്കുള്ള നെല്ലു വിളഞ്ഞിരുന്ന പേര് നാന്നൂറു വർഷം മുൻപു തന്നെ ചരിത്രരേഖകളിൽ ഇടം പിടിച്ചിട്ടുണ്ട്. സാമൂതിരിയുടെ ആസ്ഥാന ജ്യോത്സ ൻ ചെമ്പിൽ പണിക്കർ പിലാത്തറ സ്വദേശിയാണ്. സാമൂതിരിയുടെ പടത്തലവന്മാരിൽ ചിലർ മുളഞ്ഞൂർക്കാരാണ്. 

 ടിപ്പുവിന്റെ കാലമെത്തിയതോടെ പുതിയ റോഡുകളുണ്ടായി. ലെക്കിടി മംഗലത്തു നിന്നു വാണിയംകുളം വഴി പൊന്നാനിക്കൊരു പുതുപ്പാത വന്നതോടെ മുളഞ്ഞൂരും ചുനങ്ങാടും ഒറ്റപ്പെട്ടു. വിജനമായി കിടന്ന പാലപ്പുറത്തേക്കു പലരും കൂടിയേറിയെത്തി. പുഴ കടന്നും വഴി നടന്നും എത്തിയവരോടൊപ്പം മുളഞ്ഞൂർ മിത്രംകോട് തറവാട്ടിൽ നിന്നു ചിലർ തോടു കടന്നു ഞാറ നിന്ന പാടത്തു കൂരെ കെട്ടി. അവർ ഞാറപാടത്തുകാരായി. ഇരിപ്പ നിന്ന സ്ഥലത്തു താവളം കണ്ടെത്തിയവർ ഇരിപ്പത്തൊടിക്കാരും അപ്പനിന്നയിടത്തു കൂടു പാർത്തു തുടങ്ങിയവർ  ആപ്പേപുറത്തുകാരുമായി.

 പ്ലാശിന്റെ കാട് പ്ലാച്ചിങ്ങാടായി. പാലക്കാടൻ ഉത്സവത്തനിമയുടെ തട്ടിൻമേൽ കൂത്തെന്ന കലാരൂപം ചിനക്കത്തുരിൽ അവതരിപ്പിക്കുന്നത്ഇ വരാണ്. ശൂർപ്പണഖ, ഹനുമാൻ ഗരുഢൻ തുടങ്ങിയ പുരാണ കഥാപാത്രങ്ങളുടെ വേഷം കെട്ടി തട്ടി ൻമേൽ കയറി നിന്ന് ആംഗ്യത്തിലൂടെ കാണികളെ രസിപ്പിക്കുന്നതാണ് മിക്ക സ്ഥലങ്ങളിലെയും തട്ടിൻമേൽ കൂത്തിന്റെ അവതരണ ൈശലി.
 
 എന്നാൽ ചിനക്കത്തൂരിലെ തട്ടി ൻമേൽ കൂത്തിനു   ചിട്ടപ്പെടുത്തിയ താളവും ചുവടും ഉണ്ട്. വേഷം കഥകളി വേഷത്തിനു തുല്യമായതാണ്. ചിനക്കത്തൂരിനോടു സാമ്യതയുള്ളതാണ് കോട്ടായിയിലെ തട്ടിൻമേൽ കൂത്തും: രണ്ടും തേരിനോടൊപ്പമാണ് കാവുകയറുക. ഈ കുടുംബക്കാരുടെ കുലദൈവമാണ് മാഞ്ഞാളിയമ്മ. കൈകുഞ്ഞുമായി ദർശനേകുന്ന രൂപത്തിലുള്ള മാഞ്ഞാളിയമ്മയുടെ പേരിൽ നാലു കാവുകൾ പാലപ്പുറം ദേശത്തുണ്ട്.
Share:

Sadananda Pulavar

Tholpava koothu artist