Indian traditions and cultural stories.

ചിനക്കത്തൂർ കാവ് ഐതിഹ്യം.



ഒറ്റപ്പാലം - പാലക്കാട് റൂട്ടിൽ ഒററപ്പാലത്തു നിന്നു അഞ്ചു കിലോമീറ്റർ കിഴക്കായി പാലപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആരാധനാലയമാണ് ചിനക്കത്തൂർ കാവ് . നിളയോരത്തുള്ള ഉത്സവ ങ്ങളിൽ വെച്ചു ഏറ്റവും പ്രസിദ്ധവും ആർഭാടവും ഉള്ള പൂരം നടക്കുന്നത്  ഇവിടെയാണ്. മറ്റൊരിടത്തും കാണാനാവാത്ത ചില ആചാരങ്ങൾ നിലനിൽക്കുന്ന ഈ കാവിന്റെ ഉല്പത്തിക്കാധാരമായി പല  ഐതിഹ്യങ്ങളും പറഞ്ഞു വരുന്നു.
    ഇതിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കഥ തിരുവില്വാമലയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ഇങ്ങിനെയാണ് ആ കഥ ഗോദാവരി തീരത്തു വെച്ചു രാവണനാൽ അപഹരിക്കപെട്ട സീതയെ അന്വേഷിച്ച് രാമ ലക്ഷ്മണന്മാർ നിളയുടെ കരയിലെത്തി. ഇവിടെ അവരെ സഹായിക്കാൻ ശാസ്താവും ഒരു വനദേവതയും സന്നദ്ധരായി . വഴി കാട്ടികൾ നയിച്ച പാതയിലൂടെ ദീർഘനേരം നടന്ന രാമലക്ഷ്മണന്മാർ തളർന്നു. അല്പം വിശ്രമിക്കാനും ക്ഷീണമകറ്റാനും ഉചിതമായ ഒരു ഇടം കണ്ടെത്താൻ ശാസ്താവും വനദേവതയും നിയോഗിക്കപ്പെട്ടു, സങ്കേതം തെരഞ്ഞ അവർ ഒടുവിൽ വില്വമലയുടെ മുകളിലെത്തി. ശാന്ത പ്രകൃതിയുടെ സുന്ദരഭാവം കണ്ട വഴി കാട്ടികൾ നിയോഗം മറന്നു. കണ്ടെത്തിയ സ്ഥലത്തു അവർ തന്നെ വാസമുറപ്പിച്ചു.       

 ഇടം തേടിപ്പോയവരെ കാണാതെയായേപ്പോൾ അവരെ രാമലക്ഷ്മണന്മാർ തെരഞ്ഞു ഇറങ്ങി..ഒടുവിൽ വില്യമലയുടെ നെറുകയിൽ നിയോഗം മറന്നിരിക്കുന്ന വഴികാട്ടികളെ രാമ ലക്ഷ്മണന്മാർ കണ്ടു. രാമകോപമേറ്റ ശാസ്താവ് കുണ്ടിൽ വീണു. പിന്നീട് കുണ്ടിൽ അയ്യപ്പനായി വാഴ്ത്തപ്പെട്ടു.
രാമ കോപത്തെ ഭയന്ന വനദേവത മലയിറങ്ങി വടക്കോട്ടു ഓടി. നിളാ നദിയും കടന്ന് നിലവിളിച്ചു കൊണ്ടു ഓടിയ ദേവത ഒടുവിൽ പാലപ്പുറത്ത് എത്തി. പിൽക്കാലത്ത് ഈ ദേവതയാണ് ചിനക്കത്തൂർ ഭഗവതി ആയെതെന്നാണ്ഐ തിഹ്യം നൽകുന്ന സൂചന. അന്ന് പ്രാണരക്ഷാർത്ഥം ഓടുന്ന വേളയിൽ ദേവത ഉയർത്തിയ "അയ്യേ യ്യോ തച്ചു കൊല്ലുന്നേ ഓടി വര്വേ "എന്ന ആർത്തവിലാപത്തെ അനുസ്മരിച്ചു കൊണ്ടാണ് ചിനക്കത്തൂരിൽ ഉത്സവക്കാലത്ത് അയ്യയ്യോ വിളികൾ ഉയരുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നു.

ചിനക്കക്കൂർ താഴെക്കാവിൽ സ്വയം ഭൂ ആണ്. പ്രതിഷ്ഠിത വിഗ്രഹമുള്ള മേലെക്കാവിലെ ഭഗവതി ചിനക്കത്തൂരിൽ എത്തിയതിനെ കുറിക്കുന്ന വേറെയും കഥകൾ ഉണ്ട്. അതിൽ ഒന്ന് വടക്കു മംഗലം മന്ത്രേടത്ത് മനയുമായി ബന്ധപ്പെട്ടതാണ്. ചില നൂറ്റാണ്ടുകൾക്കു മുൻപ് തെക്കു മംഗലത്ത് പുഴയോരത്ത് മൺ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ഒരു കുലാലൻ താമസിച്ചിരുന്നു. ഒരിക്കൽ അയാൾ അതീവ സുന്ദരമായ ഒരു കാളി വിഗ്രഹം ഉണ്ടാക്കുകയും അത് വിൽക്കാനായി  തലയിൽ ചുമന്ന് വടക്കോട്ടു നടക്കുകയും ചെയ്തു. അന്നത്തെ സഞ്ചാരപാത . മൂന്നുണ്ണിക്കാവിന്റെയും മന്ത്രേടത്ത് മനയുടെയും മുന്നിലൂടെ ആയിരുന്നു. 

 ഭാരം ഏറ്റി വരുന്നവർക്കു താങ്ങായ ഒരു അത്താണി മന്ത്രേടത്ത് മനയുടെ മുന്നിൽ ഉണ്ടായിരുന്നു. ആ വഴി വന്ന കുലാലൻ കാളി വിഗ്രഹം അത്താണിയിൽ വെച്ചു വിശ്രമിക്കാനിരുന്നു. ക്ഷീണം തീർത്ത കുലാലൻ വിഗ്രഹം അത്താണിയിൽ നിന്നു എടുക്കാൻ ശ്രമിച്ചേഴാണ് അന്തം വിട്ടത്. എത്ര ശ്രമിച്ചിട്ടും അത്താണിയിൽ നിന്നു വിഗ്രഹം ഉയർത്താൻ കഴിയുന്നില്ല. ഒടുവിൽ കുലാലൻ കരയാൻ തുടങ്ങി:  സംഭവം.മന്ത്രേടത്ത് മനയുടെ മനയുടെ ശ്രദ്ധയിൽ പെട്ടു. അവിടത്തെ ഒന്നു രണ്ടു വാല്യക്കാർ അവിടെയെത്തി കുലാലനെ സഹായിക്കാൻ തുനിഞ്ഞെങ്കിലും വിഗ്രഹത്തെ ഉയർത്താൻ അവർക്കും കഴിഞ്ഞില്ല.

സംഭവത്തിന്റെ ഗൗരവമറിഞ്ഞ മന്ത്രേടം ജ്യോത്സ്യനെ വരുത്തി. പ്രശ്നത്തിൽ ചിനക്കത്തൂരിൽ വിഗ്രഹം സ്ഥാപിക്കണമെന്നു തെളിഞ്ഞു. അന്ന് മന്ത്രടത്ത് മന മുന്നിൽ നിന്നു പ്രതിഷ്ഠി ച്ചതാണ് മേലെക്കാവ് എന്ന വിശ്വാസവും നിലനിൽക്കുന്നു. ഇതു കൂടാതെ കണ്ടത്തു വീട്ടുകാർ സ്വന്തമായി ഒരു ഐതിഹ്യം പറയുന്നുണ്ട്. പണ്ട് അവർ പട്ടാമ്പിയിൽ നിന്നു കാൽ നടയായി പാലപ്പുറത്തേക്കു നടന്നു വരവേ ഏതോ ഒരു ദേവത അവരെ അനുഗ്രഹിച്ചുവെന്നും  ആ ദേവതയെയാണ് മേലെക്കാവിൽ പ്രതിഷ്ഠിച്ചതെന്നുമാണ് അവരുടെ വാദം. ഇതിനുമപ്പുറം ഒരു ചെറുമ സ്ത്രീ പുല്ലരിയാൻ പോയേപ്പോൾ അരിവാളു തട്ടി ഒരു കല്ലിൽ ചോര പൊടിഞ്ഞുവെന്നും ആ വിവരം ജൻമികൾ അറിയാനിടയായി എന്നും അങ്ങിനെയാണ് ചിനക്കത്തൂർ പിറന്നതെന്നുമാണ് ഈ ഐതിഹ്യം നൽകുന്ന സൂചന.
Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,