പണ്ടു പണ്ടു നിളാതീരത്തൊരു പൂതൻ കാടു പാർത്തിരുന്നു. കാടകത്തെ വള്ളികളിൽ ഊഞ്ഞാലാടിയും കാട്ടു കിഴങ്ങുകൾ തിന്നും അല്ലലേതുമില്ലാതെ പൂതൻ വാണിരുന്നു. ഉഷ്ണത്തിന്റെ നാളിൽ നിളയിലെ ശൈത്യത്തിലിറങ്ങി നീരാടിയും നീന്തിത്തുടിച്ചും നടക്കുക പതിവായിരുന്നു. ഒരു നാൾ ഒരുച്ചയുടെ നേരത്തു പരൽ മീനുകൾ പുളയുന്ന വെള്ളത്തിലിറങ്ങി ആഴത്തിൽ മുങ്ങവേ പൂതത്തിനൊരു ചെപ്പു കിട്ടി.. ചെപ്പിനകം മുഴുവൻ സ്വർണമാവുമെന്നു കരുതിയ പൂതത്തിനു അകതാരിൽ മോഹം നിറഞ്ഞു. "കാതിലൊരു കടുക്കൻ, അരയിലൊരു അരത്താലി. പിന്നെ മാറിൽ മനോഹരമായ മാർത്താലി കൈവള, കാൽത്തള. നീണ്ടു നീണ്ടു പോയ മോഹങ്ങൾക്കിടയിൽ പൂതം ചെപ്പു തുറന്നു നോക്കാൻ മറന്നു പോയി. സ്വർണത്തിന്റെ നിറം പൂശിയ ആശകളുമായി തട്ടാനെ തെരഞ്ഞു നടന്ന പൂതൻ ഒടുവിൽ അയാളെ കണ്ടത്തി. തനിക്കു കിട്ടിയ ചെപ്പു തട്ടാന്റെ മുന്നിൽ വെച്ച ശേഷം പൂതൻ രണ്ടടി മാറിനിന്നു.
കൈ രണ്ടും കെട്ടി നിന്ന പൂതത്തിനോടു തട്ടാൻ.
ചോദിച്ചു:
"ഇത് എവിട്ന്നാ കിട്ട്യേ ?"
"പൊഴേന്നാ" പൂതൻ പറഞ്ഞു.
"തൊറന്നു നോക്കിയോ നീ ?"
ഇല്ലെയെന്ന അർത്ഥത്തിൽ പൂതൻ തലയാട്ടി.
"എന്താ ഇപ്പോ വേണ്ടേ"? തട്ടാൻ ചോദിച്ചു:
പുതൻ തന്റെ മനസ്സിലെ മോഹങ്ങളെ ഓരോന്നായി പറഞ്ഞു. എല്ലാം കേട്ട തട്ടാൻ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു. അതു കേട്ട പൂതം ഏറെ സന്തോഷത്തോടെ നടന്നകന്നു. പൂതൻ ഇടവഴി താണ്ടി അകന്ന ശേഷം ചെപ്പു തുറക്കാൻ തട്ടാനു ഏറെ ശ്രമിക്കേണ്ടി വന്നു. ആണ്ടുകൾ ഏറെയായി തുറക്കാത്ത ചെപ്പാണെന്നു തട്ടാനു ഉറപ്പായി. ചെപ്പിനകം മുഴുവൻ സ്വർണം കണ്ടമ്പരന്ന തട്ടാന്റെ നെഞ്ചിൽ കാപട്യതയുടെ ചോദ്യമുയർന്നു." കാടു വാഴുന്ന പൂതത്തിനെന്താ പണ്ടം" ? ചെപ്പിനകത്തെ സ്വർണം മുഴുവൻ എടുത്തു മാറ്റിയ തട്ടാൻ പകരം കല്ലും കരിക്കട്ടയും ചെപ്പിൽ നിറച്ചു വെച്ചു. പക്ഷമൊന്നു കഴിഞ്ഞു പണ്ടം തെരത്തെത്തിയ പൂതത്തിന്റെ നേർക്കു ചെപ്പു വലിച്ചെറിഞ്ഞ ശേഷം തട്ടാൻ ആക്രോശിച്ചു.
"കല്ലും കരിയും നിറച്ച ച്ചെപ്പു കൊണ്ടുവന്നു ആളെ പറ്റിക്കാൻ നോക്ക്വാ?".
പൂതൻ അമ്പരന്നു. വെപ്രാളത്തോടെ ചെപ്പു തുറന്നു നോക്കിയ പൂതൻ കല്ലും കരിക്കട്ടയും കണ്ടു തനിക്കു പറ്റിയ അബദ്ധത്തെയോർത്തു നാവു കടിച്ചു. ഒരു വാക്കു പറയാനാവാതെ ചെപ്പുമെടുത്തു നടന്നകന്ന പൂതൻ ഏറെ കഴിഞ്ഞാണറിഞ്ഞത് തട്ടാൻ തന്നെ ശരിക്കും പറ്റിക്കുകയായിരുന്നു എന്ന സത്യം. പിന്നെ തെരഞ്ഞു പോയ പൂതത്തിനു തട്ടാനെ കണ്ടെത്താനുമായില്ല. അപ്പോഴേക്കും അയാൾ ഏഴു നാടു താണ്ടിയ സ്ഥലത്തേക്കു താമസം മാറ്റിയിരുന്നു. തന്നെ പറ്റിച്ച പൂതനെ തെരഞ്ഞാണ് പൂതൻ ഉത്സവക്കാലത്ത് നാടു നടക്കുന്നതെന്നാണ് വിശ്വാസം.
നാവു കടിച്ച രൂപത്തിൽ പൂതത്തെ കാണാന്നും കാരണമിതാണത്രേ ! ഡും ഡും ഡും ഡും ഡുംഡുംഡും ഡും ഡും എന്ന തുടിതാളം കണ്ടോ കണ്ടോ തട്ടാനെ കണ്ടോ എന്ന അന്വേഷണമാണെന്നും എന്ന വിശ്വാസം നിളയോരത്തെ പൂതന്റെ പിറവിക്കഥയായി നില കൊള്ളുന്നു. ഇതു കൂടാതെ കണ്ണകിക്കഥയിലെ ചിലമ്പുകട്ട തട്ടാനെയാണ് പൂതൻ നെരയുന്നതെന്ന വിശ്വാസവും നിലനിൽക്കുന്നു.