Indian traditions and cultural stories.

തിരുവാതിരയും നന്തനാരും ചിദംബരവും...

 


ശൈവമത പ്രവാചകരായ 63 നയനാർമാരിൽ ഒരാളാണ് പറയ കുലജാതനും ആദ നൂർ സ്വദേശിയുമായ നന്തനാർ. ഇദ്ദേഹം തിരുനാളൈപോവാർ എന്ന പേരിലും അറിയപ്പെടുന്നു. ബാല്യ നാൾ തൊട്ടു തന്നെ ശിവ ഭക്തിയെക്കാൾ മറെറാന്നില്ലെന്നു കരുതിയ നന്തനാർ ബ്രാഹ്മണ ജന്മിയുടെ കീഴിലെ അടിയാളനായിരുന്നു. എങ്കിലും നന്തൻ സ്ഥിരമായി മതിൽ കെട്ടിനു പുറത്തു നിന്നു ശിവനെ തൊഴുതു വന്നിരുന്നു. നന്തൻ ഒരിക്കൽ തിരുപ്പൻകൂർ എന്ന ഗ്രാമത്തിലെത്തി അവിടെ നന്ദിയുടെ മറ കാരണം ദേവ ദർശനം സാധ്യമാകാതെ വന്നപ്പോൾ നന്ദിയോടു വഴി മാറാൻ അദ്ദേഹം പ്രാർത്ഥിച്ചു. നന്ദി വഴിമാറുകയും അദ്ദേഹത്തിനു വിഗ്രഹദർശനം സാധ്യമാവുകയും ചെയ്തു



നന്തന്റെ ഏറ്റവും വലിയ ആഗഹമായിരുന്നു ചിദംബരദർശനം. താൻ ഒരിക്കൽ തില്ലെ (ചിദംബരം) നടരാജനെ കാണാൻ പോകുമെന്നു അദ്ദേഹം പറഞ്ഞു നടന്നു. ആരെങ്കിലും അദ്ദേഹത്തോടു എന്നാണ് ചിദംബര യാത്ര എന്നു ചോദിച്ചാൽ നാളെ പോവുമെന്നു സൗമ്യമായി അദ്ദേഹം പറഞ്ഞിരുന്നു. അങ്ങിനെയാണ് നന്ദനാർക്കു തിരുനാളെ പോവാർ എന്ന അപര നാമം ലഭിച്ചത്. വർഷങ്ങൾ പലതു കഴിഞ്ഞുവെങ്കിലും നന്ദനാർക്കു ചിദംബര ദർശനം സാധ്യമായില്ല. അങ്ങിനെയിരിക്കെ മാർകഴി മാസവും പിറന്നു. തിരുവാതിര ദിനവും അടുത്തെത്തി.

ഓലക്കുടിലിൽ സാധ്യമാകാത്ത മോഹത്തെക്കുറിച്ചു ശിവനോടു കരഞ്ഞു പറഞ്ഞുറങ്ങിപ്പോയ നന്ദനാരുടെ സ്വപ്നത്തിൽ ചിദംബരനാഥൻ പ്രത്യക്ഷനായി. "നാളെ വാ" എന്ന കല്പന നൽകി കൈലാസനാഥൻ മാഞ്ഞു. പെട്ടെന്നു കണ്ണു തുറന്ന നന്ദനാർ താൻ കണ്ടത് നിജമല്ലെന്നും വെറും സ്വപ്നം മാത്രമാണെന്നും തിരിച്ചറിഞ്ഞു. പക്ഷേ കുടിലിനകം മുഴുവൻ ഭസ്മത്തിന്റെ വാസന നിറഞ്ഞു നിന്നു. പരമമായ ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ സമയമായെന്നു തിരിച്ചറിഞ്ഞ നന്തൻ അടുത്ത നാൾ തന്റെ യജമാനനായ ഭൂഉടമയോടു ചിദംബരം പോകാനുള്ള അനുവാദവും ചെലവിനുള്ള കാശും ചോദിച്ചു.

ബ്രാഹ്മണനായ ഭൂപ്രഭുവിനു നന്തന്റെ വാക്കുകൾ കേട്ടപ്പോൾ പരിഹാസമാതോന്നിയത്. “പറയനു ചിദംബര ദർശനമോ” എന്നു മനസ്സിൽ വിചാരിച്ച അയാൾ പരിഹാസ ഭാവത്തിൽ തന്നെ പറഞ്ഞു. "എന്റെ കൃഷിയൊക്കെ, ഉഴുതുവിത വിതച്ചു കൊയ്ത്തും നടത്തിയ ശേഷം പൊക്കോ". ഇതു കേട്ടു നന്തൻ അന്തം വിട്ടു. നാലായിരം പറക്കുള്ള കൃഷി, നിലം ഉഴുത് വിത വിതച്ചു കൊയ്ത്തു നടത്തി തനിക്കൊരിക്കലും ചിദംബര ദർശനം സാധ്യമാകില്ലെന്നു നന്തൻ തിരിച്ചറിഞ്ഞു. പാഴായിപ്പോയ തന്റെ ജന്മത്തെക്കുറിച്ചുള്ള കടുത്ത മനോവ്യഥയുമായി അന്നു രാത്രിയിൽ കൂരയിൽ കിടന്ന നന്തൻ അസാധാ രണമായ ഒരു സ്വപ്നം കണ്ടു.

ആകാശത്തു നിന്നു ഒരാൾ വെള്ളക്കാളയിൽ ഭൂമിയിലേക്കു വരുന്നു. അയാളുടെ തോളിൽ ഒരു നുകവും കണ്ടു: അയാൾ തന്റെ കാളയെ പൂട്ടി കൃഷിസ്ഥലം ഉഴുതു മറിച്ചു. അയാൾ തന്നെ ഞാറു നട്ടു. ഞൊടിയിട കൊണ്ടു ഞാറു വളർന്നു വലുതാകുന്നതും അതു വിളയുന്നതും വിളവു പാകമാവുന്നതും കാളവാഹനൻ തന്നെ അത് കൊയ്തെടുത്തു ഭൂവുടമയുടെ മുറ്റത്തു കൊണ്ടുപോയി കറ്റയിടുന്നതും നന്തൻ സ്വപ്നത്തിൽ കണ്ടു. പിന്നെ അവൻ ഉറങ്ങിപ്പോയി.

അതിശയത്തിന്റെ വാർത്ത കേട്ടു ആദ്യം ഞെട്ടിയുണർതു ഭൂ ഉടമയാണ്. തന്റെ മുറ്റം നിറയെ നൂറു മേനിയുടെ കൊയ്ത കറ്റകൾ: ഭൂ ഉടമ അമ്പരന്നു. നന്തൻ സാധാരണക്കാരനല്ലെന്നു തിരിച്ചറിഞ്ഞ അയാൾ നന്തനെ തേടി ഓടിയെത്തി. പാദത്തിൽ വീണു മാപ്പു പറഞ്ഞു. ഒപ്പം ചിദംബര യാത്രക്കുള്ള അനുവാദവും ധനവും കൊടുത്തു. അപ്പോൾ തന്നെ നന്തൻ യാത്ര തുടങ്ങി.

ആതിരാ രാവിന്റെ തലേ രാത്രി. ചിദംബരനാഥന്റെ പിറന്നാളാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ക്ഷേത്രത്തിൽ കിടന്നുറങ്ങിയവർ എല്ലാവരും ഒരേ തരം സ്വപ്നം കണ്ടു. നന്തനാർ എന്ന പരമഭക്തൻ അടുത്ത ദിനം ചിദംബരത്തിലെത്തുമെന്നും നന്തനെ യഥാവിധി സ്വീകരിക്കണമെന്നും ചിദംബരനാഥൻ നേരിൽ പറയുന്നതായിരുന്നു സ്വപ്നം. തിരുവാതിര പുലരിയിൽ ചിദംബരം മുഴുവൻ നിറഞ്ഞത് നന്തനെക്കുറിച്ചുള്ള വാർത്തയായിരുന്നു. നന്തന്റെ പെരുമയിൽ ഏറെ പേർ സന്തോഷിച്ചുവെങ്കിലും ക്ഷേത്രത്തിലെ പുരോഹിത വർഗ്ഗത്തിനു നന്തന്റെ വരവു ഇഷ്ടമായില്ല. ഒരു പറയൻ ചിദംബരക്ഷേതത്തിൽ കടക്കുകയോ? പുരോഹിത വർഗ്ഗത്തിനു അത് ഉൾക്കൊള്ളാനായില്ല. നന്തനെ സ്വീകരിക്കാൻ അവർ ഒരുക്കിയത് അഗ്നിയായിരുന്നു.

നന്തൻ വന്നു. അവൻ നടന്നു. അഗ്നിയിലൂടെ ക്ഷേത്ര വാതിലും ശ്രീകോവിൽ വാതിലും അവനു വേണ്ടി തുറക്കപ്പെട്ടു. നന്തൻ ശ്രീ കോവിന്നുള്ളിൽ കടന്നതും വാതിൽ താനെ അടഞ്ഞു. പിന്നെ ആരും നന്തനെ കണ്ടില്ല. ആയിരത്താണ്ടുകൾക്കു മുന്നേ തന്നെ ജാതിയെന്ന വിഷത്തെ മനസ്സിൽ താലോലിച്ച ക്ഷുദ്ര ജീവികൾ. ഇന്നും നമ്മുടെ ഇടയിൽ ആഗണത്തിൽ പെട്ടവർ ഉണ്ട്. ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കുന്ന വിഷ ജീവികൾ.


Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,