വീട്ടുവളപ്പുകളിലെ സർപ്പക്കാവുകളെ പോലെ കേരളത്തിൽ മാത്രം കാണുന്ന ആരാധനാ മൂർത്തികളാണ് ചാത്തൻമാർ . ശാസ്താവ് എന്ന പദത്തിൽ നിന്നാണ് ചാത്തൻ എന്ന പേരുണ്ടായത് എന്നു ചരിത്രകാരന്മാർ എഴുതുമ്പോൾ ഐതിഹ്യം ചൊല്ലുന്നത് ,ശിവൻ കൂളിവാക എന്ന കാട്ടാളസ്ത്രീയാടു ചേർന്ന കഥയാണ്. ആകെ 390 തരം . ചാത്തന്മർ ഉണ്ടെന്നാണ് കണക്ക്.. ഏറ്റവും പ്രശസ്തമായ ചാത്തൻ സേവാ മഠങ്ങൾ തൃശൂർ ജില്ലയിലാണെങ്കിലും ഏറ്റവും കൂടുതൽ ചാത്തൻമാർ വീടു കാക്കുന്നത് പാലക്കാട് ജില്ലയിലാണ്. ഗതകാലത്ത് മറ്റു ഭൂതപ്രേതപിശാചുക്കളുടെ കടന്നുകയറ്റത്തെ തടയാനായി കുടിയിരുത്തപ്പെട്ട കാവൽ ദൈവങ്ങളാണ് വീട്ടുവളപ്പുകളിലെ ചാത്തന്മാർ എന്ന വാദവും ഉണ്ട്.
മനുഷ്യന്മാർക്ക് മുപ്പത്തിമുക്കോടി ദേവന്മാർ ഉണ്ടെങ്കിലും കന്നുകാലികൾക്കായി ഒരു ദൈവം മാത്രമേയുള്ളു. കൈയ്യിൽ മുടിയങ്കോലുമായി ദർശനം നൽകുന്ന ഈ ചാത്തൻ പടിഞ്ഞാറൻ പാലക്കാട്ടിൽ പറക്കുട്ടിയാണ്. കിഴക്കൻ പാലക്കാട് ഭാഗത്ത് ഈ ചത്തൻ, മുണ്ടിയൻ എന്ന പേരിലറിയപ്പെടുന്നു.
കോഴിച്ചോരക്കു കൊതി കൊള്ളുന്ന പറക്കുട്ടിയുടെ പേരിൽ ഷൊർണ്ണൂർ കുളപ്പുള്ളിയിൽ ഒരു കാവുണ്ട് . പറക്കുട്ടിക്കാവ് : പക്ഷേ പാലക്കാടൻ മണ്ണിലെ ശക്തനായ ചാത്തൻ അത്തിപ്പൊറ്റ മാങ്ങോട്ടു കാവിലെ മൂക്കൻചാത്തൻ തന്നെയാണ്. തിരുവില്വാമല പറക്കോട്ടു കാവിലും ഒരു മൂക്കൻചാത്തൻ ഉണ്ടെങ്കിലും അവൻ അത്ര പ്രശസ്തനല്ല. ഗ്രാമപ്രദേശങ്ങളിലെ കുട്ടിച്ചാത്തൻ പൂജയെന്നാൽ അന്നു മദ്യവും മാംസവും യഥേഷ്ടം വിളമ്പുക സ്വാഭാവികമാണ്. നല്ല നാടൻ വാറ്റുചാരായം കുടിക്കുന്ന ദൈവമാണ് ചാത്തൻ. സേവ പഠിച്ചവരുടെ ചൊല്പടി കേട്ടു പല അത്ഭുതങ്ങളും പ്രവർത്തിക്കുന്നവരത്രേ ചാത്തൻമാർ - കാലം ഏറെ മാറിയാലും ഗ്രാമീണ വിശ്വാസങ്ങൾക്കും സങ്കല്പങ്ങൾക്കും ഇനിയും മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് നേര്. കാലാകാലത്തു ചാത്തന്മാർക്കു കോഴിച്ചോരയും ചാരായവും നൽകി പ്രീതിപ്പെടുത്താൻ മറക്കാത്തവരാണ് എന്റെ ഗ്രാമത്തിലെ പലരും.






