വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിനായും കന്യകമാർ ഉത്തമനായ ഒരു ഭർത്താവിനെ കിട്ടാനുമായി ഉമാമഹേശ്വര പൂജ നടത്തുന്ന തിരുവാതിരയുത്സവത്തിന്റെ ഐതിഹ്യം കാമദേവന്റെ മറുപിറവിയുമായി ബന്ധപ്പെട്ട ഒരു കഥയാണ്. ദക്ഷയാഗത്തെ തുടർന്ന് ദാക്ഷായണിയെ നഷ്ടപ്പെട്ട കൈലാസനാഥൻ താപത്തെ തണുപ്പിക്കാൻ ദീർഘതപസ്സിലാണ്ടു. ആണ്ടുകൾ പലതുതാണ്ടി, ദശകങ്ങളും പലതു കടന്നു.. തപസ്സു പിന്നെയും നീണ്ടു. ലോകത്തു ആ സുര ശക്തികൾ പിറന്നു.വരബലത്താൽ അവർ ശക്തിയാർജിച്ചു. ആസുരതയെ കീഴ്മടക്കുവാൻ പർവത രാജകുമാരിയായി പിറവിയെടുത്ത പാർവതീ ദേവിയും ശിവനും ഒന്നിക്കേണ്ടത് ആവശ്വമായി വന്നു...
ശിവൻ തപസ്സുണരാതെ പാർവതി പരിണയം നടക്കില്ലെന്നറിഞ്ഞ ദേവന്മാർ നിരാശരായി... ഒടുവിൽ കാമദേവൻ രക്ഷകനായി . മലർ ബാണമെയ്തു അവൻ ശിവനെ ഉണർത്തി.. പക്ഷേ അടുത്ത നിമിഷം ശിവ കോപത്തിനിരയായ കാമൻ ഭസ്മമായി... ഭർത്താവിന്റെ വിയോഗമറിഞ്ഞ രതിദേവി ഭർത്താവിനെ തിരിച്ചു കിട്ടാൻ ഉമാമഹേശ്വര പൂജ നടത്തി. ഒടുവിൽ രതിദേവിക്കു മാത്രം കാണാവുന്ന രൂപത്തിൽ തിരിച്ചു കിട്ടി.. ഈ ദിവസത്തെയാണത്രേ കേരളത്തിലെ സ്ത്രീകൾ തിരുവാതിരയായി ആഘോഷിക്കുന്നത്.
ഗത കാലത്തെ തിരുവാതിരയുമായി ബന്ധപെട്ട ചടങ്ങുകളെ കുറിച്ചു പറഞ്ഞുതന്നത് ഒരു പെൺകുട്ടിയാണ്, "പണ്ടു തിരുവാതിര തലേന്നാൾ കുളിക്കാൻ പോവും, "
" തുടിച്ചു പാടി . തൈരു കടഞ്ഞ് കുളിച്ചു കയറും " . പിന്നെ ഊഞ്ഞാലാട്ടം " .... തിരുവാതിര ദിവസം ഉറക്കമൊഴിക്കണം.. ചന്ദ്രൻ നേരെ തലക്കു മീതേ എത്തിയാൽ പാതിരാ പൂചൂടൽ തുടങ്ങും. ചുവന്ന നിരത്തിൽ കനകാംബരം പോലുള്ള പൂവാണത്. പിന്നെ അടക്കാമണിയൻ ചെടിയും വേണം.
സംഘത്തിലെ മൂത്ത സ്ത്രീ വിളക്കുവെച്ചു പൂജ നടത്തും. പിന്നെ ഓരോരുത്തരായി അടക്കാമണിപൂചൂടി തൊഴുതു നമസ്ക്കരിക്കും.
അതു കഴിഞ്ഞാൽ വെററില ചവക്കണം. സുമംഗലികൾ നൂറ്റിയൊന്നു വെറ്റില ചവക്കണം. അപ്പോഴേക്കും നേരം വെളുക്കും. പിന്നെ കുളത്തിലേക്ക്. കൂവ വരകിയതും , പപ്പടം പഴം പുഴുക്ക്, ഒക്കെ തിരുവാതിരിരക്കുണ്ടാവും.
തിരുവാതിരയുടെ പല ആചാരങ്ങളും ഇന്നു ഇല്ലാതായിക്കഴിഞ്ഞു. എന്നാൽ ആതിരാ തലേന്നാൾ ചോഴി കെട്ടി വിടു സന്ദർശിക്കുന്ന പതിവ് നിളയോര ഗ്രാമങ്ങളിൽ ഇന്നും തുടർന്നു വരുന്നു. ഉണങ്ങിയ വാഴച്ചപ്പു ദേഹത്തു വരിഞ്ഞു കെട്ടി മുഖത്തു കവുങ്ങിൻ പോള കൊണ്ടുണ്ടാക്കിയ മുഖാവരണം ധരിക്കലായിരുന്നു ഗതകാലത്തെ വേഷം. ഇന്നു കവുങ്ങിൻ പാളക്കു പകരം പ്ലാസ്റ്റിക് മുഖം മൂടിയാണ് ഉപയോഗിക്കുന്നത്.
മുത്തശ്ശിയും ശിവഭൂതഗണങ്ങളുമാണ് ചോഴികളിൽ കാണുന്ന വേഷം...
മുത്തശ്ശിയുടെ നിത്യ പ്രാർത്ഥനാനുസരണം. അവരെ ശിവലോകത്തേക്കു കൊണ്ടുപോകാൻ ഭൂതഗണങ്ങളെത്തിയെങ്കിലും പല ഒഴിവുകഴിവുകളും പറഞ്ഞ് മുത്തശ്ശി യാത്ര ഒഴിവാക്കാൻ ശമിക്കുന്നു. മനുഷ്യന്റെ ലൗകീക ജീവിതത്തോടുള്ള മമത എത്ര പ്രായം കടന്നാലും മാറില്ല എന്നു ഹാസ്യാത്മകമായി പറയുന്ന തിരുവാതിര ചോഴികൾ തന്നെയാണ് മലയാളത്തിലെ ആദ്യത്തെ തെരുവുനാടകക്കാർ.