Indian traditions and cultural stories.

ജാംബവാൻ..
ആരാണ് കാലാതിവർത്തി? ത്രിമൂർത്തികൾക്കും കാലത്തെ അതിജയിക്കാനാവില്ലെന്നു പുരാണങ്ങൾ പറയുന്നു. കോടി കോടി ആയുസ്സിൻ്റെ കാലവും തീരുന്ന നാളിൽ ശിവന്നും വിഷ്ണുവിനും മരണമുണ്ടത്രേ !
കാലാതിവർത്തി ഒന്നേയുള്ളു . അതു പരബ്രഹ്മമാണ്.
എങ്കിലും പുരാണങ്ങൾ ജാംബവാനെയും , ഹനുമാനെയും, മാർകണ്ഡമുനിയേയും വിഭീഷണൻ , അശ്വത്ഥാമാവ് തുടങ്ങിയവരെയും ചിരഞ്ജീവികളായി വാഴ്ത്തിപ്പാടാറുണ്ട്.
ചിരഞ്ജീവികളിൽ ആദ്യം പിറന്നതു ജാംബവാണ്. ത്രേതായുഗത്തിലെ ശ്രീരാമ കഥയിലും, ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണചരിതത്തിലും ജാംബവനെ നമുക്കു കാണാൻ കഴിയും.
ഇവൻ
ഭൂമി പിറക്കുന്നതിനു മുൻപു തന്നെ പിറന്നവനാണ്.
ബ്രഹ്മാവിൻ്റെ രാക്കാലമായ നൈമത്തിക പ്രളയകാലത്താണ് ജാംബവാൻ്റെ ജനനം.
1728000 വർഷം നീളുന്ന കൃതയുഗവും 1296000 വർഷത്തെ ത്രേതായുഗവും 8640000 വർഷം ദീർഘമുള്ള ദ്വാപരയുഗവും പിന്നെ കലിയുടെ 432000 വർഷവും ചേർന്നതാണ് ഒരു ചതുർയുഗം മൊത്തം 4320000 മനുഷ്യവർഷം. ഇങ്ങിനെ ആയിരം ചതുർയുഗം കഴിഞ്ഞാൽ മൊത്തം 4320000,000 മനുഷ്യസംവത്സരം കഴിഞ്ഞാൽ അത് നൈമത്തീക പ്രളയത്തിൻ്റെ കാലമാണ്. സൃഷ്ടിനാഥനായ ബ്രഹ്മാവിൻ്റെ നിശയുടെ നേരം ...
യുഗങ്ങളും മന്വന്തരങ്ങളും താണ്ടി കാലം നടന്നു. ആയിരം ചതുർയുഗങ്ങൾ .. ബ്രഹ്മാവിന്റെ ഒരു പകലിന്റെ ഒടുക്കം.
നൈമത്തീക പ്രളയത്തിന്റെ കാലം...
പ്രളയത്തിനു തുടക്കമിട്ടത് ആദിത്യന്മാരാണ്.. 12 ആദിത്യന്മാർ ഒന്നായി പ്രകാശിച്ചു... ഉഷ്ണം താങ്ങാനാവാതെ ഭൂമി പിളർന്നു : ആദവാഗ്നി ആദിശേഷന്റെ മുഖത്തടിച്ചു : അവിടെ നിന്നു വിഷാഗ്നി പിറന്നു. പിന്നെ രുദ്രാഗ്നിയും കാലാഗ്നിയും ലോകാഗ്നിയും പിറവി പൂണ്ടു. പഞ്ചാഗ്നിയുടെ ഘോരതാണ്ഡവത്തിൽ ഉയിരിനങ്ങൾ എല്ലാം മൃതിയടഞ്ഞു. എല്ലാ ആത്മാക്കളും നാരായണനിൽ ഉള്ളൊതുങ്ങി..ബ്രഹ്മാവിൻ്റെ നാശിയിൽ നിന്നു പിറന്ന പ്രചണ്ഡ മാരുതൻ ആഞ്ഞു വീശി. പഞ്ചാഗ്നികളും കെട്ടു. ധൂമ പടലങ്ങൾ സപ്ത മേഘങ്ങളായി പരിണമിച്ചു. ആകാശത്തെ അപ്പാടെ ഇരുട്ടിൽ മുക്കിയ മേഘങ്ങൾ തുമ്പിക്കൈ വണ്ണത്തിൽ പെയ്തു നിറഞ്ഞു.എങ്ങും പ്രളയജല മാത്രം. എവിടെയും തളം കെട്ടിനിന്നത് നിശ്ശബ്ദത മാത്രം. കാലത്തെ ഗണിച്ച സൃഷ്ടി നാഥനു ബോധ്യമായി തൻ്റെ ഉറക്കത്തിനുള്ള കാലമെത്തിയിരിക്കുന്നു.
ഉറങ്ങാൻ കണ്ണടക്കും മുൻപ് ബ്രഹ്മാവിന്നു തെല്ലൊരഹങ്കാരമുണ്ടായി. "ഞാനാണ് സൃഷ്ടിക്കധിപൻ.ഞാനില്ലെങ്കിൽ സൃഷ്ടിയില്ല. ഈ പ്രളയകാലം സൃഷ്ടിയില്ലാത്ത കാലമാണ് ". എല്ലാമറിയുന്ന നാരായണൻ ഇതും അറിഞ്ഞു. ബ്രഹ്മാവിൻ്റെ അഹങ്കാരത്തെ ഇല്ലാതാക്കേണ്ടതുണ്ടെന്നറിഞ്ഞ നാരായണൻ തന്റെ ചെവിയിലടഞ്ഞ ചളിയെടുത്തു പ്രളയ ജലത്തിൽ വീശിയെറിഞ്ഞു. പ്രളയവാരിധിയിൽ വീണ
കർണ്ണമലത്തിൽ നിന്നു രണ്ടസുരന്മാർ ജനിച്ചു.
മധുവും കൈഭടനും.
ആകാശത്തോളം ഉയർന്ന ശരീരമവർക്കുണ്ടായി. അതിശക്തരുമായി അവർ . പ്രളയവാരിധി നീ ന്തവേ അവരിൽ വിശപ്പുണ്ടായി. വിശപ്പിന്റെ നോവകറ്റാൻ അവർ പരാശക്തിയെ പ്രാർത്ഥിച്ചു. ദേവി അവരെ അനുഗ്രഹിച്ചു. മാത്രമല്ല സ്വന്തം ഇച്ഛക്കനുസരിച്ചു മാത്രമേ മരണമുണ്ടാവു എന്ന വരവും അസുരന്മാർക്കു കിട്ടി..
വരബലത്താൽ ശക്തരായി മാറിയ ദാനവരിൽ പോരിന്നുള്ള ആശയുദിച്ചു. അവർ ശത്രുവിനെ തേടി പ്രളയ സാഗരം നീന്തി നടന്നു. എവിടെ ശത്രു? ശത്രു എവിടെ? ഒടുവിൽ പ്രളയജലത്തിൽ പൊങ്ങി നിൽക്കുന്ന ഒരു താമര അവരുടെ ദൃഷ്ടിയിൽ പെട്ടു. അതിനകത്ത് നിദ്രയിലാണ്ടു കിടക്കുന്ന ചതുർമുഖൻ.
ശത്രുവിനെ കിട്ടിയ സന്തോഷത്തോടെ ദാനവരിൽ ഒരുവൻ ബ്രഹ്മാവിന്റെ മുഖത്ത് ഇടിച്ചു. മറ്റൊരുവൻ പൃഷ്ഠത്തിലും. ഞെട്ടിയുണർന്ന ചതുർമുഖൻ അന്തം വിട്ടു. താനറിയാതെ സൃഷ്ടി നടന്നിരിക്കുന്നു ... കൊല്ലാനൊരുങ്ങിനിൽക്കുന്ന ദാനവരെ കണ്ട ബ്രഹ്മാവിനെ ഭയം കീഴ്മടക്കി.. ഉടലാകെ വിയർത്തു ... മൂക്കിൽ നിന്നു പിറന്ന വിയർപ്പു കണം തുടയിൽ വീണു. അതിൽ നിന്ന് കരടിയുടെ മുഖമുള്ള ഒരു കുഞ്ഞു പിറന്നു. അസുരന്മാർ കാണാതെ ബ്രഹ്മാവ് കുഞ്ഞിനെ കാത്തു.
ബ്രഹ്മാവിന്റെ പ്രാർത്ഥന കേട്ടെത്തിയ നാരായണൻ അസുരന്മാരെ സൂത്രത്തിൽ വധിച്ചു. അവരുടെ മേദസ്സ് പ്രളയജലത്തിൽ ചേർന്ന് ഖരരൂപത്തിലുള്ള ഭൂമി പിറന്നു. മേദിനി എന്നു പേരു ഭൂമിക്കു കിട്ടാനും കാരണമിതത്രേ!
പ്രളയജലം ഒടുങ്ങി. കരകൾ തെളിഞ്ഞു.
ബ്രഹ്മാത്മജനായ കരടി മുഖൻ ആദ്യം കാലൂന്നിയത് ജംബുദ്വീപിലാണ്. അതിനാലാണത്രേ അവന്ന് ജാംബവാൻ എന്നു പേരുണ്ടായത്.
രാമകഥയിൽ എല്ലാം അറിയുന്ന കഥാപാത്രമായി തന്നെയാണ് ജാംബവാൻ നിലകൊള്ളുന്നത്. കമ്പ രാമായണത്തിൽ വിസ്തരിച്ചു പറയുന്ന മരുന്നുപ്പടലത്തിൽ (മൃതസഞ്ജീവിനി കൊണ്ടുവരാൻ ഹനുമാൻ യാത്രയാവുന്ന ഭാഗം ) നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ജാംബവാനാണ്. മുതസഞ്ജീവിനിയുടെ ഇരിപ്പിടമായ ഋഷഭാദ്രിയിലേക്കുള്ള മാർഗ്ഗം ഹനുമാന് ഓതിക്കൊടുക്കുന്നത് ജാംബവാനാണ്. വൃദ്ധനായ കഥാപാത്രമായിട്ടാണ് ജാംബവാനെ കാണുക. 
ലങ്കയിൽ നിന്നു 73100 യോജന ദൂരത്തിലുള്ള ഋഷഭാദ്രിയിലേക്കുള്ള വഴിയുടെ വിവരണവും ജാംബവാനു വാർദ്ധക്യ മുണ്ടാവാനുള്ള കാരണത്തെയും തോൽപ്പാവകൂത്തിൽ അവതരിപ്പിക്കാറുണ്ട്.

Photo: Shadow Play puppet of Jambavan
Share:

Sadananda Pulavar

Tholpava koothu artist