യക്ഷ കുല ജാതരായ താടക, സുന്ദൻ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനാണ് മാരീചൻ. അഗസ്ത്യന്റെ ശാപത്താലാണ് ഇവർ രാക്ഷസന്മാരായി മാറിയത് . താടകയുടെ ഭർത്താവായ സുന്ദൻ ഒരിക്കൽ അഹങ്കാരത്തിന്റെ ഫലമായി അഗസ്ത്യനോടേറ്റുമുട്ടി മരണം വരിച്ചു. പ്രതികാരാഗ്നിയുമായി മക്കളെയും കൂട്ടി അഗസ്ത്യാ ശ്രമത്തിൽ എത്തിയ താടകക്കും മക്കൾക്കും അഗസ്ത്യന്റെ ശാപമേൽക്കേണ്ടി വന്നു. അങ്ങിനെ അവർ രാക്ഷസന്മാരായി. മഹാവിഷ്ണുവിനെ ഭയന്നു ലങ്കയിൽ നിന്നും ഒളിച്ചോടി പാതാളത്തിൽ വസിച്ചിരുന്ന സുമാലി, മാല്യവാന്മാർ എന്നിവരുടെ സങ്കേതത്തിൽ താടകയും മക്കളും കുറെക്കാലം അഭയാർത്ഥികളായി പാർത്തു. പിന്നീടാണവർ ഗംഗാ സമതലത്തിലെത്തിയത് : സിദ്ധാശ്രമത്തിൽ പിതൃ പ്രീതിക്കായി വിശ്വാമിത്രൻ നടത്തിയ യാഗം മുടക്കാൻ എത്തിയ താടക പുത്രന്മാരിൽ സുബാഹു രാമബാണത്തിനിരയായി. രാമബാണത്തിൽ നിന്നു രക്ഷ തേടി പലയിടങ്ങളിലേക്കും ഓടി ഒടുവിൽ പശുവിന്റെ രൂപത്തിൽ മാരീചൻ രാമ പാദത്തിൽ അഭയം തേടുന്നു. രാമന്റെ കനിവിനാൽ മാരീചനു ജീവൻ കിട്ടുന്നു. പക്ഷേ ഇനിയൊരു മാപ്പ് ഉണ്ടാകില്ലെന്നു രാമൻ ഓർമ്മപെടുത്തുന്നു.
ഇതോടെ ലൗകീക ജീവിതം വെടിഞ്ഞു മാരീചൻ ചന്ത വനത്തിൽ ദീർഘ തപസ്സിൽ മുഴുകുന്നു.
ശൂർപ്പണഖയുടെ വാക്കുകൾ കേട്ടു സീതയോടുള്ള ആർത്തി മൂത്ത രാവണൻ സീതാപകര ണത്തിനു സഹായം തേടിയെത്തുന്നത് മാരീചന്റെ സമീപത്തേക്കാണ്. രാവണന്റെ ആഗമന കാരണമറിഞ്ഞ മാരീചൻ കുലനാശത്തിനു കാരണമാവും രാമ കോപം എന്ന ഉപദേശമാണ് നൽകുന്നത്. വരുംവരായ്കകളെ ഉപദേശിക്കുന്ന സദ്ഗുണ സമ്പന്നനായ കഥാപാത്രമായിട്ടാണ് മാരീചനെ കമ്പർ വരച്ചുകാട്ടുന്നത് - ഒടുവിൽ തന്റെ ഇച്ഛക്കു കൂട്ടുനിന്നില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്ന രാവണന്റെ ഭീഷണിക്കു വഴങ്ങിയാണ് മാരീചൻ മാൻവേഷമെടുക്കാൻ തയ്യാറാവുന്നത്. രാവണന്റെ വെട്ടറ്റു മരിക്കുന്നതിനേക്കാൾ നല്ലത് രാമബാണത്തിനിരയാവുന്നതാണ് എന്നു നിശ്ചയിച്ചു ഗോദാവരി തീരത്തേക്കു യാത്രയാവും മുൻപ് മാരീചൻ രാവണനോടു ഇങ്ങിനെ പറയുന്നു.." ഞാൻ നരകത്തിൽ നിനക്കായി കാത്തിരിക്കാം. നിനക്കും മക്കൾക്കും കുടുംബത്തിനും അവിടെ ഇടം ഒരുക്കി വെക്കാം "
ഇത്രയൊക്കെ നല്ലവനായിട്ടും രാമബാണമേറ്റു വീണ നേരം രാമന്റെ സ്വരത്തിൽ "അയ്യോ സീതേ, അയ്യോ ലക്ഷ്മണാ " എന്നു വിലപിക്കാനുള്ള കാപട്യത മരീചനിൽ പിറക്കാൻ കാരണമെന്താവാം?