Indian traditions and cultural stories.

ചിനക്കത്തൂർ പൂരം.



കേരളത്തിലെ ക്ഷേതോത്സവങ്ങൾ എല്ലാം തന്നെ ഒരേ പേരിൽ അല്ല അറിയപ്പെടുന്നത്. സ്ത്രീ സാന്നിധ്യത്താൽ പുകഴ്പെറ്റ ആറ്റുകാലിലെ ഉത്സവം പൊങ്കാല എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിൽ ഗുരുവായൂരിൽ അത് ഏകാദശിയാണ്.  പൂരം എന്ന പേരിൽ  അറിയപ്പെടുന്ന കൂടുതൽ ഉത്സവങ്ങളും പാലക്കാട്, തൃശൂർ ജില്ലകളിലാണ് കാണപ്പെടുന്നത്. അറിയപ്പെടുന്നതിൽ ആദ്യത്തെ പൂരം ആറാട്ടുപുഴയിലേതാണ്. തൃശൂർ പൂരം,  ആരിയങ്കാവ് പൂരം, തൂത പൂരം, തുടങ്ങിയ ഉത്സങ്ങൾ ആദ്യ കാലം തൊട്ടു തന്നെ പൂരം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയെല്ലാം തന്നെ പാലക്കാട്, തൃശൂർ ജില്ലകളിലെ ഉത്സവങ്ങളാണ്.

പാലക്കാട് ജില്ലയിലെ കാവുത്സവങ്ങൾ പൂരം എന്ന പേരിൽ മാത്രമല്ല മറ്റു പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പാലക്കാടൻ തനത് സംസ്കൃതിയുടെ മണ്ണിൽ കൂടുതൽ ഉത്സവങ്ങളും അറിയപ്പെടുന്നത് വേല' എന്ന പേരിലാണ്. പാലക്കാട്ജില്ലയിലെ തന്നെ മികച്ച ഉത്സവങ്ങളുടെ ഗണത്തിൽപ്പെടുന്ന നെന്മാറ വല്ലങ്ങി, പാലക്കാട് മണപ്പുള്ളിക്കാവ്, വടക്കഞ്ചേരി നാഗ സഹായം തുടങ്ങിയ കാവുത്സവങ്ങൾ ഇന്നും വേലയായി തന്നെയാണ് അറിയപ്പെടുന്നത്. കുമ്മാട്ടി എന്ന പേരിൽ അറിയപ്പെടുന്ന ഉത്സവങ്ങൾ കോങ്ങാട് ഭാഗത്താണ് കൂടുതൽ. ഗതകാലത്ത് ചിനക്കത്തൂരിലും കുമ്മാട്ടിയായിരുന്നു ആഘോഷിച്ചിരുന്നത്. അന്നിവിടെ പകൽ വേല പതിവില്ലായിരുന്നു. പകൽ വേല തുടങ്ങി ശേഷമാണ് ചിനക്കത്തൂരിൽ പൂരം തുടങ്ങിയത്.

താലപ്പൊലികളായി  അറിയപ്പെടുന്ന ഉത്സവങ്ങളും ഉണ്ട്. മണ്ണൂർ കയ്മക്കുന്നത്തുകാവിലെ ഉത്സവം ഇപ്പോഴും അറിയപ്പെടുന്നത് കൂത്തു താലപ്പൊലി എന്ന പേരിലാണ്. രണ്ടോ മൂന്നോ ദശാബ്ദം മുൻപുവരെ കണ്ണിയമ്പുറം കിള്ളിക്കാവ്, മനിശ്ശീരി കിള്ളിക്കാവ് തുടങ്ങിയ കാവുകളിലെ ഉത്സവങ്ങളും താലപ്പൊലി എന്ന പേ രിലാണ് അറിയപ്പെട്ടിരുന്നത്. എല്ലാ കാവുകളിലും ആഘോഷിക്കുന്നത് ഉത്സവമാണെങ്കിലും മറ്റെങ്ങും കാണാത്ത തരത്തിലുള്ള ആചാരങ്ങളുടെ പേരിലും കാഴ്ച പ്പകിട്ടിന്റെ പെരുമയാലും വേറിട്ടു നിൽക്കുന്ന ഉത്സവങ്ങളുമുണ്ട്. ആറാട്ടുപുഴ പൂരം, തൃശൂർ പൂരം, ചിനക്കത്തൂർ പൂരം, നെന്മാറ വല്ലങ്ങിവേല , മുണ്ടൂർ കുമ്മാട്ടി, മുളയൻ കാവ്പൂരം, തുടങ്ങിയ ഈ ഗണത്തിൽ പെടുന്ന ഉത്സവങ്ങളാണ്.

. പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണപ്പെരുക്കമാണ് ആറാട്ടുപുഴയിലെ പൂരപ്പെരുമയെങ്കിൽ തൃശൂരിൽ അത് ആനപ്പൂരവും, ഇലഞ്ഞിത്തറമേളവും, മഠത്തിൽ വരവു പഞ്ചവാദ്യവുമാണ്. പൊട്ടുന്ന വെടിയുടെ പേരാണ് നെന്മാറക്ക്. നൊച്ചി മുടിയാട്ടം എന്ന പ്രാചീന ആചാരം മുണ്ടൂർ പാലക്കീഴ് കാവിലെ മാത്രം കാഴ്ചയാണ്. മുളയൻ കാവു പോലുള്ള കാവുകൾ കാളവേലയുടെ ഈറ്റില്ലങ്ങളാണ്.



മറൊരിടത്തും കാണാത്തതും അനുകരിക്കാൻ പറ്റാത്തതുമായ രണ്ടു സവിശേഷതകൾ ചിനക്കത്തുരിലുണ്ട്. അതിൽ ആദ്യത്തേത് അയ്യയ്യോ വിളികളാണ്. പൂരം മുളയിടുന്ന നാൾ മുതൽ ഉത്സവം അവസാനിക്കുന്ന നാൾ വരെ ചിനക്കത്തൂർ തട്ടകത്തിൽ 'അയ്യയ്യോ, തച്ചു കൊല്ലുന്നേ ഓടി വര്യേ, എന്ന വിളികൾ ജനങ്ങൾ ഉയർത്തുക പതിവാണ്. പണ്ടു തിരുവില്വാമലയിൽ നിന്നു പലായനം ചെയ്യുന്ന വേളയിൽ ദേവി ഉയർത്തിയ ആർത്ത നാദത്തെ അനുസ്മരിച്ചാണ് ഈ വിളികൾ ചിനക്കത്തൂരിൽ ഉയർത്തുന്നതെന്നാണ് വിശ്വാസം. എന്നാൽ ചരിത്രത്തിന്റെ ഭാഷ്യം മറ്റൊന്നാണ്.

പാലപ്പുറം ല്ലാർമംഗലം, മീറ്റ്, എറക്കോട്ടിരി, ഒറ്റപ്പാലം, തെക്കു മംഗലം, വടക്കു മംഗലം എന്നീ ദേശക്കമ്മിറ്റികൾ ചേർന്നൊരുക്കുന്നതും 27 ആനകൾ പങ്കെടുക്കുന്നതുമായ ആനപ്പൂരവും പാലപ്പുറം മുതിയാർ സമുദായക്കാർ കാഴ്ചെ വെക്കുന്ന തേരും , ആ പ്പേപ്പുറം, ഞാറപ്പാടം, ഇരിപ്പത്തൊടി പ്ലാച്ചിക്കാട്, എന്നീ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തട്ടിൻമേൽ കൂത്തും, പല്ലാർ മംഗലത്തെ രാമൻ മുളയന്റെ പിൻഗാമികൾ തോളേന്തി വരുന്ന വഴിപാട് കുതിരയും , ഒരു പുഴയും കടന്ന് കാതങ്ങൾ പലതു താണ്ടിയെത്തുന്ന കാളകളും. പൂതനും, തിറയും, വെള്ളാട്ടും, പ്ളോട്ടുകളും, മറ്റനേകം കലാരൂപങ്ങളും കാവുകയറുന്ന ഉത്സവമാണ് ചിനക്കത്തൂർ. ഗതകാലത്ത് ചിനക്കത്തൂരിൽ ചവിട്ടു കളിയും നടന്നിരുന്നു. ഇത്രയധികം കലാരൂപങ്ങൾ കാവുകയറുന്ന ഉത്സവങ്ങൾ വേറെ ഉണ്ടാവാൻ സാധ്യതയില്ല.

ഒരു നൂറു തരം കലാരൂപങ്ങൾ കാഴ്ച പഥത്തിലെത്തുന്ന അപൂർവ സുന്ദര കലാ സംഗമ വേദിയായി മാറുന്നതാണ് ചിനക്കത്തൂർ പൂരമെങ്കിലും പൂരത്തിന്റെ ജീവനാഡി പതിനാറു കുതിരക്കോലങ്ങളാണ്. എട്ടും എട്ടും കുതിർകൾ ഇരു പന്തിയിൽ അണി നിരന്നു കൊണ്ടു കാഴ്ച വെക്കുന്ന  കളിക്കു ഗതകാലത്ത്മ രളക്കരയിൽ നിലനിന്നിരുന്ന യുദ്ധക്കളിയുമായി സാദൃശ്യമുണ്ട്.

ആരുടെയെല്ലാമോ ചെങ്കോലും, കിരീടവും കാക്കാൻ വെട്ടേറ്റു പിടഞ്ഞു വീണ നിഷ്ക്കളങ്കരായ ചാവേറുകളുടെ ചോര കറ പുരണ്ട മാമാങ്കവുമായി ചിനക്കതൂരിലെ കുതിരക്കു ബന്ധമെന്നും കാണാനില്ല. കേരളത്തിലെ ഗതകാല യുദ്ധക്കളിയുടെ ചട്ടങ്ങളും ചിട്ടകളും അനുസരിച്ചു നടത്തുന്ന ചിനക്കത്തൂരിലെ കുതിരക്കളിയിലൂടെ തന്നെയാണ് ചിനക്കത്തൂരിൽ പൂരം പിറക്കുന്നത്.

ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ചിനക്കത്തൂരിലെ ഉത്സവം. ഇതിനു തുടക്കമിടുന്നത് തോൽപ്പാവകൂത്തിലൂടെയാണ്. പതിനേഴു ദിവസത്തെ തോൽപ്പാവകൂത്തുകഴിഞ്ഞാൽ പത്തു ദിവസം പറയെടുപ്പാണ്. പതിനൊന്നാം ദിവസം അതായത് കുംഭത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം.
Share:

Sadananda Pulavar

Tholpava koothu artist