ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നടപ്പാതകൾ പോലും വിരളമായിരുന്ന കയില്യാട് എന്ന കുഗ്രാമത്തിൽ നിന്ന് പതിനഞ്ചിലേറെ നാഴിക ദൂരം നടന്ന് ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലപ്പുറത്തേക്കു യാത്ര പോയിരുന്നു ഒരു പതിനഞ്ചു വയസ്സുകാരൻ . അതിരാവിലെ മുതൽ പാടത്തു കന്നുപൂട്ടിയ ക്ഷീണാലസ്യതയേയും മറന്ന് ഈ പതിനഞ്ചുകാരൻ പാലപ്പുറത്തെത്തിയിരുന്നത് തോല്പാവകൂത്തു ആചാര്യൻ രാമസ്വാമി പുലവരെ കാണാനായിരുന്നു. തോൽപ്പാവകൂത്തു പഠിക്കാൻ . ഗുരുനാഥൻ ഓലയിൽ എഴുതിക്കൊടുക്കുന്ന കൂത്തുപാട്ടുകൾ കന്നുപൂട്ടുന്ന നേരത്തു പോലും മനസ്സിൽ ഉരുവിട്ടു കൊണ്ടായിരുന്നു ഈ പതിനഞ്ചുകാരൻ കൂത്തുപാട്ടുകൾ മന:പാഠമാക്കിയിരുന്നത്. ദാരിദ്ര്യത്തിന്റെ കെടുതികളെയും തരണം ചെയ്തു ഏറെ കഷ്ടപ്പെട്ടു തോൽപ്പാവക്കൂത്തു പഠിച്ച ഈ പതിനഞ്ചുകാരനാണ് കഴിഞ്ഞ തലമുറയിലെ ഏറ്റവും മികച്ച തോൽപ്പാവകൂത്തു കലാകാരന്മാരിൽ ഒരാളായിരുന്ന ഉപ്പത്ത് നാരായണൻ നായർ. നാരായണൻ നായരുടെ പിതാവ് കയില്യാട് പഞ്ചുനായരും അറിയപ്പെടുന്ന തോൽപ്പാവകൂത്തു കലാകാരനായിരുന്നു..
ഗതകാലത്തെ ഏറ്റവും നല്ല തോൽപ്പാവകൂത്ത് ആചാര്യനായിരുന്ന പാലപ്പുറം കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായിട്ടാണ് രാമസ്വാമി പുലവർ പിറന്നത്. തോൽപ്പാവകൂത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് പിതാവ് കൃഷ്ണ പുലവരിൽ നിന്നു തന്നെയാണ്. തോൽപ്പാവകൂത്തിൽ പുരാണ പക്ഷമെന്നും വേദാന്ത പക്ഷമെന്നും ഉള്ള വേർതിരിവുകൾ ഉണ്ട് . കഥാസന്ദർഭങ്ങളെയും പാട്ടിലെ ആശയങ്ങളെയും നോക്കി കാണുന്നതിലെ വ്യത്യാസമാണിത്. രാമസ്വാമി പുലവർ പുരാണങ്ങളുടെ കാഴ്ചപ്പാടോടെ തോൽപ്പാവകൂത്തിനെ സമീപിച്ച കലാകാരനായിരുന്നു.
തന്റെ പതിനഞ്ചാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ കാവിലാണ് രാമസ്വാമി പുലവർ അരങ്ങേറ്റം കുറിച്ചത്. ചിനക്കത്തൂർ കാവിനോടൊപ്പം മുണ്ടൂർ പാലക്കീഴ്ക്കാവ്, കാഞ്ഞിക്കുളം സത്രം കാവ്, മൂന്നുണ്ണിക്കാവ്, തൂത ഭദ്രകാളി ക്ഷേത്രം തുടങ്ങിയ നിരവധി കാവുകളിലെ കൂത്തവതരണത്തിൽ രാമസ്വാമി പുലവർ പങ്കെടുത്തിരുന്നു.
രാമസ്വാമി പുലവർ കൂത്തു പഠിപ്പിച്ചു കൊടുക്കുന്നതിൽ ഏറ്റവും മികച്ച ഗുരുനാഥൻ കൂടി ആയിരുന്നു. ഫോക്ലേ ർ അക്കാദമി അവാർഡ് ജേതാക്കളായ ഉപ്പത്ത് നാരായണൻ നായർ , പാലപ്പുറം കൃഷ്ണമൂർത്തി പുലവർ , പാലപ്പുറം ബാലകൃഷ്ണ പുലവർ, ചീരാത്ത് നാരായണൻ നായർ തുടങ്ങിയവർ രാമസ്വാമി പുലവരുടെ ശിഷ്യമാരാണ്. പാലപ്പുറം അണ്ണാമല പുലവർ ഇളയ സഹോദരനാണ്..