ആദിമ ദേവതകൾക്കു രൂപവും പുരയിടവുമെല്ലാം ഉണ്ടായത് നൂറ്റാണ്ടുകൾക്കു ശേഷമാണ്. ചിലർ കാളിയായി ചിലർ നീലിയായി ദുർഗ്ഗയും വനദുർഗ്ഗയുമെല്ലാം ആദി ദേവതകളുടെ പേരുകളായി., പൂജയും ഉത്സവങ്ങളും ഉണ്ടായി.ഐതിഹ്യങ്ങളും കുറിക്കപ്പെട്ടു. ഉത്സവനാളിൽ നാടു നടക്കാനിറങ്ങുന്ന വള്ളുവനാടൻ പൂതത്തിനുമുണ്ടായി ഒരു ഐതിഹ്യം, ദാരിക പോരിൻ്റെ കഥ.
അസുരന്മാരുടെ ഉപദ്രവത്തിനു അറുതി വരുത്താൻ മഹാവിഷ്ണു ചക്രായുധമെറിഞ്ഞു..അസുരവംശം മുഴുവൻ നശിച്ചു. ബാക്കിയായത് സ്ത്രീകൾ മാത്രം. കുല ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശാനുസരണം രാജ വംശജരായ ദാരുവതിയും ദാനവതിയും സന്താന ഭാഗ്യത്തിനായി ബ്രഹ്മാവിനെക്കുറിച്ചു തപസ്സു ചെയ്തു.ബ്രഹ്മാവിൻ്റെ അനുഗ്രഹത്താൽ അസുര സ്ത്രീകൾ അമ്മമാരായി.. ദാരുവതി പെറ്റവൻ ദാരികനായി.ഭാനവതി പുത്രൻ ദാനവനും .ശുക്രാചാര്യരിൽ നിന്നു ആയുധ വിദ്യയുടെ അടക്കമുള്ള വിദ്യയുടെ പ്രഥമ പാഠങ്ങൾ പഠിച്ച ദാരികനും ബ്രഹ്മാവിനെക്കുറിച്ചു തപസ്സു ചെയ്തു. കഠിന തപസ്സു ചെയ്ത ദാരികൻ്റെ മുന്നിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. അയോനി ജാതയായ ഒരു സ്ത്രീ നിമിത്തമല്ലാതെ തനിക്കു മരണംഭവിക്കരുതെന്ന വരം ദാരികൻ വാങ്ങി.. മാത്രമല്ല നിലത്തു വീഴുന രക്തത്തിൽ നിന്നു. അനേകം ദാരികന്മാർ ജനിക്കണമെന്നുമുള്ള വരവും വാങ്ങി..അങ്ങിനെ ദാരികൻ ബലശാലിയായി.
മയാ സുരപുത്രിയായ മനോവതിയെ ദാരികൻ വിവാഹം ചെയ്തു.മയാസുരൻ നിർമ്മിച്ച അന്തിമാള നഗരത്തിൽ ദാരികൻ കൊട്ടാരം പണിതു..മൂന്നു ലോകവും കീഴ് മടക്കാൻ ആശയുദിച്ച നാളിൽ ദാരികൻ പോരിനിറങ്ങി.സ്വർഗവും പാതാളവും ഭൂമിയും ദാരികൻ്റെ സ്വന്തമായി.ദേവന്മാർ വിരളി പൂണ്ടു.ദാരിക വധത്തിനായി സപ്തമാതാക്കൾ സൃഷ്ടിക്കപ്പെട്ടു. അവരും തോറ്റു മടങ്ങി.ഇതറിഞ്ഞ കൈലാസനാഥൻ കോപം കൊണ്ടു നില കുലഞ്ഞു. കോപം നേത്രാഗ്നിയായി ബഹിർഗമിച്ചു.അഗ്നിയിൽ നിന്നു അവൾ പിറന്നു കാളി.ദീകരതയുടെ രൂപമുള്ള അവളുടെ അട്ടഹാസം കേട്ടു ദിക്കുകൾ ഞെട്ടിവിറച്ചു.കൈലാസം കുലുങ്ങി.. "പോവു, അന്തിമാളത്തരചൻ്റെ തല കൊയ്തു വരു ".. ശിവൻ്റെ കല്പന കേട്ട അവൾ വേതാള വാഹനമേറി.ഒപ്പം ശിവഭൂതഗണങ്ങളും..കാളിയുടെ വരവു കണ്ട അന്തിമളം ഭയന്നു നടുങ്ങി.. തുടർന്നു നടന്ന പോരിൽ ദാനവനും അസുരപ്പടയും ചത്തൊടുങ്ങി.. ദാരികൻ മാത്രമായി ബാക്കി.ദാരികനും കാളിയും ഏറ്റുമുട്ടി..ദാരികൻ വീഴുമെന്ന അവസ്ഥയിൽ ഭാര്യ രക്ഷക്കെത്തി.. കാളിയുടെ മേൽ മനോവതി വസൂരി പൊള്ളങ്ങളെറിഞ്ഞു. കണ്ഠാകർണ്ണൻ അതു നക്കി തുടച്ചു. ഒടുവിൽ കാളി ദാരികൻ്റെ ശിരസ്സറുത്തു. അറുത്തെടുത്ത ശിരസ്സും അടങ്ങാത്ത കോപവുമായി കാളി നൃത്തം ചെയ്തു.
കാളിക്കു തുണനിന്ന ശിവ ഭൂതഗണങ്ങൾ ആനന്ദത്തിൻ്റെ നൃത്തം ചവിട്ടി .അന്നു തുടി കൊട്ടിയാടിയ ഒരു പൂതം കാലത്തിലൂടെ കടന്ന് വള്ളുവനാടൻ നാട്ടു പഴമയിൽ പുനർജ്ജനിച്ചു.ഓരോ ഉത്സവക്കാലത്തും ദാരിക വധഗാഥയുമായി വള്ളുവനാട്ടിലൂടെ പൂതൻ തുടികൊട്ടിയാടുന്നു.