മാരിയമ്മയുടെ മക്കൾ....
ഒറ്റപ്പാലം -പാലക്കാട് റൂട്ടിൽ പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിൽ നിന്നു 200 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ കാവേരി ഓഡിറ്റോറിയം കാണാം. അതിനു നേരെതിരെയുള്ള വഴിയിൽ അമ്പതു മീറ്റർ നടന്നാൽ തമിഴും മലയാളവും ഇടകലർത്തി പേശുന്ന മുതലിയാർ ഗ്രാമമായി.. ഗ്രാമത്തിന്റെ കിഴക്കേക്കോണിൽ മുരുകൻ കോവിലാണ് , മധ്യത്തിൽ മുല്ലക്കൽ കുറുമ്പയും പടിഞ്ഞാറ് മാരിയമ്മൻ കോവിലും.. നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ ഇവിടെയെത്തി ഗ്രാമം പണിയുന്നതിനു മുൻപ് കരുവാൻ ഇപ്പോവേയുടെ കുടിൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പാ വേ സ്ഥാപിച്ചതാണ് ഇവിടെ കുറുമ്പയെ . പഴമയുടെ നിറം മങ്ങാത്ത ഓർമ്മകളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട വീടുകൾ ഇന്നും ഗ്രാമത്തിനകത്തു കാണാനാവും. എന്നാൽ ആചാരത്തിലും ചിട്ടകളിലും മുഴുവൻ മാറ്റം വന്നിരിക്കുന്നു.. ആദിവാസി ഊരുകളിലെ ഊരുകൂട്ടത്തെ പോലെ സമുദായിക കാര്യങ്ങളിൽ അന്തിമ തീർപ്പു കല്പിക്കാൻ അധികാരമുണ്ടായിരുന്ന നാട്ടായ്മ പ്രമാണം എന്ന സംവിധാനമാണ് ഗതകാലത്തു ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത്. മാരിയമ്മൻ കോവിൽ നടത്തിയിരുന്നതും അവരായിരുന്നു. ആ കാലഘട്ടത്തിൽ സമുദായം മാറി വിവാഹം ചെയ്താൽ "പുറമ്പ് " വെക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു. സമുദായത്തിൽ നിന്നു പുറത്താക്കിയാൽ മാരിയമ്മൻ കോവിലിൽ പോലും തൊഴാൻ സമ്മതിക്കുകയില്ലായിരുന്നു. ഇന്ന് ഒരു പക്ഷേ, ഏറ്റവും കൂടുതൽ inter caste മാര്യേജ് നടക്കുന്നത് പാലപ്പുറം ഗ്രാമത്തിലാവാം. ഇതിൽ വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹങ്ങളും ഉണ്ട്. ഇന്നു വിവാഹിതരായി ഗ്രാമത്തിലെത്തുന്ന നവ വധുക്കളിൽ പാതിയിലേറെ പേർ മലയാളം പേശുന്ന പെൺകുട്ടികളാണ്. ഇവിടെ ആരും ജാതി ചോദിക്കാറില്ല. അതിന്റെ പേരിൽ ആരെയും മാറ്റി നിർത്താറുമില്ല... ഏല്ലാവരും മാരിയമ്മയുടെ മക്കളാണിവിടെ....
ആപത്തു വന്നാൽ എല്ലാവരും ഇപ്പോഴും ഓടിക്കൂടാറുണ്ട്. ആണ്ടൊരു മൂന്നു കൂടുമ്പോൾ നടക്കുന്ന മാരിയമ്മൻ പൂജയാണ് ഏറ്റവും വലിയ ഗ്രാമോത്സവമെങ്കിലും, അകലങ്ങളിൽ അന്നം തെരഞ്ഞു പോയവരെല്ലാം ഓടിയെത്തുക ചെനക്കത്തൂർ പൂരത്തിനാണ്. ചെനക്കത്തൂരിനു സമർപ്പിക്കാനുള്ള തേര് തോളേന്താനാണ് കടൽ കടന്നും കുംഭത്തിലെ മകം ഉദിക്കുന്ന നേരത്തിനു മുന്നേ പലരും ഗ്രാമത്തിലെത്തുക. ചിനക്കൂത്തൂരും പാലപ്പുറം ഗ്രാമവും തമ്മിലുള്ള ബന്ധം ഒരു പൂരത്തിൽ ഒതുങ്ങുന്നില്ല എന്നതും നേരാണ്.
Home »
our village our people.
» Imported post: Facebook Post: 2023-09-09T15:07:30