Indian traditions and cultural stories.

Rainy season... മഴയുടെ കാലം.

   ആകാശത്തിന്റെ അതിരിൽ മഴയുടെ നിറമുള്ള മേഘങ്ങൾ ഉരുണ്ടു പിരണ്ടു ഉയരം കയറുമ്പോൾ കാലം തെറ്റാത്ത കാലത്താണെങ്കിൽ കർഷകന്റെ നെഞ്ചിൽ നിറയുക ആനന്ദമാണ്. കാലം തെറ്റാതെ മഴ പെയ്യാനും , വിതച്ചതു മുഴുവൻ മുളക്കാനും , മുളച്ചതു മുഴുവൻ വളരാനും , വളർന്നതു മുഴുവൻ വിളയാനും വേണ്ടിയാണ് ഞങ്ങൾ വള്ളുവനാട്ടുകാർ കാളക്കോലങ്ങളെ തോളേന്തി കാളിയുടെ കാവുകയറുന്നത്. നെല്ലു വിളയുന്ന  പാലക്കാടൻ മണ്ണിലെ കാവുത്സവങ്ങളുടെയെല്ലാം പരമമായ ലക്ഷ്യവും ഇതു തന്നെയാണ്. പണ്ടു ഞങ്ങൾ ഊരുകാക്കുന്നേ ദേവിയെ സാക്ഷി നിർത്തി കോഴിയും ആടും വെട്ടി ഭുമി ദേവിക്കു രക്തം നൽകിയിരുന്നു. എന്തിനാണെന്നോ ഉർവരയായ ഭൂമി ദേവിയെ വസുന്ധരയാക്കുവാൻ . തമിഴകത്തെ മാരിയമ്മയും മഴ ദൈവം തന്നെ. അവിടെ കോഴിക്കുരുതിയും ആടു വെട്ടലും ഇപ്പോഴും നിർബാധം നടക്കുന്നുണ്ട്.. മഴക്കാലമെന്നത് എല്ലാവർക്കും സന്തോഷത്തിന്റെ കാലവും അല്ലല്ലോ
 ഇണയെ പിരിഞ്ഞിരിക്കുന്നവരുടെ മനസ്സിൽ മഴക്കാലം വിരഹേ ദന വളർത്തുമത്രേ. അതുകൊണ്ടാണല്ലോ കാളിദാസന്റെ യക്ഷനും വാല്മീകിയുടെ രാമനും മഴയെ കണ്ടു കരഞ്ഞത്. മഴ രതിയുടെ ഓർമ്മയുണർത്തുമെന്നു മനശ്ശാസ്ത്രവും ചൊല്ലുന്നുണ്ട്. മഴ മാത്രമല്ല പൂർണ്ണ നിലാവിന്റെ നിശയും രതിവികാരത്തെ തട്ടിയുണർത്തുമത്രേ! കുളിർക്കാറ്റും മോശക്കാരനല്ല. രാമനെ പ്രാപിക്കാനാവാതെ വന്ന നോവിന്റെ നിശയിൽ ഉദിച്ചുയർന്ന ചന്ദ്രകിരണങ്ങൾ കാമന്റെ അസ്ത്രം പോലെ തന്റെ നെഞ്ചിൽ തറച്ചു കയറി വേർപാടിന്റെ നോവിനെവളർത്തു എന്നു കരുതിയാണല്ലോ  കമ്പന്റെ ശൂർപ്പണഖ  നിലാവിനെ പിടിച്ചു താൻ തിന്നട്ടെ എന്നു പറഞ്ഞത്.
Share:

Sadananda Pulavar

Tholpava koothu artist