ആ കാലത്ത് പോസ്റ്റ്മാനായിരുന്നു കറുപ്പസ്വാമിമാഷ്. സായന്തനത്തിന്റെ നേരമെത്തിയാൽ കറുപ്പസ്വാമി മാഷ് നേരെ തെക്കോട്ടു നടക്കും. ഊടു വഴിയും പാടവരമ്പും താണ്ടിയുള്ള നടത്തം ചെന്നവസാനിക്കുക നാടൻ വാറ്റിന്റെ വീടുകളിലാവും. രണ്ടോ മൂന്നോ ഗ്ലാസ്സ് അകത്തു ചെന്നാൽ മാഷ് മറ്റൊരാളായി മാറും. ഒരാളോടും ഒരു വാക്കു പറയാനോ മറുവാക്ക് കേൾക്കാനോ മാഷ് നിൽക്കാറില്ല. എന്നാൽ നടത്തത്തിനിടയിൽ നായ്ക്കളെ കണ്ടാൽ മാഷിന്റെ ഉള്ളിലെ സദാചാരബോധം സടകുടഞ്ഞെഴുന്നേൽക്കും. പിന്നെയൊരു ചോദ്യമാണ്.
" ഫാ, രണ്ടണക്കു മൂന്നു കോണകം വിൽക്കണു. ഒന്നു വാങ്ങിട്ടിയാലെന്താ"?. വഴി നീളെ നായകളോടു സദാചാരം ചൊല്ലി വീട്ടിലെത്തിയാൽ മാഷ് ആദ്യം തെരയുക ഭാര്യയേയാണ്. ഭാര്യ പാത്രം കഴുകകയാണെങ്കിൽ പാത്രത്തെ കാലുകൊണ്ടു തട്ടിത്തെറിപ്പിക്കും. വേറെ എന്തെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കിൽ പുറം കാലു കൊണ്ടു ഭാര്യയുടെ ചന്തിക്കു ഒരു തട്ടു കൊടുക്കും. ഭാര്യക്കു നാവു നാലായിരുന്നു. ചീത്ത വാക്കുകൾ ചൊല്ലാൻ മിടുക്കിയുമായിരുന്നു. അസഭ്യ പുരാണത്തിന്റെ ഏടുകൾ കെട്ടഴിക്കാൻ അധിക നേരം എടുക്കാറില്ല. ഭാര്യയുടെ നാവിൽ നിന്നടർന്നു വീഴുന്ന അസഭ്യതയുടെ വാക്കുകൾ കേൾക്കുന്നതു മാഷിനു ഹരമായിരുന്നു. ഒരു ഭാഗത്തു ശാന്തനായി ഇരുന്നു കാതു കൂർപ്പിച്ചു തെറി അഭിഷേകം ഏറ്റുവാങ്ങും. ഭാര്യ നിർത്തിയാൽ എന്താ നിർത്തിയോ എന്നു ചോദിക്കും..അതോടെ പൂരപ്പാട്ട് വീണ്ടും തുടങ്ങും. പക്ഷേ വാറ്റു ചാരായത്തിന്റെ ലഹരിയൊഴിഞ്ഞ നേരുത്തു മാഷ് മറ്റൊരാളാണ്. ആ കാലത്ത് വീടുകളിൽ ബാത്ത്റൂം സൗകര്യം തീരെ പരിമിതമായതിനാൽ നൂറിൽ നൂറു ഗ്രാമീണറും കുളിക്കുക കുളത്തിലാണ്. 1948 ൽ നടന്ന അയിത്തോച്ചാടന ജാഥക്കു ശേഷം മാത്രമാണ് പാലപ്പുറം വിഷ്ണു ക്ഷേത്രത്തിലെ കുളം സാധാരണക്കാരന്നു തുറന്നു കിട്ടിയത്. ആ കാലത്തു പാലപ്പുറം അങ്ങാടിയിലെ ഭൂരി പക്ഷം പേരും കുളിക്കാനെത്തുക വിഷ്ണു ക്ഷേത്രത്തിലെ കുളത്തിലാണ്. ഒരു തുണ്ടുകടലാസ്സിൽ ഉമിക്കരിയും ഒരു ഈർക്കിൽ തുണ്ടുമായി കുളിക്കാനെത്തുന്നവർ പല്ലു തേപ്പും നാവു വടിയും കഴിഞ്ഞാൽ കടലാസ്സുകഷ്ണണവും ഈർക്കിലും കുളക്കടവിനടുത്തേക്കു വലിച്ചെറിയുകയാണ് പതിവ്.. രാവിലെ കുളിക്കാനെത്തുന്ന കറുപ്പസ്വാമിമാഷ് കുളക്കടവിലെ കടലാസ്സും ഈർക്കിലും മറ്റു കുപ്പകളും പെറുക്കി കൂട്ടി തീയിടും. മാത്രമല്ല കുളക്കടവിലെ പുല്ലു മുഴുവൻ പറിച്ചു കളയുകയും ചെയ്യും. അതിനു ശേഷമേ കുളിക്കകയുള്ളു. ആ തലമുറയിലെ ഏകദേശം പേരും ഇത്തരക്കാരായിരുന്നു.
പാലപ്പുറത്തു പോസ്റ്റ് ഓഫീസ് എത്തുന്നതിന്നു മുൻപ് ഈ പ്രദേശം ലെക്കിട്ടി പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിന്നു ശേഷമാണ് പാലപ്പുറത്തു സബ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്.
പാലപ്പുറത്തെ ആദ്യത്തെ പോസ്റ്റ് മാഷ് പുതിയേടത്തു രാവുണ്ണി നമ്പ്യാരാണ്. ആദ്യത്തെ പോസ്റ്റ്മാൻ കറുപ്പസ്വാമി മാഷും . പാലപ്പുറത്ത് ഏറ്റവും കൂടുതൽ കാലം പോസ്റ്റ് മാഷായി വർക്കു ചെയ്തതതും രാവുണ്ണി നമ്പ്യാരാണ്. അങ്ങാടിയിൽ ലയ്മണൻ മുതലിയാരുടെ സ്വന്തമായിരുന്ന ഇരു നില ഓടിട്ട കെട്ടിടത്തിൽ താഴെ നിലയിലാണ് പാലപ്പുറം പോസ്റ്റ് ഓഫീസ് വർക്കു ചെയ്തിതിരുന്നത്. കാവേരി ഓഡിറ്റോറിയത്തിന്റെ തൊട്ടു കിഴക്കുള്ള ഈ കെട്ടിടത്തിൽ ഇപ്പോൾ ഒരു ചായക്കടയാണ് പ്രവർത്തിക്കുന്നത്.
പഴയ കാലത്ത് Telegram സംവിധാനം ഒറ്റപ്പാലത്തു മാത്രമാണ് ഉണ്ടായിരുന്നത്. ടെലഗ്രാം സന്ദേശം പകർത്തിയ കടലാസ്സു കഷ്ണവുമായി ഒറ്റപ്പാലത്തു നിന്നു സൈക്കിളിൽ എത്തുന്ന സന്ദേശ വാഹകന്നെ കണ്ടാൽ കൂട്ട നിലവിളി തുടങ്ങും. കാരണം ആ കാലത്തു 99 ശതമാനം ( കമ്പികളും ) മരണസന്ദേശങ്ങളാവും. മലേഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നു expired എന്ന സന്ദേശം ഏഴാം ദിവസമോ എട്ടാം ദിവസമോ കിട്ടിയാലും വീട്ടുകാർ നെഞ്ചത്തു തല്ലിക്കരയും .. സമീപ വാസികളും ദുഃഖത്തിൽ പങ്കു ചേരും. ആ കാലവും ഇല്ലാതായി.
രാവുണ്ണി നമ്പ്യാർക്കു ശേഷം പാലപ്പുറത്തു പലരും പോസ്റ്റ് മാഷ് ആയി എത്തിയെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുക അച്ചുതൻ മാഷും ഹരിദാസൻ മാഷുമാണ്. അച്യുതൻ മാഷ് കറ കളഞ്ഞ കോൺഗ്രസ് അനുഭാവിയായിരുന്നു. ഹരിദാസ് മാഷ് ക്രിക്കറ്റിൽ ലയിച്ചു ചേർന്ന വ്യക്തിയായിരുന്നു ഊണിലും ഉറക്കത്തിലും നടത്തത്തിലുമെല്ലാം ഹരി മാഷിന്റെ ചിന്ത ക്രിക്കറ്റ് ആയിരുന്നു. പോസ്റ്റ്മാൻമാരിൽ തിരുവില്വാമല ശിവശങ്കരൻ മാഷ് , കുഞ്ഞി രാമൻ മാഷ് , ഈ അടുത്ത കാലത്തു വിരമിച്ച ഭാസ്ക്കരൻ മാഷ് എന്നിവർ ഓർമ്മയിൽ തങ്ങി നിൽക്കുന്നവരാണ്. ഇതിൽ ശിവശങ്കരൻ മാഷ് പൂരപ്രേമി ആയിരുന്നു. നിറഞ്ഞ ചിരിയോടു കൂടി ഏവരോടും കുശലാന്വേഷണം നടത്തിയിരുന്ന ചുനങ്ങാട് സ്വദേശിയായ കുഞ്ഞിരാമൻ മാഷ് സഹോദര സ്നേഹത്തിന്റെ നേരടയാളം കൂടിയായിരുന്നു. വിധവകളും നിർദ്ധനരുമായ സഹോദരിമാർക്കു വേണ്ടി വിവാഹം തന്നെ വേണ്ടെന്നു വെച്ച മാഷ് തന്നെയാണ് അവരുടെ കുട്ടികൾകൾക്കും താങ്ങായി നിന്നത്. മാഷ് ഒറ്റപ്പാലം നഗരസഭാ കൗൺസറായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.