തോൽപ്പാവകൂത്തു കലാകാരന്മാരുടെ പ്രവൃത്തിയിൽ ഉൾപ്പെട്ടിരുന്നില്ല. തോൽകൊല്ലൻ എന്ന വിഭാഗമായിരുന്നു അന്നു പാവ നിർമ്മിച്ചിരുന്നത്. ഏറ്റവും പുരാതന പാവകളായ കുത്തന്നൂർ സംഘത്തിന്റെ പാവകളും മാത്തൂർ സംഘത്തിന്റെ പാവകളും കവളപ്പാറ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആര്യങ്കാവിലെ പാവകളും നിർമ്മിച്ചത് തോൽകൊല്ലന്മാരായിരുന്നു. ഇതിൽ ആര്യങ്കാവിലെ പാവകൾ നിർമ്മിച്ചത് തൊഴുവാന്നൂർ കൃഷ്ണൻ എന്നു പേരുള്ള തോൽകൊല്ലനാണ്.
തോൽപ്പാവ കൂത്തു കലാകാരന്മാർ സ്വയം പാവകളുണ്ടാക്കി തുടങ്ങിയിട്ട് അരനൂറ്റാണ്ടു കാലമേ ആകുന്നുള്ളു. ഇതിനു തുടക്കം കുറിച്ചത് മാങ്ങാട്ടു വളപ്പിൽ രാമൻ നായർ എന്ന സ്ക്കൂൾ അധ്യാപകനാണ്. സ്കൂളിലെ ഡ്രോയിങ് മാഷായിരുന്ന ഇദ്ദേഹം കവളപ്പാറ പാവകളുടെ Trace എടുക്കുകയും അതു പകർത്തി പാവകൾ നിർമ്മിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുകയുമാണുണ്ടായത്.
കൂനത്തറ സ്വദേശി മാധവനും പാവനിർമിക്കാൻ പഠിച്ചത് രാമൻ നായരിൽ നിന്നാണ്. ചിത്രം വരക്കാൻ അസാമാന്യ കഴിവുണ്ടായിരുന്ന മാധവൻ ചില പാവകൾ സ്വന്തമായി തന്നെ design ചെയ്തു നിർമ്മിച്ചിട്ടുണ്ട്. മാധവേട്ടൻ നിരവധി പേർക്കു പാവകൾ നിർമ്മിച്ചു കൊടുത്തിട്ടുണ്ട്. ഇദ്ദേഹം നിർമ്മിച്ച പാവകളുപയോഗിച്ചു പലരും പ്രശസ്തിയും ധനവും നേടിയിട്ടുണ്ട്. പക്ഷേ മാധവേട്ടന്റെ പേർ എവിടെയും എഴുതപ്പെട്ടിട്ടില്ല എന്നതാണ് സത്യം.