ശരിയേതെന്നോ, തെറ്റു എതെന്നോ അറിയാനാവാതെ അന്തം വിട്ടു നിന്നു പോയി. പിന്നെയെല്ലാം നിരർത്ഥകമെന്നും തോന്നി. പൊടുന്നനേ പുതിയൊരു പ്രകാശം നെഞ്ചിൽ പരന്നതും അതിന്റെ സുഖ സ്പർശമേറ്റു ഞാൻ ചിന്തയൊടുക്കി ഭാവനയുടെ ചിറകേറിയതും ഓർക്കുന്നു. എവിടെയെല്ലാമോ തെരഞ്ഞു ഒടുവിൽ കണ്ടു കിട്ടിയ സ്നേഹം അതൊരു പുതിയ നിലാവു പോലെ, ഒരു കുടന്ന അശോക പൂങ്കുല പോലെമനസ്സിൽ പൂത്തു നിറഞ്ഞു. മനസ്സിന്റെ അഗാധതലം വരെ അനുഭൂതിയായി ആനന്ദമായി നിറഞ്ഞ തികവാർന്ന നിമിഷത്തിന്റെ സുഖാലസ്യത മനസ്സിനെ തഴുകവേ കണ്ടു തിളങ്ങുന്ന രണ്ടു നക്ഷത്രനയനങ്ങൾ .
കണ്ണിന്റെ , ചേലൊത്ത മൂക്കിന്റെ , മൂക്കിലെ മുക്കുത്തിയുടെ പിന്നെ ചുണ്ടിന്റെ വശ്യ സൗന്ദര്യത്തിൽ ലയിച്ചു ചേരവേ പെണ്ണൊരു കവിതയായി. കവിതയിലൂടെ കാർ കൂന്തൽ തൊട്ടു കാൽ വിരൽ വരെ അഴകിനെ തെരയവേ അവൾ പുഴയായി മാറി. ശിവകാമിയെക്കുറിച്ചോർക്കുമ്പോൾ ഇങ്ങിനെയാണ്.. പലപ്പോഴും അവളെ വർണ്ണിക്കാൻ വാക്കുകളറിയാതെ ഭാവന തളർന്നു പോവും..പെട്ടെന്നു തന്നെ അതു ഇതൾ നിവർത്തി പൂത്തുലയും..