അനങ്ങൻ മല....
ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...
രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "
ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,