അകലെ കോംഗോ തടത്തിൽ നിന്നുയിർ ജനിക്കുന്ന മഴമേഘങ്ങൾ കാറ്റിന്റെ രഥമേറി കാതങ്ങൾ നീന്തിയെത്തി മലയാളത്തിന്റെ മണ്ണിൽ പെയ്തു നിറയുന്ന പടിഞ്ഞാറൻ കാലവർഷത്തിന്റെ കനിവ് കന്നി പാതിയോടെ വിട പറഞ്ഞാൽ പിന്നെ കിഴക്കൻ മഴയുടെ കാലമാണ്.
അന്തി കറുക്കുന്ന നേരത്ത് ചുരം കടന്നെത്തുന്ന കരിമേഘകൂട്ടങ്ങൾ പുലരും വരെ താണ്ഡവമാടിയിരുന്നു ഗതകാലത്ത് . ഇടിയും മിന്നലും ഏറ്റവും കൂടുതൽ ഉണ്ടാവുന്നതും കൊങ്ങൻ മഴയുടെ നാളിലാണ്.
അണകളും തടയണകളും ഇല്ലാതിരുന്ന കാലത്ത് ചുരത്തിനപ്പുറം മഴ തിമിർത്തു പെയ്താലും പുഴ കരകവിഞ്ഞൊഴുകിയിരുന്നു. പൊള്ളാച്ചി ഭാഗത്തു പെയ്യുന്ന പേമാരിയുടെ അതികജലം പോലും മണിക്കൂറുകൾക്കുള്ളിൽ പുഴയെ നിറക്കും. അതുകൊണ്ടു
തുലാ വെള്ളത്തിന്റെ വരവു ഊഹാതീതമായിരുന്നു.
1942 രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലം.. നിയന്ത്രണങ്ങളുടെ കാഠിന്യം കാരണം പാലപ്പുറത്തുകാർ കള്ളു കുടിക്കാൻ പോലും ഭാരതപുഴയിലെ പറവൻ കടവു താണ്ടി കൊച്ചി രാജ്യത്തേക്കു പോയിരുന്നു. കൺട്രോൾ കാലമെന്നറിയപ്പെട്ടിരുന്ന ആ കാലത്ത് നെയ്തിനുള്ള നൂലിനും മലബാറിൽ ക്ഷാമമായതിനാൽ പാലപ്പുറത്തുകാർ നൂലിനു വേണ്ടി തിരുവില്വാമലയെ ആശ്രയിക്കുകയാണ് പതിവ്.
തുലാമാസത്തിലെ തെളിഞ്ഞ നിന്ന ഒരു പകലിൽ സ്രാമ്പി മുതലിയും രാമസ്വാമിയും കൂടി നൂലുവാങ്ങാൻ പുഴ കടക്കുമ്പോൾ മുട്ടോളം വെള്ളമേ പുഴയിൽ ഉണ്ടായിരുന്നുള്ള. കൂട്ടാലയിലെത്തി (തിരുവില്വാമലയുടെ പഴയ പേര്) നൂലുവാങ്ങി തിരികെ എത്തുമ്പോൾ കണ്ടത് നിറഞ്ഞ നിളയെയാണ്. കലങ്ങിമറിഞ്ഞു ഒഴുകുന്ന പുഴയുടെ രൗദ്രഭാവം കണ്ട രാമസ്വാമി പാമ്പാടിക്കു നടന്ന് രണ്ടു ചില്ലി കൊടുത്ത് തോണിക്കു പോകാമെന്നു പറഞ്ഞുവെങ്കിലും സ്രാമ്പി കേട്ടില്ല. ദാരിദ്ര്യത്തിന്റെ നാളുകളിൽ രണ്ടു ചില്ലി ചെലവാക്കാൻ മടിച്ച സ്രാമ്പി ഈ വെള്ളമെന്നും സാരമില്ല ഇറങ്ങി കടക്കാമെന്നു പറഞ്ഞു വെള്ളത്തിറങ്ങി രണ്ടേ രണ്ടടി വെച്ചതും കാൽ വഴുതി പുഴയിൽ വീണു അടിയൊഴുക്കിന്റെ അദൃശ്യ കരങ്ങൾ സ്രാമ്പിയെ ചേർത്തുപിടിച്ചു. സ്രാമ്പിയേയും കൂട്ടി അതു ഒഴുകി നിലയില്ലാ ആഴവും കടന്നുപോയ ഒഴുക്കിന്റെ ഒടുവിൽ പാട്ടാമ്പിയിൽ മൂന്നാം നാൾ ശവം പൊന്തി.
ഇന്നു തുലാവർഷവും ഇല്ലാതായി. തുലാക്കാലത്ത് പുഴ നിറഞ്ഞൊഴുകുന്നതും മറവിയിലെ കാഴ്ചയായി മാറിയിരിക്കുന്നു.






