അത്രിയെന്നൊരു ഋഷി പണ്ടൊരു നാൾ മൂർത്തികൾ മൂവരെയും കുറിച്ചു തപസ്സ് ചെയ്തു. മൂവരും തനിക്കു പുത്രന്മാരായി പിറക്കണമെന്ന ഋഷിയുടെ ഇച്ഛ സഫലമായി. അങ്ങനെ വിഷ്ണു ദത്താത്രേയനായി, കൈലാസനാഥൻ ദൂർവ്വാസ്സായി . സോമനായത് ബ്രഹ്മാവാണ്. ഈ സോമൻ തന്നെയാണ് ചന്ദ്രനായ നിലാവെന്നു ഭാഗവതം. അതീവ സൗന്ദര്യത്തിൻ്റെ ആൾ രൂപമായ ചന്ദ്രനെ മോഹിക്കാത്ത ഒരു ദേവസ്ത്രീയും ഇല്ലായിരുന്നുവത്രേ!
ചന്ദ്രനിൽ ഭ്രമിച്ചു പോയവരിൽ അഗ്നിദേവൻ്റെ ഭാര്യ സ്വാഹയും, ദേവഗുരു ബ്രഹസ്പതിയുടെ പത്നി താരയും ഉൾപ്പെടും. ബ്രഹസ്പതി ചന്ദ്രൻ്റെ ഗുരു കൂടിയാണ്. ഗുരു പത്നിയിൽ ചന്ദ്രനു പിറന്ന മകനാണ് ബുധൻ. ആധുനീക ശാസ്ത്രത്തിൻ്റെ പിറവിക്കു മുൻപു തന്നെ അർക്ക ചന്ദ്രാദികളുടെ സഞ്ചാരത്തെ ഗണിച്ചു നാളും പക്കവും പക്ഷവും കുറിച്ചവരാണ് നമ്മുടെ പൂർവീകർ. മകരസംക്രമവും, കർക്കടക സംക്രമവും സൂര്യൻ്റെ യാത്രയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണെങ്കിൽ അതിലും എത്രയോ ഇരട്ടി ഉത്സവങ്ങൾ ചന്ദ്രൻ്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമായി ആചരിച്ചു വരുന്നു. തിഥിയെ അടിസ്ഥാനമാക്കുന്ന ഏകാദശി, ദ്വാദശി, നവമി, വിജയദശമി, തുടങ്ങിയ വിശേഷദിവസളെല്ലാം ചന്ദ്രനുമായി ബന്ധപ്പെട്ടതാണ്. പല ഉത്സവങ്ങളും കാവുത്സങ്ങളും കൂടി നിലാവിന്റെ വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനമാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. കാമദഹനത്തിന്റെ കഥ പറയുന്ന തിരുവാതിരയെത്തുക ധനു നിലാവ് പൂർണ്ണതയിലേക്കു നടക്കുന്ന നാളിലാവും.മകരനിലാവു പൂർണ്ണതയെ തൊടുക പൂയ്യം നാളിലാവും.ഈ നാളിലാണ് പഴനിയാണ്ടവന്റെ പേരിൽ നാടുനീളെ കാവടിയാടുക - അടുത്ത നിലാവ് ചിനക്കത്തൂരിന്റെയും , ചോറ്റാനിക്കര ദേവിയുടെയും ആറ്റുകാലമമയുടെയും മകം നാളിലെത്തും. ചിനക്കത്തൂരിനു വേറെ ഒരു പ്രത്യേകത കൂടിയുണ്ട്. 2027 ലെ പൂരം എന്നാണ് എന്നറിയണമെങ്കിൽ 2025ലെ കർക്കിടക വാവിൻ്റെ മലയാള തിയ്യതി നോക്കിയാൽ അറിയാനാവും 2027 കുംഭത്തിൽ അതേ തിയ്യതിക്കാവും പൂരം പിറക്കുക. 2026 കർക്കിട വാവിൻ്റെ തിയ്യതിക്കാവും 2028 പൂരം പിറക്കുക. അതായത് 2 വർഷം മുൻപു തന്നെ തോൽപ്പാവകൂത്തു തുടങ്ങുന്ന ദിനം അറിയാൻ ഞങ്ങൾക്കു കഴിയും.






