Indian traditions and cultural stories.

GURU RAMA SWAMY PULAVAR.

ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് നടപ്പാതകൾ പോലും വിരളമായിരുന്ന കയില്യാട് എന്ന കുഗ്രാമത്തിൽ നിന്ന് പതിനഞ്ചിലേറെ നാഴിക ദൂരം നടന്ന് ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലപ്പുറത്തേക്കു യാത്ര പോയിരുന്നു ഒരു പതിനഞ്ചു വയസ്സുകാരൻ . അതിരാവിലെ മുതൽ പാടത്തു കന്നുപൂട്ടിയ ക്ഷീണാലസ്യതയേയും മറന്ന് ഈ പതിനഞ്ചുകാരൻ പാലപ്പുറത്തെത്തിയിരുന്നത് തോല്പാവകൂത്തു ആചാര്യൻ രാമസ്വാമി പുലവരെ കാണാനായിരുന്നു. തോൽപ്പാവകൂത്തു പഠിക്കാൻ . ഗുരുനാഥൻ ഓലയിൽ എഴുതിക്കൊടുക്കുന്ന കൂത്തുപാട്ടുകൾ കന്നുപൂട്ടുന്ന നേരത്തു പോലും മനസ്സിൽ ഉരുവിട്ടു കൊണ്ടായിരുന്നു ഈ പതിനഞ്ചുകാരൻ കൂത്തുപാട്ടുകൾ മന:പാഠമാക്കിയിരുന്നത്. ദാരിദ്ര്യത്തിന്റെ കെടുതികളെയും തരണം ചെയ്തു ഏറെ കഷ്ടപ്പെട്ടു തോൽപ്പാവക്കൂത്തു പഠിച്ച ഈ പതിനഞ്ചുകാരനാണ് കഴിഞ്ഞ തലമുറയിലെ ഏറ്റവും മികച്ച തോൽപ്പാവകൂത്തു കലാകാരന്മാരിൽ ഒരാളായിരുന്ന ഉപ്പത്ത് നാരായണൻ നായർ. നാരായണൻ നായരുടെ പിതാവ് കയില്യാട് പഞ്ചുനായരും അറിയപ്പെടുന്ന തോൽപ്പാവകൂത്തു കലാകാരനായിരുന്നു.. ഗതകാലത്തെ ഏറ്റവും നല്ല തോൽപ്പാവകൂത്ത് ആചാര്യനായിരുന്ന പാലപ്പുറം കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായിട്ടാണ് രാമസ്വാമി പുലവർ പിറന്നത്. തോൽപ്പാവകൂത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് പിതാവ് കൃഷ്ണ പുലവരിൽ നിന്നു തന്നെയാണ്. തോൽപ്പാവകൂത്തിൽ പുരാണ പക്ഷമെന്നും വേദാന്ത പക്ഷമെന്നും ഉള്ള വേർതിരിവുകൾ ഉണ്ട് . കഥാസന്ദർഭങ്ങളെയും പാട്ടിലെ ആശയങ്ങളെയും നോക്കി കാണുന്നതിലെ വ്യത്യാസമാണിത്. രാമസ്വാമി പുലവർ പുരാണങ്ങളുടെ കാഴ്ചപ്പാടോടെ തോൽപ്പാവകൂത്തിനെ സമീപിച്ച കലാകാരനായിരുന്നു.
തന്റെ പതിനഞ്ചാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ കാവിലാണ് രാമസ്വാമി പുലവർ അരങ്ങേറ്റം കുറിച്ചത്. ചിനക്കത്തൂർ കാവിനോടൊപ്പം മുണ്ടൂർ പാലക്കീഴ്ക്കാവ്, കാഞ്ഞിക്കുളം സത്രം കാവ്, മൂന്നുണ്ണിക്കാവ്, തൂത ഭദ്രകാളി ക്ഷേത്രം തുടങ്ങിയ നിരവധി കാവുകളിലെ കൂത്തവതരണത്തിൽ രാമസ്വാമി പുലവർ പങ്കെടുത്തിരുന്നു.
രാമസ്വാമി പുലവർ കൂത്തു പഠിപ്പിച്ചു കൊടുക്കുന്നതിൽ ഏറ്റവും മികച്ച ഗുരുനാഥൻ കൂടി  ആയിരുന്നു. ഫോക്ലേ ർ അക്കാദമി അവാർഡ് ജേതാക്കളായ ഉപ്പത്ത് നാരായണൻ നായർ , പാലപ്പുറം കൃഷ്ണമൂർത്തി പുലവർ , പാലപ്പുറം ബാലകൃഷ്ണ പുലവർ, ചീരാത്ത് നാരായണൻ നായർ തുടങ്ങിയവർ രാമസ്വാമി പുലവരുടെ ശിഷ്യമാരാണ്. പാലപ്പുറം അണ്ണാമല പുലവർ ഇളയ സഹോദരനാണ്..
Share:

Annamalai Pulavar




ധന സമ്പാദനത്തെ മുഖ്യ ലക്ഷ്യമാക്കി കലയെ കൊല്ലാൻ പോലും മടിക്കാത്ത ഈ കാലഘട്ടത്തിലെ കലകാരന്മാരിൽ നിന്നു വേറിട്ട ചിന്താഗതിക്കാരായിരുന്നു ഗതകാലത്തെ തോല്പാവകൂത്തു കലാകാരന്മാർ. കലയിലൂടെ  ഈശ്വര സാക്ഷാത്ക്കാരമെന്ന ഉദാത്ത കാഴ്ചപ്പാടിനെ ജീവിതവൃതമാക്കിയവരായിരുന്നു. പഴയ തലമുറക്കാർ . പോയ തലമുറയിലെ പ്രാതസ്മരണീയരായ കലാകാരന്മാരിൽ ഒരാളായ പാലപ്പുറം ശ്രീ. അണ്ണാമല പുലവർ ഈശ്വരാനുഗ്രഹത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നു വിശ്വസിച്ചിരുന്ന ഗുരുവര്യനായിരുന്നു.. കൃഷ്ണ പുലവർ , പഴനിയമമാൾ ദമ്പതിമാരുടെ പുത്രനായി 1914 ൽ ആണ് പുലവർ ജനിച്ചത്. അച്ഛൻ കൃഷ്ണ പുലവർ ആ കാലത്തെ ഏറ്റവും പ്രശസ്തരായ പാവക്കൂത്തു കലാകാരന്മാരിൽ ഒരാളായിരുന്നു. നൂറിലധികം ശിഷ്യന്മാർക്കു തോൽപ്പാവകൂത്തു പഠിപ്പിച്ചു കൊടുത്ത പിതാവിൽ നിന്നു തന്നെയാണ് അണ്ണാമല പുലവർ തന്റെ ഏഴാം വയസിൽ പാവകൂത്തു പഠിച്ചു തുടങ്ങിയത്.. പതിനാലാം വയസ്സിൽ പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.

ഇന്നത്തെതിൽ നിന്നു ഏറെ വ്യത്യസമായിരുന്ന ഗതകാലത്തെ കൂത്തു അവതരണം. വാദപ്രതിവാദങ്ങൾ നടത്തുന്ന സപ്രദായമായതിനാൽ നല്ല അറിവും പാണ്ഡിത്വവും ഉള്ളവർക്കു മാത്രമേ പാവക്കൂത്തു രംഗത്തു ശോഭിക്കാൻ കഴിയുമായിരുന്നുള്ളു. അതിനാൽ തന്നെ വ്യത്യസ്ഥ സമ്പ്രദായങ്ങൾ പഠിക്കേണ്ടത് അത്യാവശ്യവുമായിരുന്നു. ആ കാലത്ത് സംസ്കൃത സമ്പ്രദായത്തെ പിന്തുടർന്നിരുന്ന ഏക സംഘമായ മാത്തൂർ സംഘത്തിലെ മനയങ്കത്ത ഗോപാലൻ നായരുടെ കീഴിൽ തുടർ പഠനത്തിനായി പുലവർ പോയത് അച്ഛന്റെ നിർദ്ദേശപ്രകാരമായിരുന്നു.
തോല്പാവകൂത്തിലെ ചില ഭാഗങ്ങൾ വിശദീക്കരിക്കാൻ വേദാന്ത പഠനം ആവശ്യമായതിൽ പുലവർ മണ്ണൂർ ശ്രീരാമാനന്ദാശ്രമത്തിലെ ശിഷ്യത്വം സ്വീകരിച്ചു ചില വർഷം അതിലും പ്രാവീണ്യം നേടി.

1945 ൽ പിതാവ് കൃഷ്ണ പുലവർ മരണപ്പെട്ടതോടെ മൂത്ത സഹോദരൻ രാമസ്വാമി പുലവരോടൊപ്പം അണ്ണാമല പുലവരും കൂത്തു നടത്തിപ്പിന്റെ ചുമതലയേറ്റെടുത്തു.


 മാത്തൂർ സംഘം,കുത്തന്നൂർ സംഘം എന്നീ പുരാതന തോൽപ്പാവകൂത്തു സംഘങ്ങൾ പല കാരണങ്ങൾ കൊണ്ടും ശോഷിച്ചു തുടങ്ങിയതോടെ പല കാപുകളിലും തോൽപ്പാവകൂത്തു മുടങ്ങുമെന്നായപ്പോൾ അതെല്ലാം ഏറ്റു നടത്താനും അണ്ണാമല പുലവർ തയ്യാറായി. പ്രശസ്തേ തോൽപ്പാവകൂത്ത് അവതരണേ വേദികളായ പാലപ്പുറം ചിനക്കത്തൂർ കാവ്, മുണ്ടൂർ പാലക്കീഴ്ക്കാക്കാവ്, പുത്തൂർ തിരുപുരാക്കൽ ഭഗവതി ക്ഷേത്രം, കവളപ്പാറ ആരിയങ്കാവ് തുടങ്ങിയ ഇരുപതോളം കാവുകളിലെ തോൽപ്പാവകൂത്തിനു അണ്ണാമല പുലവർ നേതൃത്വം നൽകിയിരുന്നു. പുതിയ തലമുറയിലെ കുട്ടികൾക്കു പഴമയിലെ കല ഓതി കൊടുക്കുക എന്ന ലക്ഷ്യത്തോടെ പുലവർ 1981 ൽ പാലപ്പുറം ആസ്ഥാനമായി തോൽപ്പാവകൂത്തു പാഠശാല എന്ന സ്ഥാപനം ആരംഭിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ CCRT സ്കോളർപ്പിപ്പോടെ നിരവധി കുട്ടികൾ കൂത്തു പഠിക്കുകയും ചെയ്തു.

ദൂരദർശനുവേണ്ടി നിരവധി തവണ പാപക്കൂത്ത് അവതരിപ്പിച്ചിട്ടുള പുലവർ പല തവണ ആകാശവാണിക്കുേ വേണ്ടിയും പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത രവീന്ദ്രന്റെ എന്റെ കേരളം പരമ്പരക്കുവേണ്ടി കൂത്തു അവതരിപ്പിച്ചതും പുലവരാണ്. 2003 ൽ പുലവരെ കേരള  ഫോക്ലേ ലോർ അക്കാദമി അവാർഡ്‌ നൽകി ആദരിച്ചിട്ടുണ്ട്. ഇതേ വർഷം കേരള സംഗീത നാടക അക്കാദമി ഗുരു പുരസ്ക്കാരവും പുലവർക്കു ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ പാലപ്പുറം ചിനക്കത്തൂർ കാവ്, പുത്തൂർ തിരു പുരാക്കൽ ഭഗവതി ക്ഷേത്രം, മുണ്ടൂർ പാലക്കീഴ്ക്കാം കാവ്, തുടങ്ങിയ നിരവധി ക്ഷേത്ര കമ്മിററികൾ പുലവരെ ആദരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം രൂപ അവാർഡ് തുക ക്ഷയ jt പാക് സമ്മാനവും പുലവർക്കു ലഭിച്ചിട്ടുണ്ട്. 96 വർഷം നീണ്ടു നിന്ന പുലവരുടെ ജീവിത യാത്രക്ക് 2010 ൽ തിരശ്ശീല വീണു. എങ്കിലും ഭക്തിയുടെ നിറവോടെ തോൽപ്പാവകൂത്ത് അവതരിപ്പിച്ചിരുന്ന പുലവരെ എല്ലാ ക്ഷേത്ര കമ്മിറ്റികളും ആദരവേ ടെ സ്മരിക്കുന്നു.


Share:

ശിവകാമി

മഴയുടെ നനവേറ്റു മയങ്ങുന്ന നിശയുടെ നിശ്ശബ്ദയാമത്തിൽ ഉറക്കം വരാതെ മിഴികളടച്ചു വെറുതെ കിടക്കവേ ചിന്തയിൽ തെളിഞ്ഞു ചിത്രങ്ങൾ അനേകം . ഓർമ്മകളുടെ കൂമ്പാരം ചിക്കി ചിനക്കവേ തെളിഞ്ഞുമാഞ്ഞു അനേകം മുഖങ്ങൾ. ബാല്യത്തിന്റെ കൗമാരത്തിന്റെ , യൗവ്വനത്തിന്റെ ദശയും കടന്നുവന്നു പിന്നിലേക്കു നോക്കവേ ജീവിതത്തിന്റെ അർത്ഥമറിയാതെ പകച്ചു പോയതും ശരിയാണ്.
 ശരിയേതെന്നോ, തെറ്റു എതെന്നോ അറിയാനാവാതെ അന്തം വിട്ടു നിന്നു പോയി. പിന്നെയെല്ലാം നിരർത്ഥകമെന്നും തോന്നി. പൊടുന്നനേ പുതിയൊരു പ്രകാശം നെഞ്ചിൽ പരന്നതും അതിന്റെ സുഖ സ്പർശമേറ്റു ഞാൻ ചിന്തയൊടുക്കി ഭാവനയുടെ ചിറകേറിയതും ഓർക്കുന്നു. എവിടെയെല്ലാമോ തെരഞ്ഞു ഒടുവിൽ കണ്ടു കിട്ടിയ സ്നേഹം അതൊരു പുതിയ നിലാവു പോലെ, ഒരു കുടന്ന അശോക പൂങ്കുല പോലെമനസ്സിൽ പൂത്തു നിറഞ്ഞു. മനസ്സിന്റെ അഗാധതലം വരെ അനുഭൂതിയായി ആനന്ദമായി നിറഞ്ഞ തികവാർന്ന നിമിഷത്തിന്റെ സുഖാലസ്യത മനസ്സിനെ തഴുകവേ കണ്ടു തിളങ്ങുന്ന രണ്ടു നക്ഷത്രനയനങ്ങൾ .
കണ്ണിന്റെ , ചേലൊത്ത മൂക്കിന്റെ , മൂക്കിലെ മുക്കുത്തിയുടെ പിന്നെ ചുണ്ടിന്റെ വശ്യ സൗന്ദര്യത്തിൽ ലയിച്ചു ചേരവേ പെണ്ണൊരു കവിതയായി. കവിതയിലൂടെ കാർ കൂന്തൽ തൊട്ടു കാൽ വിരൽ വരെ അഴകിനെ തെരയവേ അവൾ പുഴയായി മാറി. ശിവകാമിയെക്കുറിച്ചോർക്കുമ്പോൾ ഇങ്ങിനെയാണ്.. പലപ്പോഴും അവളെ വർണ്ണിക്കാൻ വാക്കുകളറിയാതെ ഭാവന തളർന്നു പോവും..പെട്ടെന്നു തന്നെ അതു ഇതൾ നിവർത്തി പൂത്തുലയും..
Share:

. ARTIST MADHAVAN.

കമ്പരാമായണത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ തോൽപ്പാവകൂത്തെന്ന കലാരൂപം തുടക്ക നാളിൽ തികച്ചും അമേച്ചർ സ്വഭാവമുള്ള ഒരു കലാരൂപമായിരുന്നു. പലരും തങ്ങൾ ഗ്രഹിച്ച അറിവിനെ പ്രകടിപ്പിക്കാനുള്ള വേദി തെരഞ്ഞാണ് കൂത്തുമാടത്തിലെത്തിയിരുന്നത്. ആത്മ സമർപ്പണത്തിന്റെ തായ ആ നാളുകളിൽ തോൽപ്പാവകൂത്തെന്ന കലാരൂപം പാണ്ഡിത്യമുള്ള നിരവധി കലാകാരന്മാർക്കു വേദിയൊരുക്കിയിട്ടുമുണ്ട്. പാവകളെ ഉപയോഗിച്ചു നടത്തുന്നതായ നിഴൽ നാടകത്തിൽ ആദ്യ കാലത്ത് ഓല കൊണ്ടുള്ള പാവകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് മാൻ തോലു കൊണ്ടുള്ള പാവകൾ രംഗത്തെത്തിയത്. ജാതീയമായ ചില ആചാരങ്ങൾ കാരണം ആ കാലത്ത് മാനിന്റെ തോൽ വൃത്തിയാക്കിയെടുത്തു കൊണ്ടുള്ള പാവനിർമ്മാണം
  തോൽപ്പാവകൂത്തു കലാകാരന്മാരുടെ പ്രവൃത്തിയിൽ ഉൾപ്പെട്ടിരുന്നില്ല. തോൽകൊല്ലൻ എന്ന വിഭാഗമായിരുന്നു അന്നു പാവ നിർമ്മിച്ചിരുന്നത്. ഏറ്റവും പുരാതന പാവകളായ കുത്തന്നൂർ സംഘത്തിന്റെ പാവകളും മാത്തൂർ സംഘത്തിന്റെ പാവകളും കവളപ്പാറ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആര്യങ്കാവിലെ പാവകളും നിർമ്മിച്ചത് തോൽകൊല്ലന്മാരായിരുന്നു. ഇതിൽ ആര്യങ്കാവിലെ പാവകൾ നിർമ്മിച്ചത് തൊഴുവാന്നൂർ കൃഷ്ണൻ എന്നു പേരുള്ള തോൽകൊല്ലനാണ്.
 തോൽപ്പാവ കൂത്തു കലാകാരന്മാർ സ്വയം പാവകളുണ്ടാക്കി തുടങ്ങിയിട്ട് അരനൂറ്റാണ്ടു കാലമേ ആകുന്നുള്ളു. ഇതിനു തുടക്കം കുറിച്ചത് മാങ്ങാട്ടു വളപ്പിൽ രാമൻ നായർ എന്ന സ്ക്കൂൾ അധ്യാപകനാണ്. സ്കൂളിലെ ഡ്രോയിങ് മാഷായിരുന്ന ഇദ്ദേഹം കവളപ്പാറ പാവകളുടെ Trace എടുക്കുകയും അതു പകർത്തി പാവകൾ നിർമ്മിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുകയുമാണുണ്ടായത്.
   കൂനത്തറ സ്വദേശി മാധവനും പാവനിർമിക്കാൻ പഠിച്ചത് രാമൻ നായരിൽ നിന്നാണ്. ചിത്രം വരക്കാൻ അസാമാന്യ കഴിവുണ്ടായിരുന്ന മാധവൻ ചില പാവകൾ സ്വന്തമായി തന്നെ design ചെയ്തു നിർമ്മിച്ചിട്ടുണ്ട്. മാധവേട്ടൻ നിരവധി പേർക്കു പാവകൾ നിർമ്മിച്ചു കൊടുത്തിട്ടുണ്ട്. ഇദ്ദേഹം നിർമ്മിച്ച പാവകളുപയോഗിച്ചു പലരും പ്രശസ്തിയും ധനവും നേടിയിട്ടുണ്ട്. പക്ഷേ മാധവേട്ടന്റെ പേർ എവിടെയും എഴുതപ്പെട്ടിട്ടില്ല എന്നതാണ് സത്യം.
Share:

Rainy season... മഴയുടെ കാലം.

   ആകാശത്തിന്റെ അതിരിൽ മഴയുടെ നിറമുള്ള മേഘങ്ങൾ ഉരുണ്ടു പിരണ്ടു ഉയരം കയറുമ്പോൾ കാലം തെറ്റാത്ത കാലത്താണെങ്കിൽ കർഷകന്റെ നെഞ്ചിൽ നിറയുക ആനന്ദമാണ്. കാലം തെറ്റാതെ മഴ പെയ്യാനും , വിതച്ചതു മുഴുവൻ മുളക്കാനും , മുളച്ചതു മുഴുവൻ വളരാനും , വളർന്നതു മുഴുവൻ വിളയാനും വേണ്ടിയാണ് ഞങ്ങൾ വള്ളുവനാട്ടുകാർ കാളക്കോലങ്ങളെ തോളേന്തി കാളിയുടെ കാവുകയറുന്നത്. നെല്ലു വിളയുന്ന  പാലക്കാടൻ മണ്ണിലെ കാവുത്സവങ്ങളുടെയെല്ലാം പരമമായ ലക്ഷ്യവും ഇതു തന്നെയാണ്. പണ്ടു ഞങ്ങൾ ഊരുകാക്കുന്നേ ദേവിയെ സാക്ഷി നിർത്തി കോഴിയും ആടും വെട്ടി ഭുമി ദേവിക്കു രക്തം നൽകിയിരുന്നു. എന്തിനാണെന്നോ ഉർവരയായ ഭൂമി ദേവിയെ വസുന്ധരയാക്കുവാൻ . തമിഴകത്തെ മാരിയമ്മയും മഴ ദൈവം തന്നെ. അവിടെ കോഴിക്കുരുതിയും ആടു വെട്ടലും ഇപ്പോഴും നിർബാധം നടക്കുന്നുണ്ട്.. മഴക്കാലമെന്നത് എല്ലാവർക്കും സന്തോഷത്തിന്റെ കാലവും അല്ലല്ലോ
 ഇണയെ പിരിഞ്ഞിരിക്കുന്നവരുടെ മനസ്സിൽ മഴക്കാലം വിരഹേ ദന വളർത്തുമത്രേ. അതുകൊണ്ടാണല്ലോ കാളിദാസന്റെ യക്ഷനും വാല്മീകിയുടെ രാമനും മഴയെ കണ്ടു കരഞ്ഞത്. മഴ രതിയുടെ ഓർമ്മയുണർത്തുമെന്നു മനശ്ശാസ്ത്രവും ചൊല്ലുന്നുണ്ട്. മഴ മാത്രമല്ല പൂർണ്ണ നിലാവിന്റെ നിശയും രതിവികാരത്തെ തട്ടിയുണർത്തുമത്രേ! കുളിർക്കാറ്റും മോശക്കാരനല്ല. രാമനെ പ്രാപിക്കാനാവാതെ വന്ന നോവിന്റെ നിശയിൽ ഉദിച്ചുയർന്ന ചന്ദ്രകിരണങ്ങൾ കാമന്റെ അസ്ത്രം പോലെ തന്റെ നെഞ്ചിൽ തറച്ചു കയറി വേർപാടിന്റെ നോവിനെവളർത്തു എന്നു കരുതിയാണല്ലോ  കമ്പന്റെ ശൂർപ്പണഖ  നിലാവിനെ പിടിച്ചു താൻ തിന്നട്ടെ എന്നു പറഞ്ഞത്.
Share:

പൂതനും മിത്തും

ആണ്ടോടാണ്ടു തികയുന്ന നാളിൽ ഊർ ഒന്നാകെ എത്തി നൽകിയിരുന്ന കോഴിച്ചോരയും കുടിച്ചു മനുഷ്യവാടയേൽക്കാത്ത കാടിനകം കുടിവാണു ഇലച്ചാർത്ത് ഊർന്നിറങ്ങുന്ന മഴയും ഇരുൾ പഴുതു കടന്നെത്തുന്ന സൂര്യതാപമേറ്റുവാങ്ങി. ഊരു കാത്തിരുന്ന കാവൽ ദൈവങ്ങളായിരുന്നു പോതിയും ചിരുതയും ചീവോതിയുമെല്ലാം.
ആദിമ ദേവതകൾക്കു രൂപവും പുരയിടവുമെല്ലാം ഉണ്ടായത് നൂറ്റാണ്ടുകൾക്കു ശേഷമാണ്. ചിലർ കാളിയായി ചിലർ നീലിയായി ദുർഗ്ഗയും വനദുർഗ്ഗയുമെല്ലാം ആദി ദേവതകളുടെ പേരുകളായി., പൂജയും ഉത്സവങ്ങളും ഉണ്ടായി.ഐതിഹ്യങ്ങളും കുറിക്കപ്പെട്ടു. ഉത്സവനാളിൽ നാടു നടക്കാനിറങ്ങുന്ന വള്ളുവനാടൻ പൂതത്തിനുമുണ്ടായി ഒരു ഐതിഹ്യം, ദാരിക പോരിൻ്റെ കഥ.
അസുരന്മാരുടെ ഉപദ്രവത്തിനു അറുതി വരുത്താൻ മഹാവിഷ്ണു ചക്രായുധമെറിഞ്ഞു..അസുരവംശം മുഴുവൻ നശിച്ചു. ബാക്കിയായത് സ്ത്രീകൾ മാത്രം. കുല ഗുരുവായ ശുക്രാചാര്യരുടെ നിർദ്ദേശാനുസരണം രാജ വംശജരായ ദാരുവതിയും ദാനവതിയും സന്താന ഭാഗ്യത്തിനായി ബ്രഹ്മാവിനെക്കുറിച്ചു തപസ്സു ചെയ്തു.ബ്രഹ്മാവിൻ്റെ അനുഗ്രഹത്താൽ അസുര സ്ത്രീകൾ അമ്മമാരായി.. ദാരുവതി പെറ്റവൻ ദാരികനായി.ഭാനവതി പുത്രൻ ദാനവനും .ശുക്രാചാര്യരിൽ നിന്നു ആയുധ വിദ്യയുടെ അടക്കമുള്ള വിദ്യയുടെ പ്രഥമ പാഠങ്ങൾ പഠിച്ച ദാരികനും ബ്രഹ്മാവിനെക്കുറിച്ചു തപസ്സു ചെയ്തു. കഠിന തപസ്സു ചെയ്ത ദാരികൻ്റെ മുന്നിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. അയോനി ജാതയായ ഒരു സ്ത്രീ നിമിത്തമല്ലാതെ തനിക്കു മരണംഭവിക്കരുതെന്ന വരം ദാരികൻ വാങ്ങി.. മാത്രമല്ല നിലത്തു വീഴുന രക്തത്തിൽ നിന്നു. അനേകം ദാരികന്മാർ ജനിക്കണമെന്നുമുള്ള വരവും വാങ്ങി..അങ്ങിനെ ദാരികൻ ബലശാലിയായി.
മയാ സുരപുത്രിയായ മനോവതിയെ ദാരികൻ  വിവാഹം ചെയ്തു.മയാസുരൻ നിർമ്മിച്ച അന്തിമാള നഗരത്തിൽ ദാരികൻ കൊട്ടാരം പണിതു..മൂന്നു ലോകവും  കീഴ് മടക്കാൻ ആശയുദിച്ച നാളിൽ ദാരികൻ പോരിനിറങ്ങി.സ്വർഗവും പാതാളവും ഭൂമിയും ദാരികൻ്റെ സ്വന്തമായി.ദേവന്മാർ വിരളി പൂണ്ടു.ദാരിക വധത്തിനായി സപ്തമാതാക്കൾ സൃഷ്ടിക്കപ്പെട്ടു. അവരും തോറ്റു മടങ്ങി.ഇതറിഞ്ഞ കൈലാസനാഥൻ കോപം കൊണ്ടു നില കുലഞ്ഞു. കോപം നേത്രാഗ്നിയായി ബഹിർഗമിച്ചു.അഗ്നിയിൽ നിന്നു അവൾ പിറന്നു കാളി.ദീകരതയുടെ രൂപമുള്ള അവളുടെ അട്ടഹാസം കേട്ടു ദിക്കുകൾ ഞെട്ടിവിറച്ചു.കൈലാസം കുലുങ്ങി.. "പോവു, അന്തിമാളത്തരചൻ്റെ തല കൊയ്തു വരു ".. ശിവൻ്റെ കല്പന കേട്ട അവൾ വേതാള വാഹനമേറി.ഒപ്പം ശിവഭൂതഗണങ്ങളും..കാളിയുടെ വരവു കണ്ട അന്തിമളം ഭയന്നു നടുങ്ങി.. തുടർന്നു നടന്ന പോരിൽ ദാനവനും അസുരപ്പടയും ചത്തൊടുങ്ങി.. ദാരികൻ മാത്രമായി ബാക്കി.ദാരികനും കാളിയും ഏറ്റുമുട്ടി..ദാരികൻ വീഴുമെന്ന അവസ്ഥയിൽ ഭാര്യ രക്ഷക്കെത്തി.. കാളിയുടെ മേൽ മനോവതി വസൂരി പൊള്ളങ്ങളെറിഞ്ഞു. കണ്ഠാകർണ്ണൻ അതു നക്കി തുടച്ചു. ഒടുവിൽ കാളി ദാരികൻ്റെ ശിരസ്സറുത്തു. അറുത്തെടുത്ത ശിരസ്സും അടങ്ങാത്ത കോപവുമായി കാളി നൃത്തം ചെയ്തു.
കാളിക്കു തുണനിന്ന ശിവ ഭൂതഗണങ്ങൾ ആനന്ദത്തിൻ്റെ നൃത്തം ചവിട്ടി .അന്നു തുടി കൊട്ടിയാടിയ ഒരു പൂതം കാലത്തിലൂടെ കടന്ന് വള്ളുവനാടൻ നാട്ടു പഴമയിൽ പുനർജ്ജനിച്ചു.ഓരോ ഉത്സവക്കാലത്തും ദാരിക വധഗാഥയുമായി വള്ളുവനാട്ടിലൂടെ പൂതൻ തുടികൊട്ടിയാടുന്നു.

Share:

Imported post: Facebook Post: 2023-09-09T15:07:30

മാരിയമ്മയുടെ മക്കൾ.... ഒറ്റപ്പാലം -പാലക്കാട് റൂട്ടിൽ പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിൽ നിന്നു 200 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ കാവേരി ഓഡിറ്റോറിയം കാണാം. അതിനു നേരെതിരെയുള്ള വഴിയിൽ അമ്പതു മീറ്റർ നടന്നാൽ തമിഴും മലയാളവും ഇടകലർത്തി പേശുന്ന മുതലിയാർ ഗ്രാമമായി.. ഗ്രാമത്തിന്റെ കിഴക്കേക്കോണിൽ മുരുകൻ കോവിലാണ് , മധ്യത്തിൽ മുല്ലക്കൽ കുറുമ്പയും പടിഞ്ഞാറ് മാരിയമ്മൻ കോവിലും.. നെയ്ത്തുകാരായ മുതലിയാർ സമുദായക്കാർ ഇവിടെയെത്തി ഗ്രാമം പണിയുന്നതിനു മുൻപ് കരുവാൻ ഇപ്പോവേയുടെ കുടിൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പാ വേ സ്ഥാപിച്ചതാണ് ഇവിടെ കുറുമ്പയെ . പഴമയുടെ നിറം മങ്ങാത്ത ഓർമ്മകളുമായി നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട വീടുകൾ ഇന്നും ഗ്രാമത്തിനകത്തു കാണാനാവും. എന്നാൽ ആചാരത്തിലും ചിട്ടകളിലും മുഴുവൻ മാറ്റം വന്നിരിക്കുന്നു.. ആദിവാസി ഊരുകളിലെ ഊരുകൂട്ടത്തെ പോലെ സമുദായിക കാര്യങ്ങളിൽ അന്തിമ തീർപ്പു കല്പിക്കാൻ അധികാരമുണ്ടായിരുന്ന നാട്ടായ്മ പ്രമാണം എന്ന സംവിധാനമാണ് ഗതകാലത്തു ഗ്രാമത്തെ നിയന്ത്രിച്ചിരുന്നത്. മാരിയമ്മൻ കോവിൽ നടത്തിയിരുന്നതും അവരായിരുന്നു. ആ കാലഘട്ടത്തിൽ സമുദായം മാറി വിവാഹം ചെയ്താൽ "പുറമ്പ് " വെക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു. സമുദായത്തിൽ നിന്നു പുറത്താക്കിയാൽ മാരിയമ്മൻ കോവിലിൽ പോലും തൊഴാൻ സമ്മതിക്കുകയില്ലായിരുന്നു. ഇന്ന് ഒരു പക്ഷേ, ഏറ്റവും കൂടുതൽ inter caste മാര്യേജ് നടക്കുന്നത് പാലപ്പുറം ഗ്രാമത്തിലാവാം. ഇതിൽ വീട്ടുകാർ നിശ്ചയിക്കുന്ന വിവാഹങ്ങളും ഉണ്ട്. ഇന്നു വിവാഹിതരായി ഗ്രാമത്തിലെത്തുന്ന നവ വധുക്കളിൽ പാതിയിലേറെ പേർ മലയാളം പേശുന്ന പെൺകുട്ടികളാണ്. ഇവിടെ ആരും ജാതി ചോദിക്കാറില്ല. അതിന്റെ പേരിൽ ആരെയും മാറ്റി നിർത്താറുമില്ല... ഏല്ലാവരും മാരിയമ്മയുടെ മക്കളാണിവിടെ.... ആപത്തു വന്നാൽ എല്ലാവരും ഇപ്പോഴും ഓടിക്കൂടാറുണ്ട്. ആണ്ടൊരു മൂന്നു കൂടുമ്പോൾ നടക്കുന്ന മാരിയമ്മൻ പൂജയാണ് ഏറ്റവും വലിയ ഗ്രാമോത്സവമെങ്കിലും, അകലങ്ങളിൽ അന്നം തെരഞ്ഞു പോയവരെല്ലാം ഓടിയെത്തുക ചെനക്കത്തൂർ പൂരത്തിനാണ്. ചെനക്കത്തൂരിനു സമർപ്പിക്കാനുള്ള തേര് തോളേന്താനാണ് കടൽ കടന്നും കുംഭത്തിലെ മകം ഉദിക്കുന്ന നേരത്തിനു മുന്നേ പലരും ഗ്രാമത്തിലെത്തുക. ചിനക്കൂത്തൂരും പാലപ്പുറം ഗ്രാമവും തമ്മിലുള്ള ബന്ധം ഒരു പൂരത്തിൽ ഒതുങ്ങുന്നില്ല എന്നതും നേരാണ്. 
Share:

Palappuram Pin: 679103

കത്തുകളെയും ടെലഗ്രാമുകളെയും ആശയ വിനിമയത്തിനായി ആശ്രയിച്ചിരുന്ന ഒരു കാലം ഇന്നത്തെ ഇലക്ട്രോണിക്ക് യുഗത്തിലെ ഇളം തലമുറക്ക് അറിയാത്ത ഒന്നാണ്. കത്തു വിതരണം നടത്താനും എഴുതിയ കത്തുകൾ സ്വീകരിക്കാനുമായി ഒരു പോസ്റ്റ് ഓഫീസ് ഞങ്ങളുടെ ഗ്രാമമായ പാലപ്പുറത്തു സ്ഥാപിക്കപ്പെട്ടത് 1950 കാലഘട്ടത്തിലാണ്.
    ആ കാലത്ത് പോസ്റ്റ്മാനായിരുന്നു കറുപ്പസ്വാമിമാഷ്. സായന്തനത്തിന്റെ നേരമെത്തിയാൽ കറുപ്പസ്വാമി മാഷ് നേരെ തെക്കോട്ടു നടക്കും. ഊടു വഴിയും പാടവരമ്പും താണ്ടിയുള്ള നടത്തം ചെന്നവസാനിക്കുക നാടൻ വാറ്റിന്റെ വീടുകളിലാവും. രണ്ടോ മൂന്നോ ഗ്ലാസ്സ് അകത്തു ചെന്നാൽ മാഷ് മറ്റൊരാളായി മാറും. ഒരാളോടും ഒരു വാക്കു പറയാനോ മറുവാക്ക് കേൾക്കാനോ മാഷ് നിൽക്കാറില്ല. എന്നാൽ നടത്തത്തിനിടയിൽ നായ്ക്കളെ കണ്ടാൽ മാഷിന്റെ ഉള്ളിലെ സദാചാരബോധം സടകുടഞ്ഞെഴുന്നേൽക്കും. പിന്നെയൊരു ചോദ്യമാണ്.
" ഫാ, രണ്ടണക്കു മൂന്നു  കോണകം വിൽക്കണു. ഒന്നു വാങ്ങിട്ടിയാലെന്താ"?. വഴി നീളെ നായകളോടു സദാചാരം ചൊല്ലി വീട്ടിലെത്തിയാൽ മാഷ് ആദ്യം തെരയുക ഭാര്യയേയാണ്. ഭാര്യ പാത്രം കഴുകകയാണെങ്കിൽ പാത്രത്തെ കാലുകൊണ്ടു തട്ടിത്തെറിപ്പിക്കും. വേറെ എന്തെങ്കിലും പ്രവൃത്തി ചെയ്യുകയാണെങ്കിൽ പുറം കാലു കൊണ്ടു ഭാര്യയുടെ ചന്തിക്കു ഒരു  തട്ടു കൊടുക്കും. ഭാര്യക്കു നാവു നാലായിരുന്നു. ചീത്ത വാക്കുകൾ ചൊല്ലാൻ മിടുക്കിയുമായിരുന്നു. അസഭ്യ പുരാണത്തിന്റെ ഏടുകൾ കെട്ടഴിക്കാൻ അധിക നേരം എടുക്കാറില്ല. ഭാര്യയുടെ നാവിൽ നിന്നടർന്നു വീഴുന്ന അസഭ്യതയുടെ വാക്കുകൾ കേൾക്കുന്നതു  മാഷിനു ഹരമായിരുന്നു. ഒരു ഭാഗത്തു ശാന്തനായി ഇരുന്നു കാതു കൂർപ്പിച്ചു തെറി അഭിഷേകം ഏറ്റുവാങ്ങും.    ഭാര്യ നിർത്തിയാൽ എന്താ  നിർത്തിയോ എന്നു ചോദിക്കും..അതോടെ പൂരപ്പാട്ട് വീണ്ടും തുടങ്ങും. പക്ഷേ വാറ്റു ചാരായത്തിന്റെ  ലഹരിയൊഴിഞ്ഞ നേരുത്തു മാഷ് മറ്റൊരാളാണ്. ആ കാലത്ത് വീടുകളിൽ ബാത്ത്റൂം സൗകര്യം തീരെ പരിമിതമായതിനാൽ നൂറിൽ നൂറു ഗ്രാമീണറും കുളിക്കുക കുളത്തിലാണ്. 1948 ൽ നടന്ന അയിത്തോച്ചാടന ജാഥക്കു ശേഷം മാത്രമാണ് പാലപ്പുറം വിഷ്ണു ക്ഷേത്രത്തിലെ കുളം സാധാരണക്കാരന്നു തുറന്നു കിട്ടിയത്. ആ കാലത്തു പാലപ്പുറം അങ്ങാടിയിലെ ഭൂരി പക്ഷം പേരും കുളിക്കാനെത്തുക വിഷ്ണു ക്ഷേത്രത്തിലെ കുളത്തിലാണ്. ഒരു തുണ്ടുകടലാസ്സിൽ ഉമിക്കരിയും ഒരു ഈർക്കിൽ തുണ്ടുമായി കുളിക്കാനെത്തുന്നവർ പല്ലു തേപ്പും നാവു വടിയും കഴിഞ്ഞാൽ കടലാസ്സുകഷ്ണണവും ഈർക്കിലും കുളക്കടവിനടുത്തേക്കു വലിച്ചെറിയുകയാണ് പതിവ്.. രാവിലെ കുളിക്കാനെത്തുന്ന കറുപ്പസ്വാമിമാഷ്  കുളക്കടവിലെ കടലാസ്സും ഈർക്കിലും മറ്റു കുപ്പകളും പെറുക്കി കൂട്ടി തീയിടും. മാത്രമല്ല കുളക്കടവിലെ പുല്ലു മുഴുവൻ പറിച്ചു കളയുകയും ചെയ്യും. അതിനു ശേഷമേ കുളിക്കകയുള്ളു. ആ തലമുറയിലെ ഏകദേശം പേരും ഇത്തരക്കാരായിരുന്നു.
 പാലപ്പുറത്തു പോസ്റ്റ് ഓഫീസ് എത്തുന്നതിന്നു മുൻപ് ഈ പ്രദേശം ലെക്കിട്ടി പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിന്നു ശേഷമാണ് പാലപ്പുറത്തു സബ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്.
പാലപ്പുറത്തെ ആദ്യത്തെ പോസ്റ്റ് മാഷ് പുതിയേടത്തു രാവുണ്ണി നമ്പ്യാരാണ്. ആദ്യത്തെ പോസ്റ്റ്മാൻ കറുപ്പസ്വാമി മാഷും . പാലപ്പുറത്ത് ഏറ്റവും കൂടുതൽ കാലം പോസ്റ്റ് മാഷായി വർക്കു ചെയ്തതതും രാവുണ്ണി നമ്പ്യാരാണ്. അങ്ങാടിയിൽ ലയ്മണൻ മുതലിയാരുടെ സ്വന്തമായിരുന്ന ഇരു നില ഓടിട്ട കെട്ടിടത്തിൽ താഴെ നിലയിലാണ് പാലപ്പുറം പോസ്റ്റ് ഓഫീസ് വർക്കു ചെയ്തിതിരുന്നത്. കാവേരി ഓഡിറ്റോറിയത്തിന്റെ തൊട്ടു കിഴക്കുള്ള ഈ കെട്ടിടത്തിൽ ഇപ്പോൾ ഒരു ചായക്കടയാണ് പ്രവർത്തിക്കുന്നത്.
പഴയ കാലത്ത് Telegram സംവിധാനം ഒറ്റപ്പാലത്തു മാത്രമാണ് ഉണ്ടായിരുന്നത്. ടെലഗ്രാം സന്ദേശം പകർത്തിയ കടലാസ്സു കഷ്ണവുമായി ഒറ്റപ്പാലത്തു നിന്നു സൈക്കിളിൽ എത്തുന്ന സന്ദേശ വാഹകന്നെ കണ്ടാൽ കൂട്ട നിലവിളി തുടങ്ങും. കാരണം ആ കാലത്തു 99 ശതമാനം ( കമ്പികളും ) മരണസന്ദേശങ്ങളാവും. മലേഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നു expired എന്ന സന്ദേശം ഏഴാം ദിവസമോ എട്ടാം ദിവസമോ കിട്ടിയാലും വീട്ടുകാർ നെഞ്ചത്തു തല്ലിക്കരയും .. സമീപ വാസികളും ദുഃഖത്തിൽ പങ്കു ചേരും. ആ കാലവും ഇല്ലാതായി.
  രാവുണ്ണി നമ്പ്യാർക്കു ശേഷം പാലപ്പുറത്തു പലരും പോസ്റ്റ് മാഷ് ആയി എത്തിയെങ്കിലും ഓർമ്മയിൽ തങ്ങി നിൽക്കുക അച്ചുതൻ മാഷും ഹരിദാസൻ മാഷുമാണ്. അച്യുതൻ മാഷ്‌ കറ കളഞ്ഞ കോൺഗ്രസ് അനുഭാവിയായിരുന്നു. ഹരിദാസ് മാഷ് ക്രിക്കറ്റിൽ ലയിച്ചു ചേർന്ന വ്യക്തിയായിരുന്നു ഊണിലും ഉറക്കത്തിലും നടത്തത്തിലുമെല്ലാം ഹരി മാഷിന്റെ ചിന്ത ക്രിക്കറ്റ് ആയിരുന്നു. പോസ്റ്റ്മാൻമാരിൽ തിരുവില്വാമല ശിവശങ്കരൻ മാഷ് , കുഞ്ഞി രാമൻ മാഷ് , ഈ അടുത്ത കാലത്തു വിരമിച്ച ഭാസ്ക്കരൻ മാഷ് എന്നിവർ ഓർമ്മയിൽ തങ്ങി നിൽക്കുന്നവരാണ്. ഇതിൽ ശിവശങ്കരൻ മാഷ് പൂരപ്രേമി ആയിരുന്നു. നിറഞ്ഞ ചിരിയോടു കൂടി ഏവരോടും കുശലാന്വേഷണം നടത്തിയിരുന്ന ചുനങ്ങാട് സ്വദേശിയായ കുഞ്ഞിരാമൻ മാഷ് സഹോദര സ്നേഹത്തിന്റെ നേരടയാളം കൂടിയായിരുന്നു. വിധവകളും നിർദ്ധനരുമായ സഹോദരിമാർക്കു വേണ്ടി വിവാഹം തന്നെ വേണ്ടെന്നു വെച്ച മാഷ് തന്നെയാണ് അവരുടെ കുട്ടികൾകൾക്കും താങ്ങായി നിന്നത്. മാഷ് ഒറ്റപ്പാലം നഗരസഭാ കൗൺസറായും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
Share:

Annamalai Pulavar and Philosophy in Tholpavakoothu.

തോൽപ്പാവകൂത്തെന്ന കലയിൽ പാവകളിയേക്കാൾ പ്രാധാന്യം അതിലെ ചൊല്ലുകൾക്കാണ്. കമ്പരാമായണത്ത അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ നിഴൽ നാടകമാണ് പാവകൂത്തെ ങ്കിലും തത്വ ശാസ്ത്രം, വേദാന്തം എന്നിവ കൂടി ഉൾച്ചേരുന്നതാണ് ഇതിന്റെ ഇതിവൃത്തം : കമ്പരാമായണ ശ്ലോകങ്ങളിൽ തന്നെ  ഭക്തിയോടൊപ്പം വേദാന്തദർശനവും ഇഴേ ചേർന്നു നിൽക്കുന്നു. രാമകഥയെ
വേദാന്ത ദർശനത്തിലൂടെ നോക്കി കാണുകയും തോൽപ്പാവകൂത്തിൽ അത് അവതരിപ്പിക്കുകയും ചെ
യ്തിരുന്ന മഹാനായ കലാകാരനാണ് പാലപ്പുറം കെ. അണ്ണാമല പുലവർ ...
അണ്ണാമല പുലവരുടെ വീക്ഷണകോണിലൂടെ രാമായണ കഥയിലെ രാവണനെ നോക്കി കാണുകയാണിവിടെ..  കാടകത്തിന്റെ , കർമ്മബന്ധത്തിന്റെ കെടുതിയായി ഒരു പിറവി. ദാരിദ്ര്യദുഃഖത്തിന്റെ ശൈശവം, പിന്നെ വൈരാഗ്യത്തിന്റെ കഠിന തപസ്സ്. തുടർന്നു ലങ്കയിലെ സുഖാനുഭോഗങ്ങൾ മദ്യത്തിലും മദിരാക്ഷിയിലും ഒടുങ്ങാത്ത ആസക്തിയുടെ രാപ്പകലുകൾ. പ്രശസ്തി തേടിയുള്ള യുദ്ധങ്ങൾ . ആദ്യം കുബേരനോട് പിന്നെ പലരോടും . കൈലാസമെടുക്കാൻ വരെ വളർന്ന അഹങ്കാരം. അത് കൈലാസ നാഥന്റെ കാരുണ്യത്താൽ താത്ക്കാലികമായി അവസാനിച്ചുവെങ്കിലും പിന്നെയുമത് വളർന്നു. പുത്ര തുല്യന്റെ ഭാര്യയാണെന്നറിഞ്ഞിട്ടും രംഭയിൽ പടർന്നു കയറിയ കാമാഗ്നി . ഭാര്യ ,പുത്രന്മാർ, അളവില്ലാത്ത സമ്പത്ത്, ഇത്രയൊക്കെ സൗഭാഗ്യമുണ്ടായിട്ടും ശിവ ചൈതന്യത്തിനു മുന്നിൽ ധ്യാനത്തിലിരിക്കേ രാവണന്റെ ഉള്ളിൽ ഒരു ചോദ്യം പിറന്നു..
"ഞാൻ ആരാണ് ? ഈ പിറവിയുടെ അർത്ഥമെന്താണ് ?
നീണ്ടു പോയ ധ്യാനത്തിനൊടുവിൽ ആരോ തന്റെ മനസ്സിനകത്തിരുന്നു പറയുന്നതു രാവണൻ കേട്ടു.
"നീ ജയനായിരുന്നു. വൈകുണ്ഠം കാത്തവൻ, സനകാദികളുടെ ശാപമാണ് ഈ ജന്മത്തിനു കാരണം. കർമ്മബന്ധത്തിന്റെ ചങ്ങല ഭേദിക്കാൻ നാരായണനു മാത്രമേ കഴിയൂ. നീ കാത്തിരിക്കുക. നാരായണൻ നരനായി വരുന്നതു വരെ കാത്തിരിക്കുക. " :
രാവണന്റെ കാത്തിരിപ്പു രാമാവതാരം വരെ തുടർന്നു.
രാമനെ ലങ്കയിലെത്തിക്കാനും ജന്മത്തിന്റെ ഒടുക്കം കണ്ടെത്താനും സീത നിമിത്തമേ സാധ്യമാവു എന്നറിഞ്ഞ രാവണൻ സീതയെ ലങ്കയിലെത്തിച്ചു. സൈന്യങ്ങളും, സഹോദരനും പുത്രന്മാരും നിലം വീണു കഴിഞ്ഞേപ്പോൾ രാവണനു ബോധ്യമായി തന്റെ ദിനം അടുത്തുവെന്ന്. അവസനയുദ്ധത്തിനു ഒരുങ്ങുന്ന നേരത്തു രാവണൻ ശിവന്റെ മുന്നിലെത്തി പ്രാർത്ഥിച്ചു. "ഭാഗവാനെ ഇന്നത്തോടെ എന്റെ കർമ്മബന്ധം അവസാനിക്കുകയാണ്. എന്റെ ശരീരവും ജീവനും സമ്പത്തും ഇതാ അങ്ങേക്കു സമർപ്പിക്കുന്നു " : എല്ലാം ശിവനിൽ അർപ്പിച്ച ശേഷമാണ് രാവണൻ രഥമേറുന്നത്. രാമബാണം മാറിനെ പിളർക്കുന്ന നേരത്തും രാവണൻ ഉരുവിടുന്നത് രാമമന്ത്രമാണ് ... തികച്ചും വ്യത്യസ്ഥനും സത്യസന്ധനുമായ ഒരു രാവണനെയായിരുന്നു അണ്ണാമല പുലവർ കൂത്തുമാടങ്ങളിൽ അവതരിപ്പിച്ചിരുന്നത്.
Share:

കമ്പരാമായണവും ധർമ്മവും.

 കുടുംബ ബന്ധത്തേയും സാമൂഹ്യ പ്രതിബതിബദ്ധതയേയും ഊട്ടി ഉറപ്പിക്കാനുതകുന്ന  രാമകഥയെ പ്രതിപാദ്യവിഷയമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിക്കപെട്ടിട്ടുണ്ട്. ഇതിൽ ആദികാവ്യമെന്നു കീർത്തിക്കപ്പെടുന്ന വാല്മീകി രാമായണമാണ് ഏറ്റവും പ്രശസ്തമായ കൃതി. തൊട്ടുപിന്നിൽ നിൽക്കുന്നത് തമിഴ് ഇതിഹാസ്യകാവ്യമായ കമ്പരാമായണമാണ്. ഉത്തമനായ നരൻ ആരെന്ന ചോദ്യത്തിനുത്തരമാണ് വാല്മീകിയിലെ രാമനെങ്കിൽ കമ്പരുടെ രാമനിൽ മനുഷ്യനേയും ഒപ്പം ഈശ്വരനേയും ദർശിക്കാനാവും. മനുഷ്യ സഹജമായ ദൗർബല്യങ്ങൾക്കൊപ്പം ഈശ്വരതുല്യമായ സവിശേഷതകളും കമ്പരുടെ ശ്രീരാമനിൽ കാണുന്നുണ്ട്.
    എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കമ്പരാമായണം രചിക്കപ്പെട്ടതെന്നു ഗണിക്കപ്പെടുന്നു. രചയിതാവായ കമ്പരെക്കുറിച്ചു പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വെണ്ണെനല്ലൂർ എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യനും ദയാലുവും വൈഷ്ണവ ആചാരത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയുമായ ചടയപ്പൻ മുതലിയാരുടെ ആശ്രിതനായിരുന്നു കമ്പർ എന്നു സാർവ്വത്രീകമായി അംഗീകരിക്കപ്പെടുന്നുണ്ട്. തനിക്കു അന്നം തന്നു വളർത്തി വലുതാക്കിയ ചടയപ്പൻ മുതലിയാരെ കമ്പർ തന്റെ കൃതികളിൽ നന്ദിപൂർവം സ്മരിക്കുന്നുമുണ്ട്. വൈഷ്ണവ ഭക്തനായ ചോഴരാജാവിന്റെ അഭ്യർത്ഥന മാനിച്ചാണ് കമ്പർ രാമകഥ എഴുതിയത്. മൂലകൃതിയായ വാല്മീകി രാമായണത്തിന്റെ പദാനുപദ തർജ്ജമയല്ല കമ്പരുടെ കൃതി. കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ പോലും കാതലായ മാറ്റം വരുത്താൻ കമ്പർ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീരാമജയം എന്നതാണ് കാവ്യത്തിന്റെ യഥാർത്ഥ പേര് : പിന്നീട് അത് കരാമായണമായി അറിയപ്പെടുകയാണുണ്ടായത്. കമ്പരാമായണത്തിന്റെ പിറവിയെ സൂചിപ്പിക്കുന്ന ഒരു കഥയും പ്രചാരത്തിലുണ്ട്. ചോഴരാജസദസ്സിലെ കവി പ്രമുഖരായ കമ്പരോടും ഒട്ടകൂത്തനോടും രാമായണം രചിക്കാൻ രാജാവ് കല്പിച്ചു. നാല്പത്തിയൊന്നു ദിവസത്തെ അവധിയും അനുവദിച്ചു. ഒട്ടകൂത്തൻ യഥാസമയം തന്നെ രചന തുടങ്ങിയെങ്കിലും കമ്പർ ഒരക്ഷരം പോലും എഴുതാതിരുന്നു. ഒരു ദിനം രാജ്യസദസ്സിലെത്തിയ കമ്പരോടു എഴുത്തിന്റെ കാര്യം ചോഴമന്നൻ ചോദിച്ചു. എഴുതിത്തുടങ്ങിയെന്നു നുണ പറഞ്ഞ കമ്പരോടു എഴുതിയ ഭാഗത്തെ ഏതെങ്കിലും ഒരു ശ്ലോകം ഉദ്ധരിക്കാൻ രാജാവു കല്പിച്ചു. കമ്പർ ഉടൻ തന്നെ ഒരു ശ്ലോകം മനസ്സിൽ  കെട്ടിയൊരുക്കി അത് രാജാവിനെ ചൊല്ലി കേൾപ്പിച്ചു.
" കുമുദനിട്ട കുലവരെ കൂത്തരും
തിമിർദമിട്ടു തിരിയും തിരൈ കടൽ
തുമിതൻ ഊർപുക വാനവർ തുള്ളിനാർ
അമൃതമിന്നും എഴുമെന്നും
ആശൈയാൽ " .
സാഗരണ തരണത്തിനായി സേതുബന്ധിക്കാൻ കുമുദനെന്ന വാനര വീരൻ ചുമന്നുകൊണ്ടുവന്ന പർവതത്തെ സാഗരത്തിലേക്കു വീശിയെറിയവേ അത് കയറി ൻമേൽ അഭ്യാസം കാണിക്കുന്ന അഭ്യാസിയെപ്പോലെ കറങ്ങി കറങ്ങി കടലിൽ വീണു. ഈ സന്ദർഭത്തിൽ കടലിൽ നിന്നു തെറിച്ച നീർക്കണങ്ങൾ സ്വർഗത്തിൽ ചെന്നു വീഴുകയും അതു കണ്ട ദേവന്മാർ അമൃത് വീണ്ടും ഉണ്ടാവുമെന്നു കരുതി സന്തോഷിക്കുകയും ചെയ്തു എന്നർത്ഥം വരുന്ന ഈ ശ്ലോകത്തിലെ തുമി എന്ന പദം കാവ്യഭാഷയിൽ ഇല്ലാത്ത ഒന്നാണ്. കമ്പർ ശ്ലോകം ചൊല്ലിയ നേരത്ത് സദസ്സിലുണ്ടായിരുന്ന ഒട്ടകൂത്തർ തുമി എന്ന പദം തമിഴിൽ ഇല്ലെന്നും ഉടനെ അത് തിരുത്തണമെന്നും വാദിച്ചു. തമിഴ് ഗ്രാമങ്ങളിൽ  തുള്ളി എന്ന അർത്ഥം വരുന്ന തുമി എന്ന പദം പ്രയോഗത്തിലുണ്ടെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നുമായി കമ്പർ. തർക്കം തീരാതെയായപ്പോൾ ഗ്രാമങ്ങളിൽ പോയി അത് പരിശോധിക്കാമെന്നായി രാജാവ്. പ്രച്ഛന്നേവേഷം ധരിച്ചു  മൂവരും ഗ്രാമങ്ങളിലൂടെ നടക്കവേ  ഒരു സ്ത്രീ തൈരു കടയുന്നതു കണ്ടു. അവരുടെ അടുത്തേക്കു ചെറിയ കുട്ടിയായ അവരുടെ മകൻ ഓടിവരവേ "പക്കം വരാതെ, വിലകു വിലകു തുമി തെറിക്കും " എന്നു സൗമ്യമായി മകനെ ശാസിക്കുന്ന വാക്കു കേട്ട ഒട്ടകൂത്തൻ പരാജയം സമ്മതിച്ചു. കമ്പരെ കാക്കാൻ വേണ്ടി സരസ്വതി ദേവിയാണ് സ്ത്രീയായി വേഷം മാറിയെത്തിയതെന്ന കഥയും പ്രചാരത്തിലുണ്ട്.
പന്ത്രണ്ടായിരത്തി ഒരു നൂറ്റിപത്തു ശ്ളോകങ്ങളുള്ള കമ്പരാമായണത്തിൽ നാലിലൊരു ഭാഗം ശ്ലോകങ്ങളും യുദ്ധ വർണ്ണനകളാണ് അതിനാൽ തന്ന ഇതൊരു യുദ്ധകാവ്യമായും വാഴ്ത്ത പ്പെടുന്നു. പല്ലവ രാജ്യവംശത്തിന്റെ അധ:പതനവും ചോഴരുടെ ഉയർച്ചയും നടന്ന കാലത്താണ് കമ്പരാമായണം രചിക്കപ്പെട്ടത്. ഭക്തിയേക്കാൾ ധർമ്മത്തിനാണ് കമ്പരാമായണം ഊന്നൽ നൽകുന്നത്. ഇത് ചോഴരാജാക്കന്മാർക്കുള്ള ഒരു സന്ദേശം കൂടിയാണെന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. കമ്പരാമായണത്തിന്റെ സന്ദേശം മുഴുവൻ തോറ്റ രാവണൻ കഥയിലെ ഒരു ശ്ലോകത്തിൽ പ്രതിഫലിക്കുന്നതായും പണ്ഡിതർ അഭിപ്രായപ്പെടുന്നു.
" അറത്തിനാലൻറി അമരർക്കും അരും സമർ കടത്തൽ ,മറത്തിനാലരി തെൻപതും മനത്തിെടൈ വലിത്തി "
എന്നാരംഭിക്കുന്നേ ശ്ലോകം പറയുന്നത് ധർമ്മത്തിന്റെ വഴിയെ അല്ലാതെ ദേവന്മാർക്കും യുദ്ധം ജയിക്കാൻ സാധ്യമല്ല എന്നാണ്. കമ്പരാമായണത്തിൽ എവിടെ പരതിയാലും ധർമമത്തിന്റെ മഹത്വത്തെയാണ് കാണാനാവുക അതു ശ്രീരാമനിൽ മാത്രം ഒതുങ്ങിയൊടുങ്ങുന്നില്ല. കുംഭകർണ്ണനിലും അതികായതിലും , ഇന്ദ്രജിത്തിലും മാല്യവാനിലും കൈകേയിയിലും കാണാനാവുന്നത് ധർമമത്തിന്റെ മുഖമാണ്.
Share:

Sadananda Pulavar

Tholpava koothu artist