ജാംബവാനും മൃതസഞ്ജീവിനിയും.....
ഇന്ദ്രജിത്ത് എയ്ത ബ്രഹ്മാസ്ത്രമേറ്റു ഉയിരനക്കം ഇല്ലാതായ വാനരസൈന്യം, പിന്നെ ലക്ഷ്മണനും. അബോധവസ്ഥയിലുള്ള ശ്രീരാമൻ . ഇരുട്ടു കട്ടകുത്തി നിൽക്കുന്ന രണഭൂമിയിൽ വിഭീഷണൻ പിടിച്ചിരുന്ന പന്തത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടു വായു പുതനോടു ജാംബവാൻ പറഞ്ഞു. നീ ഇവിടെ നിന്നും 73100 യോജന അകലെക്കു പോകണം : അവിടെ മരണത്തെ അതിജയിക്കാനുള്ള ഔഷധമുണ്ട്..അതുകൊണ്ടു വന്നാൽ എല്ലാവരുടെയും ജീവൻ തിരികെ കിട്ടും..
ജാംബവാന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ പൂർണത കണ്ട ഹനുമാന്റെ മനസ്സിൽ ആശ്വാസത്തിന്റെ സ്പർശം. ഹനുമാൻ മെല്ലെ ചോദിച്ചു..
"ജാംബവന്തരേ അവിടെ ക്കുള്ള വഴി ഏതാണ്, അങ്ങു പറയുക " .
എല്ലാം അറിയുന്ന ജാംബവാൻ.ആ മനസ്സിലൂടെ ഭൂമിയുടെ ചിത്രം തെളിഞ്ഞു വന്നു.
ജംബു, പ്ലക്ഷം, ശാല് മലം, കുശം, ക്രൗഞ്ചം ശാകം, പുഷ്ക്കരം എന്നീ ഏഴു ദ്വീപുകൾ, ഓരോ ദ്വീപിനേയും വലയം ചെയ്യുന്ന ക്ഷാരോദം, ഇക്ഷുരം, സുരോദം, ഘ്യ തോദകം, ദധ്യോദം, ക്ഷീരം, സ്വാദൂതം. എന്നീ സാഗരങ്ങൾ . ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജംബുദ്വീപിന്റെ വിസ്തീർണം ഒരു ലക്ഷം യോചന, ജംബുദ്വീപിന്റെ ഒത്ത നടുവിലുള്ള ഇളാവൃത വർഷത്തിൽ സ്ഥിതി ചെയ്യുന്ന 84 ആയിരം യോചന ഉയർമുള്ള മഹാമേരു പർവതം. അതിനെ താങ്ങി നിർത്തുന്ന മന്ഥരം, മേരു മന്ഥരം, കുമുദം, സുപാർശ്വം. എന്നീ പർവതങ്ങൾ. അതു കഴിഞ്ഞു നീലഗിരി പർവതം. പിന്നെ ഋഷഭാദ്രി... കാളയുടെ കൊമ്പിന്റെ ആകൃതിയിലുള്ള പർവതം... അവിടെയാണ് ഔഷധം: അതാണ് ഔഷധ മല..
ആലോചനയുടെ നിമിഷമൊതുക്കി ജാംബവാൻ പറഞ്ഞു തുടങ്ങി..
"മാരുതേ ശ്രദ്ധിച്ചു കേൾക്കുക, ഇവിടെ നിന്നു 100 യോജന ലവണ സാഗരമാണ്.
അതു കഴിഞ്ഞാൽ ഭാരതവർഷം .അതിന്റെ വിസ്തീർണ്ണം 9000 യോ ജനയാണ്.. പിന്നെ ഹിമാലയ പർവതമാണ് 2000യോജന . അതു കഴിഞ്ഞെത്തുന്നത് കിമ്പുരുഷവർഷമാണ് , അതിന്റെ വിസ്തീർണവും 9000 യോജന തന്നെ. പിന്നെ 2000 യോജന വിസ്തീർണമുള്ള ഹേമകൂട പർവതമാണ് അടുത്തത് ഹരിവർഷം . അതും 9000 യോജനയുണ്ട്. പിന്നെ നിഷദ പർവതം 2000 യോജന വീതി. പിന്നെ എത്തുക ഇളാവൃത വർഷത്തിലാണ്. 9000 യോജന. ഇവിടെയാണ് മഹാമേരു പർവതം .
മഹാമേരുവിന്റെ ഉയരം 84000 യോജനയാണ്. 32000 യോജന മുകൾ പരപ്പ് . അടി വണ്ണം 16000 യോജനയാണ് : നീ മേരുവിന്റെ താഴ്ഭാഗത്തിലൂടെ പോയാൽ മതി. പിന്നെയും 9000 യോജന ഇളാവൃത ഖണ്ഡമാണ്. അതു കഴിഞ്ഞാൽ നീലഗീരി പർവതങ്ങളാണ് 2000 യോചന വിസ്തീർണം അതിനുമുണ്ട്. അവിടെ നിന്നും 4000, യോജന ചെന്നാൽ ഋഷഭാദ്രിയായി.. അവിടെയാണ് ഔഷധം.
പണ്ടുപണ്ടു ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധമുണ്ടായുദ്ധമുണ്ടായപ്പോൾ ദേവന്മാരെ രക്ഷിക്കാൻ ത്രിമൂർത്തികൾ നട്ടതാണ് ആ ഔഷധ ചെടികൾ . ശിവനും, ബ്രഹ്മാവും ഓരോ വിത്തു നട്ടു. വിഷ്ണു രണ്ടു വിത്തു നട്ടു.
തുടർന്ന് ജാംബവാൻ പറഞ്ഞു. സന്ധാന കിരണി, വിശല്യകരണി, സുവർണ കരണി, മൃതസഞ്ജീവിനി. എന്നീ നാലു തരം ഔഷധങ്ങളുണ്ട്.
ആ ഔഷധങ്ങൾക്കു വൈഷ്ണവ ഗണങ്ങൾ കാവലുമുണ്ട്. നീ ചെന്ന് അവരോട് ജാംബവാൻ പറഞ്ഞയച്ചതാണ് എന്നു പറഞ്ഞാൽ മതി.മരിച്ചവരെ ജീവിപ്പിക്കുന്ന മൃതസഞ്ജീവിനി എന്ന ഔഷധം പറിച്ചു തരും.. എന്നെ അവർക്കു അറിയാം..
ജാംബവാൻ പറഞ്ഞ മാർഗത്തിലൂടെ സഞ്ചരിച്ചു ഋഷഭാദ്രിയിലെത്തിയ ഹനുമാൻ ഔഷധത്തിന്റെ നാമം മറന്നു പോവുന്നു.
ഒടുവിൽ മല തന്നെ പിഴുതെടുത്തെത്തിച്ചു മാരുതി.