മാഘമാസത്തിലെ മകം നാളിൽ ഉത്സവമാഘോഷിക്കുന്ന ചിനക്കത്തൂരിൽ ഉത്സവത്തിനു ഇരുപത്തിയേഴു ദിവസം മുൻപു തന്നെ തോൽപ്പാവകൂത്തിന്റ നിശകൾക്കു തുടക്കമാവും. ഇപ്പോൾ പതിനേഴു ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവകൂത്താണ് ഇവിടെ നടക്കുന്നത്. ആദ്യ കാലത്ത് ഇതു പതിനാലു ദിവസമായിരുന്നു നടന്നിരുന്നത്. സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കമ്പരാമായണ കഥയാണ് ഇവിടെ നടത്തുക.

മേലെക്കാവിലെ ഭഗവതിയുടെ മുന്നിലെ നിലവിളക്കിൽ നിന്നും പകർന്നെടുക്കുന്ന തിരി തൂക്കുവിളക്കിൽ വെച്ചു കൂത്തുമാടത്തിന്റെ മുൻ വശത്ത് തൂക്കിയിടുന്നേതോടെയാണ് തോൽപ്പാവകൂത്തിന്റെ ചടങ്ങുകൾ തുടങ്ങുക. തുടർന്നു മേലെക്കാവിൽ സന്ധ്യാവേല കൊട്ടുകയും അതിനു ശേഷം മേലെക്കാവിന്റെ മതിൽക്കെട്ടിനു പുറത്ത് കേളി മദ്ദള പറ്റ്, കുഴൽ പറ്റ് എന്നീ ചടങ്ങുകൾ നടക്കും. ഇതിനു ശേഷം വെളിച്ചപ്പാട് ഉറയുകയും താഴെക്കാവിനെയും മേലെക്കാവിനെയും പ്രദക്ഷിണങ്ങൾ ചെയ്ത് പുറത്തുകടക്കുന്നു. നേരെ കൂത്തുമാടത്തിലെത്തി അരിയെറിഞ്ഞു കൂത്തു തുടങ്ങാൻ അനുവാദം നൽകുന്നു. ഇതിനു ശേഷമാണ് മാടത്തിൽ കൂത്തു തുടങ്ങുക. പതിനാലാം കൂത്തു നാളിൽ നടക്കുന്ന ഗരുഢപത്ത് കാണാൻ നിരവധി ഭക്ത ജനങ്ങൾ ഇവിടെ ഒത്തുകൂടാറുണ്ട്.