കേരളത്തിലെ പ്രധാന കാവുത്സവങ്ങളിൽ ഒന്നാണ് പാലക്കാട് ജില്ലയിലെ ചിനക്കത്തൂർ പൂരം, ആയിരക്കണക്കിനു കാണികൾ കാഴ്ചക്കാരായി എത്തുന്ന ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ആന പൂരമാണ്. 27 ആനകൾ ഇരു ചേരിയിലുമായി അണിനിരക്കുന്ന പൂരമാണിവിടെ നടക്കുക പാലപ്പുറം, പല്ലാർ മംഗലം, മീറ്റ്ന, എറക്കോട്ടിരി, ഒറ്റപ്പാലം, വടക്കു മംഗലം, തെക്കുമംഗലം എന്നി എഴുദേശങ്ങളിലെ ദേശക്കമമിറ്റികൾ ചേർന്നാണ് ചിനക്കത്തൂരിലെ ആനപ്പൂരം സംഘടിപ്പിക്കുന്നത്. 1891 ൽ ആണ് ചിനക്കത്തൂരിൽ ആദ്യമായി ആനപ്പൂരം അരങ്ങത്തെത്തിയത് . അന്നു കാവിലെ സമുദായ സ്ഥാനിയായിരുന്ന എറക്കോട്ടിരി ദേശത്തെ പാലത്തോൾ മനക്കാ രണ് ചിനക്കത്തൂരിലെ ആനപ്പൂരത്തിനു തുടക്കമിട്ടത്.. ഒരേ ഒരു ആനയും നാലു ചെണ്ടക്കാരും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. 1892 ൽ കിഴക്കൻ ചേരിയിലെ മന്ത്രടത്ത് മനയിൽ നിന്നും ആന കാവിലെത്തുകയുണ്ടായി. പിന്നീട് ആനകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് ദേശക്കമ്മിറ്റികൾ രൂപികരിച്ച ശേഷമാണ്. തുടക്ക നാളുകളിൽ ദേശക്കമ്മിറ്റികൾ തമ്മിൽ ഐക്യമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ചിനക്കത്തൂർ പൂരത്തിനു ചിട്ടയും ഉണ്ടായിരുന്നില്ല. രണ്ടു മൂന്നു ദശാബ്ദങ്ങൾക്കു മുൻപ് ഏഴു ദേശങ്ങളും അടങ്ങിയ ഒരു കമ്മിറ്റി രൂപികൃതമായതോടെയാണ് ആനപ്പൂരത്തിനും മേളത്തിനും ചിട്ട ഉണ്ടായത്. ഇപ്പോൾ ഓരോ ദേശത്തു നിന്നും നിശ്ചിത എണ്ണം ആനയെ മാത്രമേ എഴുന്നെള്ളിക്കാവു എന്ന നിബന്ധനയുണ്ട്. കിഴക്കൻ പന്തിയിൽ തെക്കു മംഗലം വടക്കു മംഗലം എന്നീ കമ്മിറ്റികൾക്കു അഞ്ചാന വീതം എഴുന്നെള്ളിക്കാം. പടിഞ്ഞാറെ പന്തിയിൽ ഒററപ്പാലം ദേശത്തിനു അഞ്ചാനയും മറ്റു നാലുദേശങ്ങൾക്കു മൂന്നു ആന വീതവും എഴുന്നെള്ളിക്കാം എന്നാണ് കമ്മിനികൾ തമ്മിലുണ്ടാക്കിയ കരാർ. ഇങ്ങിനെ പഴിഞ്ഞാറെ പന്തിയിൽ 17 ആനകളും കിഴക്കേ പന്തിയിൽ പത്തു ആനകളും അണിനിരക്കും. പൂരം ദിവസം വൈകീട്ട് അഞ്ചു മണിക്കാണ് ആനപ്പൂരം തുടങ്ങുക. രാത്രി 8 മണി വരെ ഇതു തുടരും. അടുത്ത നാൾ പുലർച്ച 3 മണിക്കു തുടങ്ങുന്ന ആന പൂരം ഏഴു മണിക്കവസാനിക്കും. പൂരം ദിവസം നടക്കുന്ന കുടമാറ്റവും പിറ്റേ ദിനം നടക്കുന്ന കൂട്ടിയെഴുന്നെള്ളിപ്പും ആനപ്പൂരത്തിലെ ഭംഗിയാർന്ന മുഹൂർത്തങ്ങളാണ്.