ആരാണ് സീത?
അയോനിജാതയാണ് സീത എന്നാണ് ഭാരതത്തിൽ എഴുതപ്പെട്ട കൂടുതൽ രാമായണങ്ങളും പറയുന്നത്. യാഗഭൂമി ഉഴുന്ന സമയത്ത് ഉഴവുചാലിൽ നിന്നു കിട്ടിയ പെൺകുട്ടിക്കു സീതയെന്നു നാമകരണം ചെയ്യുന്ന ജനകൻ സീതയുടെ യഥാർത്ഥ പിതാവല്ല എന്നു തന്നെയാണ് എല്ലാ രാമായണങ്ങളും വെളിപ്പെടുത്തുന്നത്. സീതക്കു ഒരു പൂർവജന്മ കഥയുണ്ടെന്നു കമ്പരും പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളും സൂചിപ്പിക്കുന്നു. കുശദ്ധ്വജൻ എന്ന താപസൻ പ്രാർത്ഥിച്ചതിന്റെ ഫലമായി വേദത്തിൽ നിന്നു പിറന്ന വേദവതിയാണ് സീതയുടെ മുൻ ജന്മമെന്നു കമ്പർ പറയുന്നു. എന്നാൽ പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായണങ്ങളിൽ ഇന്ദ്രപത്നി ഇന്ദ്രാണിയാണ് സീതയായി പിറന്നതെന്നു പറയുന്നു. പല രാമായണങ്ങളിലും സീതയെ രാവണന്റെ മകളായി എഴുതപ്പെട്ടിട്ടുണ്ട്. ആ കഥ ഇങ്ങിനെയാണ്.
കുശദ്ധ്വജപുത്രിയായ വേദവതി വിഷ്ണുവിനെ ഭർത്താവായി കിട്ടാൻ വൃതമനുഷ്ഠിച്ചിരുന്ന നാളിലാണ് രാവണൻ അവിടെ എത്തിയതെന്നും ബലാൽക്കാരത്തിനു തുനിഞ്ഞതെന്നും തുടങ്ങുന്ന കഥ ഇങ്ങിനെ നീളുന്നു. തന്റെ വൃതത്തിനു ഭംഗം വരുത്തിയ രാവണന്നു യമനായി അടുത്ത ജന്മത്തിൽ താൻ തന്നെ പിറവിയെടുക്കുമെന്നും ശപഥം ചെയ്ത വേദവതി യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്യുന്നു.. വേദവതിയുടെ ചിതാഭസ്മത്തെ യോഗദണ്ഡിലാക്കി ലങ്കയിൽ എത്തിച്ചത് നാരദനാണെന്നു പറയുന്ന കമ്പർ സീതയുടെ പിറവിയിടമായി ലങ്കയെ തന്നെയാണ് പറയുന്നത്. യോഗദണ്ഡിൽ നിന്നു പിറന്ന ശിശു ലങ്കയുടെ സർവനാശത്തിനു കാരണമാവുമെന്ന ജ്യോത്സ്യ വിധി കാരണം ആ കുട്ടിയെ കുട്ടയിലാക്കി കടലിൽ ഒഴുക്കുന്നു. ആ കുട്ടി തന്നെയാണ് കടൽ കടന്നു മിഥിലയിലെ ഉഴവുചാലിൽ എത്തിയതെന്നു കമ്പർ പറയുന്നു. : ഇന്ദ്രപത്നിയായ ഇന്ദ്രാണിയെ ബലാൽസംഗം ചെയ്ത രാവണന്റെ മരണത്തിനു കാരണമൊരുക്കാൻ സീതയായി ഇന്ദ്രാണി തന്നെയാണ് പിറന്നതെന്നാണ് പൂർവേഷ്യൻ രാജ്യങ്ങളിലെ രാമായാണങ്ങൾ പറയുന്നത്.
സീതയെ മഹാലക്ഷ്മിയുടെ അവതാരമായി ആദ്യം എഴുതപ്പെട്ടത് ഭാഗവതത്തിലാണ്. അതിനു ശേഷം രചിച്ച രാമായണങ്ങളെല്ലാം ഭാഗവതത്തിന്റെ കാഴ്ചപാടിനെ സ്വീകരിക്കുകയാണുണ്ടായത്. ഇവിടെ എഴുത്തശ്ശനും കമ്പരും സീതയെ ലക്ഷ്മി ദേവിയായി തന്നെയാണ് കാണുന്നത്. ഭക്തിയുടെ പൂർണ്ണത കാരണം ലക്ഷ്മി ദേവിയെ രാവണനു കട്ടുകൊണ്ടുപോവാൻ കഴിയില്ല എന്നു കരുതുന്ന എഴുത്തച്ഛൻ സന്ദർഭത്തിനനുസൃതമായി ഒരു മായാ സീതയെ സൃഷ്ടിക്കുന്നു... മായാസീതയെ തന്നെയാണ് എഴുത്തച്ഛന്റെ രാവണൻ കട്ടുകൊണ്ടുപോകുന്നതും.