കുടുംബ ബന്ധത്തേയും സാമൂഹ്യ പ്രതിബതിബദ്ധതയേയും ഊട്ടി ഉറപ്പിക്കാനുതകുന്ന രാമകഥയെ പ്രതിപാദ്യവിഷയമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിക്കപെട്ടിട്ടുണ്ട്. ഇതിൽ ആദികാവ്യമെന്നു കീർത്തിക്കപ്പെടുന്ന വാല്മീകി രാമായണമാണ് ഏറ്റവും പ്രശസ്തമായ കൃതി. തൊട്ടുപിന്നിൽ നിൽക്കുന്നത് തമിഴ് ഇതിഹാസ്യകാവ്യമായ കമ്പരാമായണമാണ്. ഉത്തമനായ നരൻ ആരെന്ന ചോദ്യത്തിനുത്തരമാണ് വാല്മീകിയിലെ രാമനെങ്കിൽ കമ്പരുടെ രാമനിൽ മനുഷ്യനേയും ഒപ്പം ഈശ്വരനേയും ദർശിക്കാനാവും. മനുഷ്യ സഹജമായ ദൗർബല്യങ്ങൾക്കൊപ്പം ഈശ്വരതുല്യമായ സവിശേഷതകളും കമ്പരുടെ ശ്രീരാമനിൽ കാണുന്നുണ്ട്.
എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കമ്പരാമായണം രചിക്കപ്പെട്ടതെന്നു ഗണിക്കപ്പെടുന്നു. രചയിതാവായ കമ്പരെക്കുറിച്ചു പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വെണ്ണെനല്ലൂർ എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യനും ദയാലുവും വൈഷ്ണവ ആചാരത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയുമായ ചടയപ്പൻ മുതലിയാരുടെ ആശ്രിതനായിരുന്നു കമ്പർ എന്നു സാർവ്വത്രീകമായി അംഗീകരിക്കപ്പെടുന്നുണ്ട്. തനിക്കു അന്നം തന്നു വളർത്തി വലുതാക്കിയ ചടയപ്പൻ മുതലിയാരെ കമ്പർ തന്റെ കൃതികളിൽ നന്ദിപൂർവം സ്മരിക്കുന്നുമുണ്ട്. വൈഷ്ണവ ഭക്തനായ ചോഴരാജാവിന്റെ അഭ്യർത്ഥന മാനിച്ചാണ് കമ്പർ രാമകഥ എഴുതിയത്. മൂലകൃതിയായ വാല്മീകി രാമായണത്തിന്റെ പദാനുപദ തർജ്ജമയല്ല കമ്പരുടെ കൃതി. കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ പോലും കാതലായ മാറ്റം വരുത്താൻ കമ്പർ ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീരാമജയം എന്നതാണ് കാവ്യത്തിന്റെ യഥാർത്ഥ പേര് : പിന്നീട് അത് കരാമായണമായി അറിയപ്പെടുകയാണുണ്ടായത്. കമ്പരാമായണത്തിന്റെ പിറവിയെ സൂചിപ്പിക്കുന്ന ഒരു കഥയും പ്രചാരത്തിലുണ്ട്.
ചോഴരാജസദസ്സിലെ കവി പ്രമുഖരായ കമ്പരോടും ഒട്ടകൂത്തനോടും രാമായണം രചിക്കാൻ രാജാവ് കല്പിച്ചു. നാല്പത്തിയൊന്നു ദിവസത്തെ അവധിയും അനുവദിച്ചു. ഒട്ടകൂത്തൻ യഥാസമയം തന്നെ രചന തുടങ്ങിയെങ്കിലും കമ്പർ ഒരക്ഷരം പോലും എഴുതാതിരുന്നു. ഒരു ദിനം രാജ്യസദസ്സിലെത്തിയ കമ്പരോടു എഴുത്തിന്റെ കാര്യം ചോഴമന്നൻ ചോദിച്ചു. എഴുതിത്തുടങ്ങിയെന്നു നുണ പറഞ്ഞ കമ്പരോടു എഴുതിയ ഭാഗത്തെ ഏതെങ്കിലും ഒരു ശ്ലോകം ഉദ്ധരിക്കാൻ രാജാവു കല്പിച്ചു. കമ്പർ ഉടൻ തന്നെ ഒരു ശ്ലോകം മനസ്സിൽ കെട്ടിയൊരുക്കി അത് രാജാവിനെ ചൊല്ലി കേൾപ്പിച്ചു.
" കുമുദനിട്ട കുലവരെ കൂത്തരും
തിമിർദമിട്ടു തിരിയും തിരൈ കടൽ
തുമിതൻ ഊർപുക വാനവർ തുള്ളിനാർ
അമൃതമിന്നും എഴുമെന്നും
ആശൈയാൽ " .
സാഗരണ തരണത്തിനായി സേതുബന്ധിക്കാൻ കുമുദനെന്ന വാനര വീരൻ ചുമന്നുകൊണ്ടുവന്ന പർവതത്തെ സാഗരത്തിലേക്കു വീശിയെറിയവേ അത് കയറി ൻമേൽ അഭ്യാസം കാണിക്കുന്ന അഭ്യാസിയെപ്പോലെ കറങ്ങി കറങ്ങി കടലിൽ വീണു. ഈ സന്ദർഭത്തിൽ കടലിൽ നിന്നു തെറിച്ച നീർക്കണങ്ങൾ സ്വർഗത്തിൽ ചെന്നു വീഴുകയും അതു കണ്ട ദേവന്മാർ അമൃത് വീണ്ടും ഉണ്ടാവുമെന്നു കരുതി സന്തോഷിക്കുകയും ചെയ്തു എന്നർത്ഥം വരുന്ന ഈ ശ്ലോകത്തിലെ തുമി എന്ന പദം കാവ്യഭാഷയിൽ ഇല്ലാത്ത ഒന്നാണ്. കമ്പർ ശ്ലോകം ചൊല്ലിയ നേരത്ത് സദസ്സിലുണ്ടായിരുന്ന ഒട്ടകൂത്തർ തുമി എന്ന പദം തമിഴിൽ ഇല്ലെന്നും ഉടനെ അത് തിരുത്തണമെന്നും വാദിച്ചു. തമിഴ് ഗ്രാമങ്ങളിൽ തുള്ളി എന്ന അർത്ഥം വരുന്ന തുമി എന്ന പദം പ്രയോഗത്തിലുണ്ടെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നുമായി കമ്പർ. തർക്കം തീരാതെയായപ്പോൾ ഗ്രാമങ്ങളിൽ പോയി അത് പരിശോധിക്കാമെന്നായി രാജാവ്. പ്രച്ഛന്നേവേഷം ധരിച്ചു മൂവരും ഗ്രാമങ്ങളിലൂടെ നടക്കവേ ഒരു സ്ത്രീ തൈരു കടയുന്നതു കണ്ടു. അവരുടെ അടുത്തേക്കു ചെറിയ കുട്ടിയായ അവരുടെ മകൻ ഓടിവരവേ "പക്കം വരാതെ, വിലകു വിലകു തുമി തെറിക്കും " എന്നു സൗമ്യമായി മകനെ ശാസിക്കുന്ന വാക്കു കേട്ട ഒട്ടകൂത്തൻ പരാജയം സമ്മതിച്ചു. കമ്പരെ കാക്കാൻ വേണ്ടി സരസ്വതി ദേവിയാണ് സ്ത്രീയായി വേഷം മാറിയെത്തിയതെന്ന കഥയും പ്രചാരത്തിലുണ്ട്.
പന്ത്രണ്ടായിരത്തി ഒരു നൂറ്റിപത്തു ശ്ളോകങ്ങളുള്ള കമ്പരാമായണത്തിൽ നാലിലൊരു ഭാഗം ശ്ലോകങ്ങളും യുദ്ധ വർണ്ണനകളാണ് അതിനാൽ തന്ന ഇതൊരു യുദ്ധകാവ്യമായും വാഴ്ത്ത പ്പെടുന്നു. പല്ലവ രാജ്യവംശത്തിന്റെ അധ:പതനവും ചോഴരുടെ ഉയർച്ചയും നടന്ന കാലത്താണ് കമ്പരാമായണം രചിക്കപ്പെട്ടത്. ഭക്തിയേക്കാൾ ധർമ്മത്തിനാണ് കമ്പരാമായണം ഊന്നൽ നൽകുന്നത്. ഇത് ചോഴരാജാക്കന്മാർക്കുള്ള ഒരു സന്ദേശം കൂടിയാണെന്നു പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. കമ്പരാമായണത്തിന്റെ സന്ദേശം മുഴുവൻ തോറ്റ രാവണൻ കഥയിലെ ഒരു ശ്ലോകത്തിൽ പ്രതിഫലിക്കുന്നതായും പണ്ഡിതർ അഭിപ്രായപ്പെടുന്നു.
" അറത്തിനാലൻറി അമരർക്കും അരും സമർ കടത്തൽ ,മറത്തിനാലരി തെൻപതും മനത്തിെടൈ വലിത്തി "
എന്നാരംഭിക്കുന്നേ ശ്ലോകം പറയുന്നത് ധർമ്മത്തിന്റെ വഴിയെ അല്ലാതെ ദേവന്മാർക്കും യുദ്ധം ജയിക്കാൻ സാധ്യമല്ല എന്നാണ്. കമ്പരാമായണത്തിൽ എവിടെ പരതിയാലും ധർമമത്തിന്റെ മഹത്വത്തെയാണ് കാണാനാവുക അതു ശ്രീരാമനിൽ മാത്രം ഒതുങ്ങിയൊടുങ്ങുന്നില്ല. കുംഭകർണ്ണനിലും അതികായതിലും , ഇന്ദ്രജിത്തിലും മാല്യവാനിലും കൈകേയിയിലും കാണാനാവുന്നത് ധർമമത്തിന്റെ മുഖമാണ്.