നൂററാണ്ടുകൾക്കു മുൻപ് കൈത്തറി നെയ്ത്തിന്റെ കരവിരുതുമായി ചുരം കടന്നെത്തിയ മന്നാടിയാർ സമുദായക്കാരായ നെയ്ത്തുകാർ കലാകേരളത്തിനു സമ്മാനിച്ച അപൂർവ സുന്ദര നിഴൽ നാടകമാണ് തോൽ പാവകൂത്ത്. കുത്തനൂർ സ്വദേശികളായ കണ്ണപ്പൻ നായർ പൊന്നച്ചൻ നായർ എന്നീ അനുഗ്രഹീത കലാകാരന്മാർ കർണ്ണാടകയിൽ നിന്നു പഠിച്ചെടുത്ത ഓലപ്പാവക്കളിയിൽ നിന്നാണ് ഇന്നു കാണുന്ന തരത്തിലുള്ള തോൽപ്പാവകൂത്തു പിറന്നത്. ഏകദേശം മൂന്നു നൂറാണ്ടു കൊല്ലങ്കോട് ഭാഗത്തു പിറവിയെടുത്ത ഈ കലാരൂപം ചിനക്കത്തൂരിലെത്തിയത് രണ്ടു നൂറ്റാണ്ടു മുൻപാണ്. ചിനക്കത്തൂരിൽ തോൽപ്പാവകൂത്തു തുടങ്ങിയ കാലം മുതൽ പാലപ്പുറം സംഘമാണ് ഇവിടെ തോൽപ്പാവകൂത്തു നടത്തിവരുന്നത്.
അങ്കപ്പ പുലവർ ,രാമ പുലവർ , ശങ്കര പുലവർ , കൃഷ്ണ പുലവർ ,രാമസ്വാമി പുലവർ , അണ്ണാമല പുലവർ തുടങ്ങിയ തോൽപ്പാവക്കൂത്തു രംഗത്തെ അതികായർ തോൽപ്പാവക്കൂത്തിനു നേതൃത്വം നൽകിയേ വേദിയാണ് ചിനക്കത്തൂർ. ആദ്യ കാലത്ത് ചിനക്കത്തൂരിൽ പതിനാലു ദിവസത്തെ കൂത്തായിരുന്നു നടത്തിയിരുന്നത്. പറയെടുപ്പിന്റെ നാളുകൾ വർദ്ധിപ്പി ച്പ്പോൾ കൂത്തിന്റെ എണ്ണത്തിലും വർദ്ധനവുണ്ടായി. ഇപ്പോൾ പതിനേഴു ദിവസത്തെ തോൽപ്പാവകൂത്താണ് സ്ഥിരമായി നടക്കുന്നത്. കമ്പരാമായണത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള ഭാഗമാണ് ഇവിടെ അവതരിപ്പിക്കുക. തോൽപ്പാവകൂത്തു തുടങ്ങുന്ന ദിവസം മുതൽ കാവിൽ കലാപരിപാടികളും ഉണ്ടാവും. കൂത്തിനോടനുബന്ധിച്ചു ചെണ്ട മദ്ദളം കുഴൽ എന്നീ വാദ്യോപകരണങ്ങൾ കൂത്തുമാടത്തിൽ ഉപയോഗിക്കുന്ന അപൂർവം മാടങ്ങളിലൊന്ന് ചിനക്കത്തൂരാണ്. ചിനക്കത്തൂരിലെ കൂത്തുമാടത്തിന്റെ നീളം 33 അടിയും വീതി 10 അടിയും ഉയരം ഏഴ് തറനിരപ്പിൽ നിന്നുള്ള ഉയരം ഏഴ് അടിയുമാണ്. ഇവിടെ 22 വിളക്കുകളാണ് മാടത്തിനകത്തു കത്തിക്കുക. ഈ അടുത്ത കാലത്താണ് മാടം പുതുക്കിപണിതത്.