സിന്ധു തടത്തിലും ഗംഗാസമതലങ്ങളിലും പുരാണ കാലഘട്ടത്തിൽ തന്നെ കുതിരകൾ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് അശ്വമേധയാഗങ്ങൾ. ആരുണ്ടു എൻ്റെ കുതിരയെ പിടിച്ചുകെട്ടാൻ? എന്നു സഗരൻ വിട്ടയച്ച കുതിരയെ ദേവന്മാർ കപിലാശ്രമത്തിൽ പിടിച്ചു കെട്ടിയതാണ് സപ്ത സാഗരങ്ങളുടെയും ഭൂലോകഗംഗയുടെയും പിറവിക്കു കാരണമായതെന്ന കഥ പുരാണങ്ങളിലുണ്ട്.
വെൺമയുടെ പൂർണ്ണതയുറ്റതും പാലാഴി മഥനകാലത്ത് പാലാഴിയിൽ നിന്നു പിറന്നതുമായ ഉച്ചൈശ്രവസ്സ് എന്ന കുതിരക്കുറിച്ചുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. യന്ത്രങ്ങൾ യുദ്ധത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്നു മുൻപ് മിക്ക പ്രദേശങ്ങളിലെ യുദ്ധങ്ങളിലും കുതിരകൾക്കു പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. ഭാരതീയ യുദ്ധമുറയിലെ ചതുരംഗ വാഹിനി സൈന്യത്തിൽ തേരും ആനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനം കുതിരകൾക്കായിരുന്നു. രഥഗജ
തുരഗപദാദികൾ എന്നാണ് ചൊല്ല്.
ആദി ദ്രാവിഢ സംസ്കൃതിയിൽ കുതിരകളെ ദൈവങ്ങളുടെ പ്രതീകങ്ങളായി സങ്കല്പിച്ചിരുന്നു എന്നതിനു തെളിവാണ് തമിഴക ഗ്രാമങ്ങളിൽ ഇന്നും ആരാധിക്കപ്പെടുന്ന അയ്യനാർ ശിലകൾ. കുതിരപ്പുറത്തേറി സഞ്ചരിക്കുന്ന യോദ്ധാവായ അയ്യനാർ ശിലകളും, വെറും കുതിരകൾ മാത്രമായ അയ്യനാർ കോവിലുകളും തമിഴകത്തുണ്ട്. ഓരോ ഗ്രാമത്തിന്റെയും കാവൽ ദൈവങ്ങളായ അയ്യനാർ ശിലകൾ പൊതുവേ ഗ്രാമാതിർത്തിയിലോ ഗ്രാമത്തിന്റെ പുറത്തോ ആണ് കാണപ്പെടുന്നത്. കേരളത്തിലെ കുട്ടിച്ചാത്ത സങ്കല്പത്തിനു സമാന സങ്കല്പമായ തമിഴകത്തെ കറുപ്പ് എന്ന ശക്തിയുടെ വാഹനമായും ഗണിക്കുന്നത് കുതിരയെ തന്നെയാണ്. പശ്ചിമഘട്ടം കാവൽ കാക്കുന്ന കേരളക്കരയിൽ നാടുവാഴി വാഴ്ചക്കാലത്ത് ആനകളോ, തേരോ കുതിരകളോ സൈന്യത്തിന്റെ ഭാഗമായിരുന്നില്ല. കളരി അഭ്യാസികളായ നായർ പടയാളികളെയാണ് സാമൂതിരിയും കൊച്ചി രാജാവും തിരുവിതാംകൂർ രാജവംശവും ആശ്രയിച്ചിരുന്നത്. അമാലന്മാർ ചുമക്കുന്ന പല്ലക്കിലായിരുന്നു രാജക്കന്മാർ പോലും സഞ്ചരിച്ചിരുന്നത്. എന്നാൽ കേരളത്തിലെ കാവുത്സവങ്ങളിൽ പണ്ടുതൊട്ടേ കുതിര സങ്കല്പത്തിനു സ്ഥാനമുണ്ടായിരുന്നു.
കാവുത്സവങ്ങളിൽ മുഖ്യ സ്ഥാനത്തു നിൽക്കുന്ന ചെട്ടിക്കുളങ്ങര പോലുളള സ്ഥലങ്ങളിൽ കുതിരകൾ എന്ന പേരിൽ ആദിനാൾ തൊട്ടു തന്നെ കെട്ടുകാഴ്ചകൾ ഉത്സവനാളുകളിൽ എഴുന്നെള്ളിക്കാറുണ്ടെങ്കിലും വള്ളുവനാടൻ കാവുത്സവങ്ങളിൽ കാളകൾക്കായിരുന്നു പ്രഥമസ്ഥാനം. കാർഷിക സമൃദ്ധിക്കായി നടത്തപ്പെടുന്ന വള്ളുവനാടൻ കാവുത്സവങ്ങളിലേക്കു കാളകളെ ചുമന്നെത്തിക്കുന്നതും കൃഷിയുമായി ബന്ധപ്പെട്ട സമുദായങ്ങളാണ്. ഫ്യൂഡൽ കാലഘട്ടങ്ങളിൽ ഓരോ പ്രദേശങ്ങളിലെയും ജന്മി ഭവനങ്ങളിൽ നിന്നായിരുന്നു കാളകൾ കാവുകയറിയിരുന്നതെങ്കിലും അത് തോളേന്തിയിരുന്നത് അടിയാളന്മാരായിരുന്നു. പിൽക്കാലത്ത് കാവു സങ്കല്പങ്ങളിൽ വന്ന മാറ്റങ്ങളാണ് കുതിരക്കോലങ്ങളെയും ആനകളെയും കാവിലെത്തിച്ചത്. മണ്ണൂർ , തേനൂർ, കുണ്ടലശ്ശേരി, കുണ്ടുവം പാടം, കോട്ടായി തുടങ്ങിയ നിരവധി കാവുകളിൽ കുതിരക്കോലങ്ങൾ ഉത്സവക്കാഴ്ചകളാവാറുണ്ടെങ്കിലും കുതിരക്കോലങ്ങൾക്കു പ്രഥമസ്ഥാനം കല്പിക്കപ്പെടുന്ന കാവുത്സവങ്ങളാണ് കാവശ്ശേരി, മച്ചാട് ചിനക്കത്തൂർ, ആര്യങ്കാവ്, തുടങ്ങിയ കാവിലെ ഉത്സവങ്ങൾ.മച്ചാട്, ആര്യങ്കാവ് തുടങ്ങിയ കാവുകളിൽ എല്ലാ സമുദായക്കാരും ഉൾപ്പെടുന്ന ദേശക്കമ്മിറ്റികളാണ് കുതിരകളെ കാവുകളിലെത്തിക്കുന്നത്. ഇവിടെ കുതിര കളിക്കു തന്നെയാണ് ഉത്സവത്തിൽ ഒന്നാം സ്ഥാനം. കവളപ്പാറ ആരിയങ്കാവിൽ കുതിരകളെത്തിയത് ചിനക്കത്തൂരിൽ നിന്നാണ് എന്ന നാട്ടു ചൊല്ലുകൾ ഉണ്ട്. ചിനക്കത്തൂരിലെ പൂരം കഴിഞ്ഞു നിർത്തിയിട്ടിരുന്ന കുതിരകളൊന്നിനെ പനയൂർ ദേശക്കാർ അന്തിക്കറുപ്പിൻ്റെ നേരത്തു കണ്ടുകൊണ്ടുപോയി എന്നും അതിനു ശേഷമാണ് ആരിയങ്കാവിൽ കുതിരകളി തുടങ്ങിയത് എന്നുമാണ് ആ നാട്ടു ചൊല്ലു വിശദമാക്കിയിരുന്നത്. കുതിര കളിക്കു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന കാവുകളിലൊന്നായ ചിനക്കത്തൂരിൽ ദേശങ്ങളല്ല കുതിരകളെ കെട്ടിയൊരുക്കിയിരുന്നത്. മാത്രമല്ല പതിനാറു കുതിരകളിൽ ഒന്നു കൂട്ടാനോ കുറക്കാനോ ഇവിടെ സാധ്യവുമല്ല.. പതിനാറു കുതിരയും കളിസ്ഥലത്തെത്തിയാൽ മാത്രമേ ചിനക്കത്തൂരിൽ പൂരം തുടങ്ങാനാവു എന്ന ചട്ടം കൂടിയുണ്ട്. പേര് കുതിര എന്നാണെങ്കിലും ഓരോ കാവുകളിലെയും കുതിര രൂപങ്ങൾ തമ്മിൽ വ്യാത്യാസമുണ്ട്. വലിപ്പത്തിൽ ഒന്നാം സ്ഥാനം ചെട്ടിക്കുളങ്ങര പോലുള്ള തെക്കൻ കേരളത്തിലെ കാവുകളിലെ കെട്ടുകാഴ്ചകൾക്കു തന്നെയാണ്. പ്രൗഢിയിലും ഭംഗിയിലും കെട്ടുകാഴ്ചകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ആവേശത്തിന്റെ കാര്യത്തിൽ പ്രഥമസ്ഥാനം മച്ചാട് തിരുവാണിക്കാവിലെ മാമാങ്കത്തിനണി ചേരുന്ന കുതിര കളിക്കു തന്നെയാണ്. കാവുത്സവങ്ങളിലെ കാഴ്ച ചന്തങ്ങളായ കെട്ടു കാഴ്ചകളും പൊയ്ക്കോലങ്ങളും സംസ്ക്കാരത്തിന്റെ അതാതു പ്രദേശത്തിലെ തച്ചുശാസ്ത്ര വൈദഗ്ധ്യത്തിനുള്ള തെളിവു കൂടിയാണ്.