പണ്ടുപണ്ടാരു നാൾ പാലക്കാടൻ മണ്ണിലേക്കു പട നയിച്ച സാമൂതിരിയെ തുരത്താൻ ദിണ്ഡുക്കല്ലിൽ നിന്നും പുറപ്പെട്ട മൈസൂർ സൈന്യത്തോടൊപ്പം ചുരം കടന്നവരിൽ ചിലരാണ് തമിഴ് പേശുന്ന റാവുത്തന്മാർ . ഇസ്ലാം ആണെങ്കിലും തമിഴക രീതിയിൽ ചേല ചുറ്റി താലി ചാർത്തുന്ന ഈ സമുദായക്കാരുടെ പുരാതന സങ്കേതങ്ങളിലൊന്നാണ് പത്തിരിപ്പാലക്കു സമീപമുള്ള മണ്ണൂർ ഗ്രാമം. പുതുക്കോട് ഗ്രാമക്കാരെപ്പോലെ മണ്ണൂരിലെ റാവുത്തർമാരുടെയും മുഖ്യ തൊഴിൽ നെയ്ത്തായിരുന്നു - ഇവരിൽ പലരുടെയും വിശ്വാസങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗ്രാമ ദേവതയാണ് മണ്ണൂർ കയ്മക്കുന്നത്തു കാവിൽ വാഴുന്ന ദേവി . കവളപ്പാറ ആര്യങ്കാവു പോലെ നായർ നാടുവാഴികളുടെ അധീനത്തിൽ വിട്ടു പോകാത്ത കാവാണ് കയ്മക്കുന്നത്തുകാവും
60 ഓളം പാലക്കാടൻ ഭഗവതിമാരുടെ ഉത്സവക്കാലങ്ങൾക്കു രാമായണ ഗന്ധം പകർന്നു കൊടുക്കുന്ന തോൽപ്പാവക്കൂത്തെന്ന കലാരൂപം ഏറ്റവും കൂടതൽ ദിവസം നടക്കുന്നത് ഇവിടെയാണ്. മണ്ണൂർ കയ്മക്കുന്നത്തുകാവിൽ ,
മകരത്തിലെ ഒന്നാം ചൊവ്വ മുതൽ മീനത്തിലെ രണ്ടാo ചൊവ്വാഴ്ച വരെ നീളുന്ന 64 ദിവസങ്ങൾ.
രണ്ടു നിലകളുള്ള ഏക കൂത്തുമാടമെന്ന ഖ്യാതിയുള്ള മണ്ണൂരിൽ ഗതകാലത്തു കൂത്തു നടത്തിയിരുന്നത് കുത്തനൂർസംഘമായിരുന്നു.
കൂത്തിന്റെ പിറവി ഊരായ കുത്തനൂരിലെ പ്രഭാകരപുലവർ വിട ചൊല്ലി മറഞ്ഞതോടെ പാലക്കാട്ടുകാരാണിപ്പോൾ കൂത്തു നടത്തുന്നത്.
ആനച്ചൂരു അകന്നു നിൽക്കുന്ന കാവുകളിലൊന്നു കൂടിയാണ് കയ്മക്കുന്നത്തു കാവ്. മണ്ണൂർ നായർ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള ഈ കാവിലെ വേല അറിയപ്പെടുന്നത് കൂത്തിന്റെ പേരിലാണ് .കൂത്തു താലപ്പൊലി.എന്ന പേരിൽ. പാലക്കാട് -ഒറ്റപ്പാലം സംസ്ഥാന പാതയിലുള്ള പത്തിരിപ്പാലയിലുള്ള ജങ്ക്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കായി കയ്മക്കുന്നത്തുകാവ് സ്ഥിതി ചെയ്യുന്നു.