Indian traditions and cultural stories.

മാണിക്യം ചൂടിയോ ശിരസ്സിൽ ഈ നാഗത്താൻ ?
ചിത്രം കണ്ടപ്പോൾ പെട്ടെന്നു ഓർത്തു പോയത് മാണിക്യ കല്ലുമായി ആകാശത്തിലൂടെ പറക്കുന്ന വള്ളുവനാടൻ നാഗങ്ങളെയാണ്.
നാഗത്തറയുടെ താഴെ ആരാലും എത്തിപ്പെടാനാവാത്ത മാളത്തിനകത്തിരുന്ന് കല്ലിനെ ഊതി മാണിക്യങ്ങളാക്കുന്ന നാഗങ്ങൾ.പിന്നെ ഇരുട്ടിന്റെ ആകാശത്തിലൂടെ ആ മാണിക്യകല്ലുമായി സഞ്ചരിക്കുന്ന നാഗദൈവങ്ങൾ. ഈ ഭൂമിയെ ശിരസ്സേന്തുന്ന ആയിരം തലയുള്ള അനന്തൻ്റെ ശിരോഭാഗത്തുമുണ്ടത്രേ ഒരു നാഗമാണിക്യം ! കാശ്യപ പ്രജാപതിയുടെ ഭാര്യ കദ്രുവിൽ നിന്നു പിറന്ന സർപ്പങ്ങൾ. ഇവർ ഗതകാലത്തു ആരാധ്യരായിരുന്നില്ലത്രേ. നാഗങ്ങളിൽ ഈശ്വരനെ കണ്ടിരുന്ന നാഗന്മാർ ഹിന്ദുമതത്തിലെത്തിയപ്പോഴാണത്രേ മറ്റുള്ളവരും നാഗങ്ങളിൽ ഈശ്വരനെ കണ്ടെത്തിത്തുടങ്ങിയത്. കേരളത്തിലെ ആവാസ വ്യവസ്ഥയെ കാക്കാൻ നാഗങ്ങൾ വഹിക്കുന്ന പങ്കു ചെറുതല്ല. കാവു വാഴുന്നവർ ഇവരിൽ തന്നെ സവർണ്ണരും അവർണ്ണരും. പിന്നെ യക്ഷികൾ . രാജാവ്, മന്ത്രി, ദാസന്മാർ .... എത്രയെത്ര സങ്കല്പങ്ങൾ. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം കൊത്തിയെടുപ്പിക്കുന്ന വിഷ വൈദ്യന്മാർ, ഉപദ്രവിച്ചവനെ തെരഞ്ഞു പിടിച്ചു കടിച്ചു പക പോക്കുന്ന സർപ്പങ്ങൾ, എത്രയെത്ര കഥകൾ . നാട്ടിൻ പുറത്തിൻ്റെ മനസ്സിലെ സർപ്പ സങ്കല്പത്തെ ഓതി തന്ന നാട്ടിൻ പുറത്തുകാരി പെൺകുട്ടിയേയും ഓർത്തു പോയി.
ഫോട്ടോ.. കടപ്പാട്.
Share:

കയ്മക്കുന്നത്തുകാവ്, മണ്ണൂർ

ഉത്തരായനം വരവായി . പാലക്കാടൻ ഭഗവതി മാരുടെ വാസയിടങ്ങളിൽ ഉത്സവങ്ങളുടെ കാലമാണ് മേഘമൊഴിഞ്ഞ മാനം പൂക്കുന്ന വേനൽക്കലം. ഇത് തേൽപ്പാവ കൂത്തിന്റെ രാത്രികൾ കൂടിയാണ്.
  പണ്ടുപണ്ടാരു നാൾ പാലക്കാടൻ മണ്ണിലേക്കു പട നയിച്ച സാമൂതിരിയെ തുരത്താൻ ദിണ്ഡുക്കല്ലിൽ നിന്നും പുറപ്പെട്ട മൈസൂർ സൈന്യത്തോടൊപ്പം ചുരം കടന്നവരിൽ ചിലരാണ് തമിഴ് പേശുന്ന റാവുത്തന്മാർ . ഇസ്ലാം ആണെങ്കിലും തമിഴക രീതിയിൽ ചേല ചുറ്റി താലി ചാർത്തുന്ന ഈ സമുദായക്കാരുടെ പുരാതന സങ്കേതങ്ങളിലൊന്നാണ് പത്തിരിപ്പാലക്കു സമീപമുള്ള മണ്ണൂർ ഗ്രാമം. പുതുക്കോട് ഗ്രാമക്കാരെപ്പോലെ മണ്ണൂരിലെ റാവുത്തർമാരുടെയും മുഖ്യ തൊഴിൽ നെയ്ത്തായിരുന്നു - ഇവരിൽ പലരുടെയും വിശ്വാസങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗ്രാമ ദേവതയാണ് മണ്ണൂർ കയ്മക്കുന്നത്തു കാവിൽ വാഴുന്ന ദേവി . കവളപ്പാറ ആര്യങ്കാവു പോലെ നായർ നാടുവാഴികളുടെ അധീനത്തിൽ വിട്ടു പോകാത്ത കാവാണ് കയ്മക്കുന്നത്തുകാവും
  60 ഓളം പാലക്കാടൻ ഭഗവതിമാരുടെ ഉത്സവക്കാലങ്ങൾക്കു രാമായണ ഗന്ധം പകർന്നു കൊടുക്കുന്ന തോൽപ്പാവക്കൂത്തെന്ന കലാരൂപം ഏറ്റവും കൂടതൽ ദിവസം നടക്കുന്നത് ഇവിടെയാണ്. മണ്ണൂർ കയ്മക്കുന്നത്തുകാവിൽ ,
മകരത്തിലെ ഒന്നാം ചൊവ്വ മുതൽ മീനത്തിലെ രണ്ടാo ചൊവ്വാഴ്ച വരെ നീളുന്ന 64 ദിവസങ്ങൾ.
രണ്ടു നിലകളുള്ള ഏക കൂത്തുമാടമെന്ന ഖ്യാതിയുള്ള മണ്ണൂരിൽ ഗതകാലത്തു കൂത്തു നടത്തിയിരുന്നത് കുത്തനൂർസംഘമായിരുന്നു.
കൂത്തിന്റെ പിറവി ഊരായ കുത്തനൂരിലെ പ്രഭാകരപുലവർ വിട ചൊല്ലി മറഞ്ഞതോടെ പാലക്കാട്ടുകാരാണിപ്പോൾ കൂത്തു നടത്തുന്നത്.
ആനച്ചൂരു അകന്നു നിൽക്കുന്ന കാവുകളിലൊന്നു കൂടിയാണ് കയ്മക്കുന്നത്തു കാവ്. മണ്ണൂർ നായർ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള ഈ കാവിലെ വേല അറിയപ്പെടുന്നത് കൂത്തിന്റെ പേരിലാണ് .കൂത്തു താലപ്പൊലി.എന്ന പേരിൽ. പാലക്കാട് -ഒറ്റപ്പാലം സംസ്ഥാന പാതയിലുള്ള പത്തിരിപ്പാലയിലുള്ള ജങ്ക്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കായി കയ്മക്കുന്നത്തുകാവ് സ്ഥിതി ചെയ്യുന്നു.
Share:

My Father Annamala palavar and Ramayan

രാമകഥയും അച്ഛനും..
രാമ കഥയിലൂടെ കൈ പിടിച്ചു നടത്തിയത് അച്ഛനാണ്. അഞ്ചുവയസ്സു തികയുന്നതിനു മുൻപു തന്നെ അച്ഛൻ്റെ നാവിൽ നിന്നു രാമകഥ കേട്ടുതുടങ്ങിയിരുന്നു.
പക്ഷേ രാമ സങ്കല്പത്തെ കുറച്ചെങ്കിലും അറിയാൻ പിന്നെയും ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.
ലോകത്തിലുള്ള എല്ലാ മന്ത്രങ്ങൾക്കും ഉയരെ നിൽക്കുന്നതാണ് രാമാ എന്ന രണ്ടക്ഷരത്തിലൊതുങ്ങുന്ന രാമമന്ത്രമെന്നു ഗരുഢപത്തിൻ്റെ വേളയിലും, തന്നിൽ നിന്നു ഈ കാണുന്ന സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളെ സൃഷ്ടിക്കുകയും ഒടുവിൽ തന്നിൽ തന്നെ ലയിപ്പിക്കുന്ന പരമാത്മാ സ്വരൂപനാണ് രാമൻ എന്നു ബ്രഹ്മാസ്ത്രപടലത്തിൻ്റെ വേളയിലും കൂത്തുമാടത്തിനകത്തു കണ്ണടച്ചിരുന്നു ഉരുവിടുന്ന അച്ഛൻ്റെ വാക്കുകളിൽ മാത്രമല്ല രാമൻ നിറഞ്ഞു നിന്നിരുന്നത്. അച്ഛൻ്റെയും മുത്തച്ഛൻ്റെയും ജീവിതത്തിലുടനീളം നിറഞ്ഞു നിന്നിരുന്നത് രാമ നാമമായിരുന്നു..
അതുകൊണ്ടാണ് അച്ഛനും മുത്തച്ഛനും മരണത്തിനു മുൻപു തന്നെ തങ്ങൾ മരിക്കുകയാണെങ്കിൽ ആരും കരയരുതെന്നും രാമനാമം ജപിക്കുക മാത്രമേ ചെയ്യാവു എന്നും കുടുംബക്കാരോടു നിർദ്ദേശിച്ചത്..
രാമനെ ചൊല്ലാതെ 
രാമനെ ചിന്തിക്കാതെ
രാമനെ തെരയാതെ
എൻ്റെ ഒരു പകലുകളും രാത്രികളും ഇന്നും നടന്നകലാറില്ല.

"കരുത്തിലും രാമാ എൻപേൻ
കനവിലും രാമാ എൻപേർ
ചിനത്തിലും രാമാ എൻപേൻ ദിനംകരി രാമാ എൻപേൻ 
മനത്തുളെ പീഢൈ നാടി
വൽവിനൈ വാര പോതു പുന: തുളായ് മാലൈ മാർപാ ഉൻ പാദം യാം കുറുവോമേ ...".
Share:

തോൽപ്പാവകൂത്തും പുത്തൂരും

അഗ്രഹാരങ്ങളും
 തോൽപ്പാവക്കൂത്തും '
വെങ്കിടേശ്വര സുപ്രഭാതവും
വേദ മന്ത്രങ്ങളും കേട്ടുണരുന്ന പാലക്കാടൻ അഗ്രഹാരങ്ങളിൽ തോൽപ്പാവക്കൂത്തിന്റെ ഈരടികൾ ഒഴുകി നിറഞ്ഞിരുന്ന ഒരു കാലവും ഉണ്ടായിരുന്നു.
വൈത്തീശ്വര അയ്യർ
വെങ്കിടാചല അയ്യർ തുടങ്ങിയ തമിഴ് ഭാഷാ പണ്ഡിതർ കൂടിയായിരുന്ന തോൽപ്പാവകൂത്തു കലാകാരന്മാരുടെ വാസഭൂവായിരുന്നു കല്പാത്തിയിലേയും സമീപപ്രദേശങ്ങളിലേയും ഉള്ള അഗ്രഹാരങ്ങൾ...
മുത്തച്ഛന്റെ പിതാവ് അങ്കപ്പ പുലവരും സംഘവും കാഞ്ഞിക്കുളം സത്രം കാവിൽ വെച്ച് AD1850 കാലഘട്ടത്തിൽ അഗ്രഹാരങ്ങളിലെ പാവകൂത്ത് കലാകാരന്മാരോടു വാദത്തിൽ തോറ്റ ചരിത്രവും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴും പാലപ്പുറം സംഘക്കാർ കല്പാത്തിയിലെ വൈത്തീശ്വര അയ്യരേയും
വെങ്കിടേശ്വര പുരം വെങ്കിടാചല അയ്യരേയും ഗുരുവന്ദന വേളയിൽ സ്മരിക്കാറുണ്ട്.
1915-ൽ പാലക്കാട് പുത്തൂർ സ്വദേശിയും സുബ്രഹ്മണ്യ ഭാരതിയുടെ ശിഷ്യനുമായ ചിന്നത്തമ്പി വാധ്യാർ (ഇദ്ദേഹം 400 വർഷം മുൻപ് കൂനത്തറയിൽ ജനിച്ചതായി ആലങ്കോട് ലീലാകൃഷ്ണൻ ,എഴുതി വെച്ചിട്ടുണ്ട്) ആദ്യമായി തോല് പാവകൂത്തിനെ അടിസ്ഥാനമാക്കി തമിഴിൽ പുസ്തകം രചിച്ചപ്പോൾ അത് തെറ്റുതിരുത്തി പ്രസിദ്ധീകരിക്കാൻ ഏറ്റവും കൂടതൽ സഹായം ചെയ്തത് മറ്റാരുമല്ല, കൽപ്പാത്തി അപ്പാദുരൈ ഭാഗവതരുടെ ശിഷ്യനായ വെങ്കിടാചല അയ്യരും കൽപ തരു പ്രസ്സിന്റെ ഉടമയായ വെങ്കിടാചല ശാസ്ത്രികളുമാണ്.
പാണ്ഡിത്യത്തിന്റെ പൂർണ രൂപങ്ങളായ അഗ്രഹാരങ്ങളിലെ പാവകൂത്ത് കലാകാരന്മാർ രാമകഥ അവതരിപ്പിച്ചിരുന്നതു മറ്റ് എവിടെയുമല്ല ... അത് പുത്തൂർ കണ്ണകി യമ്മൻ കോവിലായിരുന്ന തിരുപുരാക്കൽ കാവിലെ കൂത്തുമാടത്തിലാണ്. 32 അടി നീളവും പന്ത്രണ്ടടി എട്ടിഞ്ച് വീതിയുമുള്ളതാണ് പുത്തൂരിലെ
 കൂത്തുമാടം.


Share:

Sadananda Pulavar

Tholpava koothu artist