Indian traditions and cultural stories.

ഉത്സവങ്ങളും വാണിജ്യങ്ങളും.

 


യാത്രാ സൗകര്യം പരിമിതമായിരുന്ന ഗതകാലത്ത് തീർത്ഥയാത്രയുടെ പേരിലാണ് കൂടുതൽ പേരും ദീർഘദൂര ദേശങ്ങളിലേക്കു സഞ്ചാരം ചെയ്തിരുന്നത്. ആയിരത്താണ്ടു മുൻപ് കാലടിയിൽ നിന്നു ഹിമഗിരിശൃംഗം വരെ നടന്നു സനാതന ധർമമത്തിന്റെ നാവോത്ഥാനത്തിനു തിരിതെളിച്ച ആദി ശങ്കരൻ്റെ യാത്രക്കും തീർത്ഥാടനത്തിൻ്റെ സ്വഭാവമാണ് ഉള്ളത്. അകലെയുള്ള തീർത്ഥാടനേ ന്ദ്രങ്ങൾ തേടിയുള്ള യാത്രയിൽ സാധാരണക്കാർ ഏറ്റവും പിന്നിലാവാൻ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രശ്നം തന്നെയാണ്. ആ കാലത്ത് സാമ്പത്തീകമായും സാമുദായികമായും ഏറ്റവും പിന്നിൽ നിൽക്കുന്നവർ ദേശാടനം നടത്തിയിരുന്നത് കാവുത്സവങ്ങൾ കാണാൻ വേണ്ടി മാത്രമായിരുന്നു. മറ്റു നാളുകളിൽ കാവു മുറ്റം ചവിട്ടാൻ പോലും അനുവാദമില്ലാതിരുന്ന ആ ജനത കാവുകൾ തേടി എത്തിയിരുന്നത് വിനോദത്തിനും  ആത്മമീയതക്കും വേണ്ടി മാത്രമായിരുന്നില്ല , വാണിഭത്തിനു വേണ്ടിയുമായിരുന്നു. ഗതകാലത്തെ ഉത്സവങ്ങൾ വാണിജ്യ മേളകൾ കൂടിയായിരുന്നു എന്ന് ചരിത്രം തെളിവുകൾ നൽകുന്നുണ്ട്. പിൽക്കാലത്തു അധികാരത്തിന്റെ പേരിൽ പോർക്കളമായി മാറിയ മാമാങ്കവും ഏറ്റവും വലിയ വാണിജ്യ മേളയായിരുന്നു. അങ്ങാടികൾ എല്ലായിടത്തും സജീവമാകുന്നതിന്നു മുൻപ് ചന്തകളെ പോലെ തന്നെ  ഉത്സവ വാണിഭത്തിന്നും ഏറെ പ്രസക്തി ഉണ്ടായിരുന്നു. പെൺകുട്ടികൾ കൈകളിൽ അണിഞ്ഞിരുന്ന കുപ്പിവളകൾ മുതൽ മറ്റു ഗൃഹോപകരണങ്ങൾക്കു വരെ ഉത്സവച്ചന്തകളെ   ആശ്രയിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. ആഴ്ചകളും മാസങ്ങളും നീണ്ടു നിൽക്കുന്ന ഉത്സവച്ചന്തകൾ ഇന്നും നടന്നു വരുന്നുണ്ട്. എന്നാൽ പിച്ചള ഓട്, തുടങ്ങിയവ കൊണ്ടു   നിർമ്മിച്ച 'വസ്തുക്കളുടെ വില്പന കേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരിലെ ഭരണി ച്ചന്തയും കൽച്ചട്ടികളുടെ ഉത്സവമായിരുന്ന തിരുവില്വാമല ഏകാദശി ചന്തയും മൺമറഞ്ഞുപോയ കാഴ്ചകളാണ്. 

  ഉത്സവ പറമ്പിലെ സാധാരണ കച്ചവടങ്ങളിൽ നിന്നു ഭിന്നമാണ്   നിളാ തീരത്തെ കാവുത്സവങ്ങളിൽ നിന്നും മായാതെ നിൽക്കുന്ന പതിരു കച്ചവടം. കാർഷീക  സംസ്കൃതിയുമായി   ബന്ധമുള്ള നെല്ലിനു പകരം മീൻ എന്ന ഈ തരം കച്ചവടം തൃത്താല ഭാഗങ്ങളിലെ കാവുത്സവത്തിന്റെ നാളിൽ ഇന്നും കാണാനാവും. നെല്ലിനു പകരം മീൻ എന്നു തത്വത്തിനു മാറ്റം വന്നിട്ടുണ്ടെങ്കിലും പതിവുകൾ തെറ്റിക്കാതെ മീൻ കച്ചവടക്കാർ കാവുകൾ തേടി ഇന്നും വരാറുണ്ട്. നിളാ തീരത്തെ പ്രസിദ്ധ കാവുത്സവമായ ചിനക്കത്തൂരിലും ഉത്സവപ്പറമ്പിൽ ഉണക്ക മീൻ കച്ചവടവും പച്ച മീൻ കപ്പവടവും ഉണ്ടെങ്കിലും ഇതിനു പതിരു കച്ചവടവുമായി ബന്ധമില്ല. മാത്രമല്ല ഉത്സവപിറ്റേന്നാണ് ചിനക്കത്തൂരിൽ മീൻ കച്ചവടം നടക്കുക. പൂരം കാണാൻ വിരുന്നെത്തുന്നവരെ വെറും കൈയ്യോടെ തിരിച്ചയക്കരുെതെന്ന ഗ്രാമീണ വിശ്വാസം ഇപ്പോഴും നിൽക്കുന്ന ചിനക്കത്തൂർ തട്ടകത്തിൽ ഉണക്ക മീൻ സമ്മാനമായി  നൽകുന്ന പതിവും ചിലർ തുടർന്നു വരുന്നു.




Share:

Sadananda Pulavar

Tholpava koothu artist

Search This Blog

Powered by Blogger.

New Posts

അനങ്ങൻ മല....ഹിമഗിരിശ്രംഗങ്ങൾക്കൊത്ത ഉയരമോ പശ്‌ചിമ ഘട്ടത്തിലെന്ന പോലെ നിബിഢ വനങ്ങളോ ഇല്ലാത്ത ഒരു ചെറിയ മലയുണ്ട് ഞങ്ങൾ ഒറ്റപ്പാലത്തുകാർക്ക് . അനങ്ങൻ മല.. സമതല ഭൂവിലേക്കു എവിടെ നിന്നോ തെറിച്ചു വീണ പോലെ കിടക്കുന്ന ഈ മലയെക്കുറിച്ചു പുരാണേതിഹാസങ്ങളിൽ എവിടെയും പരാമർശമില്ലെങ്കിലും ഞങ്ങൾ ഒറ്റപ്പാലത്തുകാർക്കു ഈ മലയെക്കുറിച്ചു സ്വന്തം കഥയുണ്ട്.,.. രാമായണ കാലത്തോളം പഴക്കമുള്ള കഥ...രാമ രാവണ യുദ്ധത്തിന്റെ ഇടയിൽ രാവണപുത്രൻ മേഘനാദൻ ബ്രഹ്മാസ്ത്രം എയ്തു ലക്ഷ്മണനേയും എഴുപതു വെള്ളം വാനരസൈന്യത്തേയും വീഴ്ത്തി. വീണവരെ മരണത്തിൽ നിന്നു രക്ഷിക്കാൻ മാർഗ്ഗം കണ്ടെത്തിയത് ജാംബവാനാണ്. "73100 യോജന ദൂരെ ഋഷഭാദ്രിയിൽ മരിച്ചവരെ ഉയിർജനിപ്പിക്കാൻ കെല്പുള്ള ഒരു ദിവ്യ ഔഷധമുണ്ട് മൃതസഞ്ജീവിനി എന്നാണതിന്റെ പേര്. നീ പോയി ഔഷധം കൊണ്ടുവരിക. "ജാംബവാൻ ഓതി കൊടുത്ത മാർഗ്ഗത്തിലൂടെ ഹനുമാൻ ഋഷഭാദ്രിയിൽ എത്തി ... പക്ഷേ ... ഔഷധത്തിന്റെ പേര് മറന്നു പോയി ... ഒടുവിൽ ഔഷധമലയെ തന്നെ പിഴുതെടുത്തു മാരുതി. ആകാശത്തിനുമുയരത്തിലൂടെ ലങ്കയെ ലക്ഷ്യമാക്കിയുള്ള യാത്രയിൽ ഋഷഭാദ്രിയിൽ നിന്നു ഒരു തുണ്ടു അടർന്നു നിലം വീണു... അതത്രേ അനങ്ങൻ മല... ഒരു കാലത്തു ഔഷധസന്ന്യങ്ങളാൽ സമ്പന്നമായിരുന്ന മല.... കന്മദത്തിന്റെ ഇരിപ്പിടം ... പുരാതന കാലത്തു തന്നെ ഇതിന്റെ താഴ്വാരങ്ങൾ ജനപഥങ്ങളായിരുന്നു എന്നതിനുളള തെളിവാണ് കോതകുർശിയിൽ നിന്നു കണ്ടെത്തിയ നന്നാങ്ങാടികൾ. അഹിംസാതത്വങ്ങളുടെ പുതുമന്ത്ര സംഹിതകളുമായി ചുരം കടന്നെത്തി പലക്കാടൻ വിളഭൂവിലെ പല കാവുകളും കാവുത്സവങ്ങളും പിറക്കാൻ കാരണമൊരുക്കിയ ജൈന സന്യാസിമാരുടെ സങ്കേതങ്ങളും ഈ മലയുടെ ഉയരങ്ങളിൽ ഉണ്ടായിരുന്നുവത്രേ ,