പണ്ടുണ്ടായിരുന്നു എന്റെ നാട്ടിലുമൊരു വണ്ടിക്കാരൻ
നാരായണൻ ചെട്ടിയാർ. കാളകൾ പൂട്ടിയ വണ്ടിയിലിരുന്നു പല ദിശ നോക്കി പോയിരുന്ന വണ്ടിക്കാരൻ. കാലമൊരു നൂറു നൂറാണ്ടു മുന്നേയൊരു നാടുവാഴിയുടെ വിളി കേട്ടു വണ്ടി പണിക്കും കച്ചവടത്തിനുമായി തഞ്ചാവൂരിൽ നിന്നു കൂനത്തറയിലത്തിയ പൂർവ്വീകരുടെ പിൻതലമുറക്കാരൻ ..
ഇടത്തറയിലെന്നപോലെ
കാളവണ്ടിക്കാരുടെ തറയായിരുന്ന കൂനത്തറയിൽ നിന്നു ആണ്ടുകളൊരു എൺപത്തിയെട്ടിനു മുന്നേ
പാലപ്പുറത്തെത്തിയ ചെട്ടിയാർക്കൊരു കുടിൽ കെട്ടാൻ ഇടം നൽകിയത് കയ്പഞ്ചേരി നാണുനായരാണു താനും.
ഉണ്ടു കഥകൾ അനേകം
ഈ വണ്ടിക്കാരനെക്കുറിച്ച് .
പണ്ടു തൂങ്ങി ചത്തവന്റെ ശവവുമായി പാലക്കാട്ടിലേക്കു പോസ്റ്റ് മാർട്ടത്തിനു ഓലപ്പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുപോകവേ പാതിരാവിന്റെ നേരത്തു ചവിറ്റിലത്തോടിന്റെ ഓരത്തു വെച്ചു പിശാചൊന്നു പിണത്തെ വലിച്ചു താഴെയിട്ട നേരത്തും പതരാതെ ശവത്തെ വണ്ടിയിൽക്കയറ്റി പോയ കഥയെല്ലാം ഞങ്ങൾ പണ്ടു പറഞ്ഞിരുന്നു..
കറുത്തിരുണ്ട വണ്ടിക്കാരൻ ഇരുന്നുറങ്ങുന്ന നേരത്തും ഓരം ചേർന്നു വണ്ടി വലിക്കുന്ന കാളകൾ വഴി മറക്കാതെ വീട്ടിലേക്കു മടങ്ങുന്ന കാഴ്ചയും കണ്ടു ഞങ്ങൾ കൗതുകം കൂറിയിരുന്നു. കാക്ക കരയുന്ന നേരത്തു കിഴക്കു ദിക്കിലേക്കു വണ്ടി രാവിൻ്റെ നേരത്തു കമ്പിറാന്തലും തൂക്കി തിരികെ വരുന്നതും ഞങ്ങളുടെ കാഴ്ചകളായിരുന്നു.
ഒന്നാലോചിച്ചാൽ നമ്മളും വണ്ടിക്കാരാണ് യാത്ര തീരുന്ന നേരത്ത് ശരീരമെന്ന വണ്ടിയെ ഉപേക്ഷിച്ചു മനസ്സെന്ന കാളകളെ തൊഴുത്തിൽ കെട്ടി വന്നയിടത്തേക്കു തിരികെ പോകുന്നവർ.