Indian traditions and cultural stories.

Serphant worship

സർപ്പക്കളം പാട്ട്...
ഇക്കാണുന്നതെല്ലാം ബ്രഹ്മമാണ്,ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്നു ഉപനിഷത്തുക്കൾ സൂചിപിക്കുന്നുണ്ടെങ്കിലും ഹിന്ദു പുരാണങ്ങളിൽ സൃഷ്ടിയെക്കുറിച്ചു പല പല കഥകളുമുണ്ട്. ബ്രഹ്മാവാണ് സൃഷ്ടിയുടെ നാഥൻ എന്നു ചില പുരാണങ്ങൾ പറയുമ്പോൾ ,കശ്യപ പ്രജാപതിയെ സൃഷ്ടിക്കു കാരണവർത്തിയായി പറയുന്ന കഥകളുമുണ്ട്. ദക്ഷ പ്രജാപതിയുടെ പതിമൂന്നു പുത്രിമാരെ കശ്യപൻ വിഹാഹം ചെയ്തു എന്നും ആ പതിമൂന്നുപേരിൽ നിന്നാണ് ഈ കാണുന്നതെല്ലാം പിറന്നതെന്നുമാണ് കശ്യപ കഥകൾ സൂചിപ്പിക്കുന്നത്. വാമനാവതാര കഥയിലും ഗരുഡന്റെ പിറവിക്കഥയിലും പിതൃസ്ഥാനത്തുള്ളത് കശ്യപനാണ്.
സന്താനഭാഗ്യം തേടി സർപ്പസന്തതികളുടെ മാതാവായ കദ്രുവും, ഗരുഢന്റെയും അരുണന്റെയും മാതാവായ വിനതയും ഒരേ സമയത്താണ് കശ്യപ സവിധത്തിലെത്തിയത്. കദ്രുവിന്നു ആയിരം മുട്ടുകൾ നൽകിയ കശ്യപൻ വിനതക്കു കൊടുത്തതു രണ്ടേ രണ്ടു മുട്ടകളാണ്. വിനതയുടെ അതൃപ്തി മുഖത്തിൽ നിന്നു വായിച്ചെടുത്ത കശ്യപൻ വിനതയെ ഇങ്ങിനെ സാന്ത്വനപ്പെടുത്തി " സൂര്യനോളം തേജസ്സുള്ള പുത്രന്മാരാണ് നിനക്കു പിറക്കുക " . കശ്യപൻ മറ്റൊരു സൂചന കൂടി നൽകി. ആദ്യത്തെ മുട്ട വിരിയാൻ 500 വത്സരം കഴിയണമെന്നും പിന്നെയും കൊല്ലം 500 കടന്നാലെ രണ്ടാമത്തെ മുട്ട വിരിയൂ എന്നതായിരുന്നു ആ സൂചന. കാലത്തിനു മുൻപ് മുട്ടയെ പൊട്ടിച്ചാൽ അതിന്റെ പാപഭാരം അനുഭവിക്കേണ്ടിവരുമെന്ന സൂചനയും കശ്യപൻ നൽകി.
കദ്രുവിനു പിറന്നവരാണ് തക്ഷകൻ മുതലായ എല്ലാ സർപ്പങ്ങളും .
സർപ്പങ്ങൾക്കായി തന്നെ ഒരു ലോകമുണ്ടെന്നും ഈരേഴു പതിനാലു ലോകങ്ങളിൽ വെച്ചു ഏറ്റവും താഴെയുള്ള പാതാള ലോകമാണ് നാഗലോകമെന്ന കഥയുമുണ്ട്. അനന്തനു തല ആയിരമെന്നാണ് വിശ്വാസം.
ഭാരതത്തിൽ എല്ലായിടത്തും നാഗങ്ങൾ ആരാധിക്കപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ ഉടമസ്ഥതയിലുള്ള സർപ്പക്കാവുകൾ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്.
കേരളത്തിൽ കാണുന്ന നാഗ പ്രതിഷ്ഠകളിൽ അപൂർവം മാത്രമേ അനന്തനും വാസുകിയുമൊക്കെ കാണു. നാഗയക്ഷി, നാഗരാജാവ്, നാഗഭൂതം, അജ്ന മണിനാഗം, കരിനാഗം, മണിനാഗം തുടങ്ങിയ സർപ്പ പ്രതിഷ്ഠകളാണ് കൂടുതലും..
ഈ സർപ്പങ്ങൾക്കുള്ള പ്രധാന വഴിപാടാണ് സർപ്പം പാട്ട്. പുള്ളുവ സമുദായക്കാരാണ് ഈ ആചാരത്തിന്റെ പുരോഹിതർ . പഞ്ചവർണ്ണപ്പൊടി കൊണ്ടു നിലത്തു സർപ്പക്കളമെഴുതി അതിൽ കന്യകമാരെ ഇരുത്തി പുള്ളോർ കുടം മീട്ടി സർപ്പത്തെ പാടിയുണർത്തുന്ന ഈ ആചാരം സർപ്പക്കളം പാട്ട് എന്നും അറിയപ്പെടുന്നു. അന്തിക്കറുപ്പു പടർന്ന ശേഷമാണ് കളംപാട്ട് നടത്തുക. ഗതകാലത്ത് വീടുകളിൽ മൂന്നു ദിവസങ്ങൾ തുടർച്ചയായി കളം പാട്ടു നടത്തിയിരുന്നു. ഇന്നത് ഒരു ദിവസത്തിൽ ഒതുങ്ങിയിരിക്കുന്നു. സർപ്പക്കളം പാട്ടിലെ ഒടുവിലത്തെ കളം പൂതക്കളമാണ്. പൂതത്തിന്റെ ചിത്രമാണ് നിലത്തെഴുതുക. കളം തേടിയെത്തുന്ന കാലന്റെ ദൂതന്മാരെ സമ്മാനം കൊടുത്തു തിരിച്ചയക്കുന്ന ആചാരവും ഉണ്ട്.
പണ്ടു നാളിൽ രാമനും ശങ്കരനുമായിരുന്നു പാലപ്പുറത്തെ സർപ്പം പാട്ടുകാർ. ഇന്നവരുടെ മക്കൾ പാരമ്പര്യത്തെ കാക്കുന്നു.
#tradition 
#culture 
#keralatourism 
#sadanandapulavar 
#serpentworship
Share:

Traveller

യാത്രക്കാരൻ:
അതാ പോകുന്നൊരാൾ പച്ചപ്പിന്റെ വയൽ വരമ്പു നടന്നു കടന്നു
അതാ ആരോ ഒരാൾ പോകുന്നുണ്ട്.
അസ്തമന ദിശയിലെക്കാണയാൾ നടക്കുന്നത്.
നോക്കു അയാളുടെ 
തലയിലൊരു ഭാണ്ഡവുമുണ്ട്. ഉദയത്തിൻ്റെ ദിശയിൽ നിന്നയാൾ യാത്ര തുടങ്ങവേ തലയിൽ ഈ ഭാണ്ഡമെന്ന ഭാരം ഉണ്ടായിരുന്നുവോ? അതോ ഇയാൾ നീണ്ട യാത്രയിലെവിടെയെല്ലാമോ വെച്ചോ വാരി ചേർത്തതാണോ ഈ ഭാരം? വാരിക്കൂട്ടി തലയിൽ വെച്ച ഭാരവുമായി ഇയാൾ എത്ര കാതങ്ങൾ ഇങ്ങിനെ നടക്കും ? ഭാരമൊഴിയാതെ ഇയാളുടെ യാത്രയും അവസാനിക്കില്ല എന്നല്ലേ പറയുക.
Share:

Cartrider

കാളവണ്ടി .
പണ്ടുണ്ടായിരുന്നു എന്റെ നാട്ടിലുമൊരു വണ്ടിക്കാരൻ
നാരായണൻ ചെട്ടിയാർ. കാളകൾ പൂട്ടിയ വണ്ടിയിലിരുന്നു പല ദിശ നോക്കി പോയിരുന്ന വണ്ടിക്കാരൻ. കാലമൊരു നൂറു നൂറാണ്ടു മുന്നേയൊരു നാടുവാഴിയുടെ വിളി കേട്ടു വണ്ടി പണിക്കും കച്ചവടത്തിനുമായി തഞ്ചാവൂരിൽ നിന്നു കൂനത്തറയിലത്തിയ പൂർവ്വീകരുടെ പിൻതലമുറക്കാരൻ ..
ഇടത്തറയിലെന്നപോലെ
കാളവണ്ടിക്കാരുടെ തറയായിരുന്ന കൂനത്തറയിൽ നിന്നു ആണ്ടുകളൊരു എൺപത്തിയെട്ടിനു മുന്നേ
പാലപ്പുറത്തെത്തിയ ചെട്ടിയാർക്കൊരു കുടിൽ കെട്ടാൻ ഇടം നൽകിയത് കയ്പഞ്ചേരി നാണുനായരാണു താനും.
ഉണ്ടു കഥകൾ അനേകം
ഈ വണ്ടിക്കാരനെക്കുറിച്ച് .
പണ്ടു തൂങ്ങി ചത്തവന്റെ ശവവുമായി പാലക്കാട്ടിലേക്കു പോസ്റ്റ് മാർട്ടത്തിനു ഓലപ്പായയിൽ പൊതിഞ്ഞു കെട്ടി കൊണ്ടുപോകവേ പാതിരാവിന്റെ നേരത്തു ചവിറ്റിലത്തോടിന്റെ ഓരത്തു വെച്ചു പിശാചൊന്നു പിണത്തെ വലിച്ചു താഴെയിട്ട നേരത്തും പതരാതെ ശവത്തെ വണ്ടിയിൽക്കയറ്റി പോയ കഥയെല്ലാം ഞങ്ങൾ പണ്ടു പറഞ്ഞിരുന്നു..
കറുത്തിരുണ്ട വണ്ടിക്കാരൻ ഇരുന്നുറങ്ങുന്ന നേരത്തും ഓരം ചേർന്നു വണ്ടി വലിക്കുന്ന കാളകൾ വഴി മറക്കാതെ വീട്ടിലേക്കു മടങ്ങുന്ന കാഴ്ചയും കണ്ടു ഞങ്ങൾ കൗതുകം കൂറിയിരുന്നു. കാക്ക കരയുന്ന നേരത്തു കിഴക്കു ദിക്കിലേക്കു വണ്ടി രാവിൻ്റെ നേരത്തു കമ്പിറാന്തലും തൂക്കി തിരികെ വരുന്നതും ഞങ്ങളുടെ കാഴ്ചകളായിരുന്നു.
ഒന്നാലോചിച്ചാൽ നമ്മളും വണ്ടിക്കാരാണ് യാത്ര തീരുന്ന നേരത്ത് ശരീരമെന്ന വണ്ടിയെ ഉപേക്ഷിച്ചു മനസ്സെന്ന കാളകളെ തൊഴുത്തിൽ കെട്ടി വന്നയിടത്തേക്കു തിരികെ പോകുന്നവർ.
Share:

Tholpavakoothu

basically thol pava koothu gives more importance to the text than playing Puppets'. ഗതകാലത്ത് കൂത്തുമാടങ്ങളിൽ കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ള സംവാദത്തിനായിരുന്നു പ്രാധാന്യം. പാലപ്പുറം അണ്ണാമല പുലവരുടെ കാലത്തോടെ ആ യുഗം അവസാനിച്ചു.
Share:

Sadananda Pulavar

Tholpava koothu artist