പറങ്ങോടനെ കേട്ടിട്ടുണ്ടോ പറങ്ങോടനെ, ചെനക്കത്തൂരിനൊരു വാളുണ്ടാക്കി കൊടുത്ത പറങ്ങോടനെ .......?
ഓരോ ആരാധനാലയങ്ങളെക്കുറിച്ചും അതിശയോക്തി കലർന്ന കഥകൾ പ്രചാരത്തിലെത്തുക സ്വാഭാവീകമാണ്. ചിനക്കത്തൂരിലെ വാളിനെക്കുറിച്ചും അങ്ങിനെയൊരു കഥയുണ്ട് - ബ്രിട്ടീഷുകാരുടെ ഭരണകാലമായിരുന്നു അന്ന് .മാരകായുധ നിരോധന നിയമപ്രകാരം മലബാറിലെ കാവുകളിലെ ലൈസൻസ് ഇല്ലാത്ത വാളുകൾ പിടിച്ചെടുക്കാൻ സർക്കാർ ഉത്തരവുണ്ടായി. ഇതനുസരിച്ച് ചിനക്കത്തൂരിന്റെ ഉടവാളും കണ്ടുകെട്ടി പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ എത്തിച്ചു ... എന്നാൽ ചിനക്കത്തൂരിലെ വാൾ തനിയെ ഇളകിത്തുടങ്ങി... ഇതു കണ്ട തഹസിൽദാർക്കും മറ്റുള്ളവർക്കും പേടിയായി ... ഉടനെ ചിനക്കത്തൂരിന്റെ വാളിനെ കാവിൽ തിരിച്ചേൽപ്പിക്കാൻ തഹസിൽദാർ ഉത്തരവിട്ടു ഈ കഥ ദശകങ്ങൾക്കു മുൻപ് പാലപ്പുറം ഗ്രാമത്തിൽ സാർവ്വത്രീകമായി പ്രചാരത്തിലുണ്ടായിരുന്നു.
ഒരു നൂറ്റിമുപ്പത്തിമൂന്നാണ്ടു മുൻപ് ഈ വാൾ ചിനക്കത്തൂരിനു നിർമ്മിച്ചു നൽകിയത് പറങ്ങോടൻ എന്ന കരുവാനാണ് . ചിനക്കത്തൂരിൽ പുത്തൻ പരിഷ്ക്കാരങ്ങളും ചിട്ടകളും നടപ്പിലായ ആ കാലഘട്ടത്തിലാണ് ആദ്യമായി നായർ സമുദായത്തിലെ വെളിച്ചപ്പാടുമാർ ചിനക്കത്തൂരിലെത്തിയത്. വെളിച്ചപ്പാടുണ്ടായെങ്കിലും ചിനക്കത്തൂരിനു സ്വന്തമായി ഒരു വാളുണ്ടായിരുന്നില്ല. വാളുണ്ടാക്കാൻ എല്ലാ ദേശത്തെ കരുവാൻമാരെയും വിളിച്ചു വരുത്തിയെങ്കിലും തന്റെ മകൻ രാമനെയും കൂട്ടി കാഴ്ച കാണാൻ കാവിലെത്തിയ പറങ്ങോടന്നാണ് വാളുണ്ടാക്കാൻ നിയോഗമുണ്ടായത്, ഏതു രൂപത്തിലുള്ള വാളുണ്ടാക്കുന്നമെന്നറിയാതെ മനം നൊന്തു പ്രാർത്ഥിച്ച പറങ്ങോടൻ ഒരു നാൾ ഒരു സ്വപ്നം കണ്ടു. ചെമ്പട്ടു ചുറ്റിയ ഒരു സ്ത്രീ തന്റെ മുറ്റത്ത് വാളിന്റെ ചിത്രമെഴുന്നതായി ... പറങ്ങോടൻ ഉറക്കമുണർന്നു വരും മുമ്പേ വീട്ടുകാർ മുറ്റമടിച്ചു കഴിഞ്ഞിരുന്നു.. കടുത്ത ദുഃഖത്തിലാണ്ട പറങ്ങോടൻ അടുത്ത രാത്രി ഇതേ സ്വപ്നം വീണ്ടും കണ്ടു. എന്നാൽ ഇത്തവണ ചിത്രമെഴുതിയത് നിലത്തല്ല, വാതിലിലാണ്. പുലരി പിറന്ന നേരത്തു കൺ തുറന്ന പറങ്ങോടൻ വാതിലിൽ വാളിന്റെ ചിത്രം കണ്ടു അത്ഭുതപ്പെട്ടു.. ആ ചിത്രത്തിന്റെ രൂപത്തിലാണ് ചിനക്കത്തൂരിലെ വാൾ പിറന്നത്. വാളുണ്ടാക്കിയ കരുവാൻ പറങ്ങോടനും മകൻ രാമനും , രാമന്റെ മകൻ പറങ്ങോടനും യാത്രയായി കഴിഞ്ഞു. നാലാം തലമുറയിലെ ഉണ്ണികൃഷ്ണന്റെ വീട്ടിൽ ഈ വാതിൽ ദ്രവിച്ച നിലയിൽ ഇപ്പോഴും ഉണ്ട്. പൂജാമുറിയിൽ വെച്ചു വീട്ടുകാർ ഇതിനെ പൂജിച്ചു വരുന്നു. ചിനക്കത്തൂർ മൈതാനത്തു നിന്നും 300 മീറ്റർ നടന്നാൽ ഈ വീട്ടിലെത്താം.










