കാവുകളും ഒറ്റപ്പാലവും.
ചരിത്ര പ്രസിദ്ധമായ ഒററപ്പാലമെന്നൊക്കെ നാം ഇപ്പോൾ പറയുമെങ്കിലും ഇൻഡ്യൻ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ ഒററപ്പാലം എന്ന പേര് ഇടം പിടിച്ചത് 1921 ൽ മാത്രമാണ്. കേരള പ്രദേശ് കോൺഗ്രസ്സിൻ്റെ പ്രഥമ സമ്മേളനത്തിനു ഒറ്റപ്പാലമായിരുന്നു വേദി. ഇതിനും ചില നുറ്റാണ്ടുകൾക്കു മുൻപ് സാമൂതിരി കാലഘട്ടത്തിൽ തന്നെ ചരിത്രത്തിൽ ഇടം നേടിയ സ്ഥലങ്ങളാണ് ചുനങ്ങാടും, മുളഞ്ഞൂരും. ഒരു കാലത്ത് ഇൻഡ്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കാൻ ഒറ്റപ്പാലം എന്ന പേരിനു കഴിഞ്ഞു എന്നത് നേരാണെങ്കിലും 1921 നു മുൻപ് ഒറ്റപ്പാലം അപ്രസക്ത പ്രദേശം തന്നെയായിരുന്നു. തറക്കൂട്ടങ്ങൾക്കു പ്രധാന്യമുണ്ടായിരുന്ന ഹൊബാലി സമ്പ്രദായം നിർത്തലാക്കി അംശം സംവിധാനം നടപ്പിലാക്കിയ 1820 ൽ അരിയൂർ തെക്കു മുറി അംശം ദേശത്തു ഉള്ളൊതുങ്ങിയ പ്രദേശമാണ് ഒറ്റപ്പാലം. ചിനക്കത്തൂർ ചരിത്രത്തിലും ഒറ്റപ്പാലമില്ല. തോട്ടക്കരയായിരുന്നു ദേശപ്പേര്. സാംസ്ക്കാരിക ചരിത്രത്തിലും ഒറ്റപ്പാലത്തിനു കൂടുതൽ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. വള്ളുവനാടൻ സംസ്കൃതിയുടെ തലസ്ഥാനമെന്നൊക്കെ ഒറ്റപ്പാലത്തെ എഴുതി ചേർക്കുമെങ്കിലും പന്തിരുകുല കഥയുടെ സ്മരണകൾ സാന്ദ്രമായ തൃത്താല പ്രദേശത്തോളം പൈതൃകം ഒറ്റപ്പാലത്തിനില്ല. കാവ്യകലയുടെയോ, മറ്റേതെങ്കിലും ദൃശ്യകലാരൂപങ്ങളുടെയോ പേരിൽ ഒറ്റപ്പലം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് സത്യം. എങ്കിലും, പൗരാണികതയുടെ ചിഹ്നങ്ങളായി മൂന്നു കാവുകൾ ഒറ്റപ്പാലം നഗരസഭയിലുണ്ട്. കണ്ണിയമ്പുറം കിള്ളിക്കുളങ്ങര കാവും, പാലപ്പുറം ചെനക്കത്തൂർ കാവും ,വരോട് ചാത്തൻ കണ്ടാർ കാവും.
ആയിരത്താണ്ടുകളുടെ മേൽ പഴക്കം കിള്ളി മുത്തിയുടെ ആലയത്തിനുണ്ടെന്നു ചരിത്രം തന്നെ സൂചിപ്പിക്കുന്നു. കിള്ളി ശബ്ദം ചോഴ ബന്ധത്തിനു നിദാനമാണെന്നാണ് ചരിത്ര വീക്ഷണം. കണ്ണിയമ്പുറം എന്ന ദേശനാമം തമിഴ് ഭാഷ സമ്മാനിച്ചതുമാണ്. ത്രേതായുഗ ത്തോളം കാലപഴക്കമുണ്ടെന്നു ചിനക്കത്തൂരിൽ ഐതിഹ്യമുണ്ടെങ്കിലും യഥാർത്ഥ കാലപഴക്കം ഊഹാതീതമാണ്. നാലു നൂറാണ്ടുകളുടെ അധികം പഴക്കം ചിനക്കത്തൂരിനുമുണ്ടാവാം. പേരിൽ തന്നെ ഉത്ഭവ ചരിത്രമുള്ള ചാത്തൻ കണ്ടാർ കാവിനുമുണ്ട് പല നൂറ്റാണ്ടുകളുടെ പാരമ്പര്യം.