കാളിയും തിറയും..
ധനു നിലവൊന്നു പൂത്തിറങ്ങി പെയ്തു മടങ്ങുന്നതോടെ നിളയോരമണ്ണിലെ കാവുകൾ ഉണർന്നു തുടങ്ങും. ഭക്തിയുടെയും വിശ്വാസത്തിന്റെയും കാൽച്ചുവടുകൾ വെച്ചും , തോളേറിയും എത്തുന്ന നാടൻ കലാരൂപങ്ങളാണ് നിളയോര കാവുത്സവങ്ങളുടെ ജീവൻ. കാശിനു വേണ്ടിയോ , പേരിനു വേണ്ടിയോ പെരുമക്കുവേണ്ടിയോ അല്ല പലരും നാടൻ കലാരൂപങ്ങൾ കെട്ടി കാവേറുന്നത്.. രക്തത്തിൽ അലിഞ്ഞുചേർന്ന ദൃഢവിശ്വാസമത്രേ ഇതിനു മൂല കാരണം. കാവുകയറുന്ന തിറയെ നോക്കുക: ഒരു തിറ പണിയണമെങ്കിൽ ആദ്യം 40 ദിവസം വൃതം നോൽക്കണം. നാല്പത്തിയൊന്നാം ദിനത്തിൽ വരിക്കപ്ലാവിന്റെ വേരിൽ ആദിവട്ടം തീർത്തു ആദി വട്ടത്തിൽ കൊത്തിയ വ്യാളീ രൂപത്തിന്റെ രൗദ്രത കുറക്കാൻ ശാന്ത സ്വരൂപിണിയായ ദേവി രൂപവും
അനുബന്ധ രൂപങ്ങളും ആദി വട്ടത്തിൽ കൊത്തിയൊരുക്കി , വെളുപ്പും, കറുപ്പും, ചുകപ്പും നിറങ്ങൾ കൊണ്ടു ആദി വട്ടം അലങ്കരിക്കും. പിന്നെ മുല്ലത്തറക്കരികിലെ മുറ്റം ചാണകം മെഴുകി ശുദ്ധി വരുത്തി, ആദി വട്ടം വെച്ചു നിറച്ചുവെപ്പോടെ (ഇടങ്ങഴി നെല്ലും നാഴി അരിയും) നിലവിളക്കു തെളിയിച്ചു 64 കളം (പത്മം) ഇട്ടു , നാളികേരമുടച്ചു കളത്തിലുംപൂജ നടത്തിയ ശേഷം ഇടതു ഭാഗത്തു അഞ്ചു നറുക്കോടെ വെച്ച നാക്കിലയിൽ കള്ളും വാറ്റും തവിടും അർപ്പിച്ചു പൂങ്കോഴിയെ വെട്ടി കലശമാടി , ആദി വട്ടത്തിലെ ഭദ്രകാളി ചൈതന്യത്തിനു ജീവനും പ്രാണനും നൽകിയാണ് ഓരോ തിറയേയും ശിരസ്സേന്തി പെരുവണ്ണാൻ പ്രയാണം തുടങ്ങുക... കാളിയുടെ അനുഗ്രഹം ദേശവാസികൾക്കു കൊടുക്കാൻ..... പുല്ലും ഭൂമിയും ഉള്ളിടത്തോളം കാലം...
.
അറിയുക നാം നമ്മുടെ പൈതൃകത്തിന്റെ മഹത്വത്തെ .... അറിയുക നമ്മുടെ നാടിന്റെ നന്മയെ.