തമിഴ് ഇതിഹാസ കാവ്യമായ രാമായണം രചിച്ച കമ്പർ അറിയപ്പെടുന്നത് തമിഴ് കവി ചക്രവർത്തി
എന്നേ പേരിലാണ്. AD പന്ത്രണ്ടാം നൂറ്റാണ്ടിൽ തിഴവഴന്തൂർ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചതെന്നും പിതാവിന്റെ പേര് ആദിത്യനാണെന്നും സാർവത്രികമായി അംഗീകരിക്കപ്പെടുന്നു. ഇദ്ദേഹം കാളി കോവിലുകളിലെ ശാന്തിക്കാരായ ഉവച്ചവർ എന്ന സമുദായക്കാരനാണെന്നും അതല്ല നാദസ്വരം വായനകുലത്തൊഴിലാക്കിയ ഒച്ചൻ എന്ന സമുദായത്തിലെ അംഗമാണെന്നും ഉള്ള വാദങ്ങൾ നിലനിൽക്കുന്നു. ദാരിദ്ര്യത്തിന്റെ കെടുതി മുഴുവൻ ബാല്യത്തിന്റെ നാളിൽ അനുഭവിക്കേണ്ടി വന്ന കമ്പനു ആശ്രയമേകി കവിയാക്കി വളർത്തിയെടുത്തത് വെണ്ണനല്ലൂർ ഗ്രാമത്തിലെ ചടയപ്പൻ മുതലിയാർ എന്ന കൃഷിക്കാരന്നാണ്. ദാനശീലം കാരണം ചടൈയപ്പവള്ളലാർ എന്നറിയപെട്ടിരുന്ന ചടയപ്പൻ മുതലിയാർ തികഞ്ഞെ വൈഷ്ണവഭക്തനായിരുന്നു.
കമ്പരുടെ കവിത്വത്തെക്കുറിച്ചു കേട്ടറിഞ്ഞ ചോഴമന്നൻ തന്റെ കൊട്ടാരത്തേക്കു അദ്ദേഹത്തെ ക്ഷണിക്കുകയും ചോഴ വംശ വിജയഗാഥ പാടാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതു കേട്ട കമ്പൻ തനിക്കു അന്നം തന്നു ആളാക്കിയ ചടയപ്പൻ മുതലിയാരെ പാടിയല്ലാതെ മറ്റാരേയും തനിക്കു പാടാനാവില്ല എന്നു പറഞ്ഞു കൊണ്ടു വെണ്ണനല്ലൂരിലേക്കു തിരിച്ചു നടന്നു. തുടർന്നു അദ്ദേഹം തന്റെ ആദ്യ രചനയും കൃഷിയുടെ പെരുമ പാടുന്ന ഗാഥയുമായ " ഏർ എഴുപത് " എഴുതുകയും ചടയപ്പൻ മുതലിയാർക്കു അതു സമർപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ചോഴരാജാവിന്റെ അഭ്യർത്ഥന പ്രകാരം രാമകഥ രചിച്ചുവെങ്കിലും അവിടെയും കമ്പർ ചോഴനെ പാടിയില്ല. പകരം തനിക്കു അന്നം തന്നു വളർത്തിയ മുതലിയാരുടെ പെരുമയെയാണ് കമ്പൻ വാഴ്ത്തിയത്. സേതുബന്ധനത്തിന്റെ ഭാഗത്ത് "തഞ്ചമെൻറോർകളൈ താങ്കുപവനായി " മുതലിയാരെ കീർത്തിക്കുന്ന കമ്പൻ ശ്രീരാമപട്ടാഭിഷേകത്തിന്റ വേളയിൽ രാമന്റെ സിംഹാസനത്തെ ചടയപ്പൻ മുതലിയാർ താങ്ങി നിർത്തുന്നു എന്നാണ് പാടിയത്.