ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിലെയും തൂതപ്പുഴയുടെ തീരത്തുള്ള പെരിന്തൽമണ്ണ താലൂക്കിലേയും ഉള്ള മിക്ക ഭഗവതിക്കാവുകളിലും ഉത്സവക്കാഴ്ചയാവുന്ന നാടൻ കലാരൂപങ്ങളിലൊന്നാണ് പൂതൻ. പൂതൻ എന്നും പറപ്പൂതൻ എന്നും അറിയപ്പെടുന്ന രണ്ടുതരം പൂതങ്ങളിൽ പറപ്പൂതം കെട്ടിയാടുന്നത് പറയ സമുദായക്കാരാണ്. ആദ്യകാല കാളി ഉപാസകരായി ഗണിക്കപ്പെടുന്ന മണ്ണാൻ സമുദായക്കാരാണ് പൂതമെന്ന രൂപം കെട്ടിയാടുന്നവർ.
കടിച്ച നാവും തുറിച്ച കണ്ണും കൊഴുപ്പോലെ മൂക്കുമുള്ള മുഖാവരണവും തലക്കെട്ടും , പീലി മുടിയും, കാൽത്തള, കൈത്തവള, അരത്താലി, മാർത്താലി തുടങ്ങിയ ആഭരണങ്ങളും ആണ് പൂതന്റെ വേഷവിധാനം. ഉത്സവത്തിനു കൂറയിടുന്ന ദിനം മുതൽ തട്ടകത്തിലെ ഭവനങ്ങളിൽ ചെന്നു കളിക്കുന്ന പൂതനെ ദേവി സങ്കല്പവുമായി ബന്ധപ്പെട്ട കലാരൂപമായിട്ടു തന്നെയാണ് തട്ടകവാസികൾ കാണുന്നത്. നിളയോര ഉത്സവക്കാഴ്ചയുടെ നിറഭംഗിയുള്ള പൂതന്റെ പേര് ഏറ്റവും കൂടുതൽ പേരിൽ എത്താൻ കാരണം ഇടശ്ശേരി ഗോവിന്ദൻ നായർ എന്ന അനുഗ്രഹീത കവിയുടെ പൂതപ്പാട്ട് എന്ന കവിതയാണ്.
എന്നാൽ യഥാർത്ഥത്തിൽ ഈ കവിതയിലെ കഥാപാത്രമായ പൂതമല്ല നിളയോര പൂതൻ . ഇടശ്ശേരിയുടെത് പെൺപൂതമാണ്. നിളയോരക്കാഴ്ച ആൺ പൂതനാണ്. മാത്രമല്ല ഈ കലാരൂപവുമായി ബന്ധപ്പെട്ട ആരും തന്നെ ഇടശ്ശേരിയുടെ കഥയെ പൂതത്തിന്റെ മിത്തായി അംഗീകരിക്കുന്നുമില്ല മാതൃ വാത്സല്യത്തിന്റെ മഹനീയതക്കു നിദർശനമായ ഇടശ്ശേരി കവിതയെ ഇവിടെ പരിചയപ്പെടുത്തുന്നത് പുതത്തെക്കുറിക്കുന്ന ഒരു കഥ എന്ന രീതിക്കാണ്.
പൂതപ്പാട്ടെന്ന അനശ്വര കവിതയിലൂടെ വള്ളുവനാടൻ പൂതത്തെ മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച കവിയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ. ഒററക്കു മേയുന്ന പയ്യിന്റെ മുല കുടിച്ചും പൊട്ടി ചൂട്ടായി വന്നു പഥികരുടെ വഴി തെറ്റിച്ചും പറയന്റെ കുന്നിലെ മറ്റേ ചെരിവിലൊരു മടയിൽ പാർത്തിരുന്ന പെൺപൂതത്തിന്റെ കഥയാണ് പൂതപ്പാട്ടിന്റെ പ്രമേയം. ആറ്റിൻ കരയിലെ നങ്ങേലിക്കു ഒരു ഉണ്ണി പിറന്നു. നിലത്തു വെച്ചാൽ ഉറുമ്പരിച്ചാലോ, തലയിൽ വെച്ചാൽ പേനരിച്ചാലോ ? അതിനാൽ ഉണ്ണിയെ തന്റെ മാറിൽ ചേർത്തു വളർത്താൾ നങ്ങേലി. നാളുകൾ കഴിയവേ ഉണ്ണിക്കു കാൽ വളർന്നു കൈ വളർന്നു ,വയസ്സു ഏഴു തി കയവേ കണ്ണും കാതും ഉറച്ചു. പള്ളിക്കൂടം പോകണമെന്ന ആശ ഉണ്ണിയുടെ മനസ്സിലും ഉദിച്ചു.
പുളിയിലക്കര മുണ്ടുടുപ്പിച്ച് ഓലയും എഴുത്താണിയും കൈയ്യിൽ കൊടുത്തു ഉണ്ണിയെ അമ്മ പള്ളിക്കൂടത്തിലേക്കയച്ചു. കൗതുകത്തിന്റെ കാഴ്ചകൾ കണ്ടു ഉണ്ണി നടന്നു. പറയന്റെ കുന്നിലെ ഉയരവും കടന്ന് ഉണ്ണി മറ്റേ ചെരിവിലെത്തവേ മനുഷ്യ വാടയറിഞ്ഞ പൂതം മാളത്തിൻ വാതിൽ പൊളി മെല്ലേ നീക്കി. പൊന്ന അശോക പൂങ്കുല പോലെ, അമ്പിളിക്കലയൊന്നു നിലത്തുദിച്ച പോലെ, മാമ്പൂവിന്റെ നിറ മൊത്തൊരു ഉണ്ണി നടന്നടുക്കുന്നതു കണ്ട പൂതത്തിൻ അകതാരിലെവിടെയോ വാത്സല്യത്തിന്റെ വികാരമൊരു പ്രളയമായി, മാറിടത്തിലൊരു ഇക്കിളി പിറന്നു മാഞ്ഞു. സ്നേഹമൊരു കനിവായി നിറഞ്ഞു തുളുമ്പേവേ പൂതത്തിന്റെ മനസ്സിലും ആശ പിറന്നു.
ഉണ്ണി യോടിത്തിരി നേരമൊന്നു കൊഞ്ചാൻ , പൂക്കളറുത്തും, കല്ലുകൾ പെറുക്കി കൂട്ടിയും ഉണ്ണിയോടൊത്തൊന്നു കളിക്കാൻ പൂതം ആശിച്ചു. കോമ്പല്ലും ഉണ്ടക്കണ്ണും കണ്ടു ഉണ്ണി പേടിച്ചാലോ? പൂതം അതി സുന്ദരിയായൊരു പെൺകിടാവിന്റെ വേഷമെടുത്തു. തന്നരികിലെത്തിയ ഉണ്ണിയോടു പൂതം പറഞ്ഞു.
"ഉണ്ണ്യേ ആ ഓലയും എഴുത്താണിയും അങ്ങു ദൂരെ കളയു ,നമുക്കു നീലക്കല്ലിന്മേൽ പൂക്കൾ കൊണ്ടു ചിത്രമെഴുതി കളിക്കാം " . ഗുരുനാഥൻ കോപിക്കുമെന്നു ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ ഉണ്ണി പൂതത്തെ കേട്ടു.
പകൽ വെളിച്ചം പാതി മിഴി കൂമ്പി തുടങ്ങി. ഇരുളടരുകൾ വിണ്ണിനെ തൊടാനുമിറങ്ങി. പള്ളിക്കൂടം പോയ ഉണ്ണി ഇനിയും തിരിച്ചെത്തിയില്ല. നങ്ങേലിയുടെ മനസ്‌സൊന്നു കാളി. പിന്നെ തേങ്ങലുയർന്നു ഊടുവഴിയിലൂടെയും പാടവരമ്പിലൂടെയും ഉറക്കെ വിളിച്ചും കരഞ്ഞും നടന്ന നങ്ങേലി, നടന്നു നടന്നൊടുവിൽ പറയന്റെ കുന്നിലെത്തി.ഉണ്ണിയെ തെരയുന്ന മനസ്സിന്റെ നോവു കേട്ട പൂതത്തിന്റെ നെഞ്ചൊന്നുലഞ്ഞു. ഉണ്ണിയെ തനിക്കു നഷ്ടപ്പെടുമെന്ന ഭയന്നു പൂതം നങ്ങേലിയെ അകറ്റാൻ അടവു പലതുമെടുത്തു.
പേടിപ്പിച്ചോടിക്കാൻ നോക്കി പൂതം. പേടിയാതെ നിന്നാൾ അമ്മ : കാറ്റായും തീയായും നരിയായും പുലിയായുമൊക്കെ വന്നു പൂതം. കൂസാതെ തന്നെ നിന്നാൾ അമ്മ. തോറ്റ പൂതം മറ്റൊരടവെടുത്തു. മുത്തും സ്വർണവും നിറച്ച പൊത്തിന്റെ മൂടി തുറന്നു പിടിച്ചു പിന്നെ പറഞ്ഞു. "ഇതൊക്കെ നീ
എടുത്തോ, ഉണ്ണിയെ എനിക്കു താ" മറിച്ചൊന്നും പറയാതെ നങ്ങേലി മരക്കമ്പിനാൽ തന്റെ ഇരു കണ്ണുകളും ചൂഴ്ന്നെടുത്തു അത് പൂതത്തിന്റെ നേർക്കു നീട്ടി കൊണ്ടു പറഞ്ഞു." ഇതിനെക്കാൾ വലുതാണെനിക്കെന്റെ ഉണ്ണി.. പൂതം മറ്റൊരു കൗശലം കണ്ടെത്തി. നൊച്ചിക്കോലു കൊണ്ടൊരു ഉണ്ണിയെ ഉണ്ടാക്കി നങ്ങേലിക്കു കൊടുത്തു , നൊച്ചിക്കോലുണ്ണിയെ തലോടിയ നങ്ങേലിക്കു പെട്ടെന്നറിഞ്ഞു അത് തന്റെ ഉണ്ണിയല്ലെന്ന് . ഉള്ളു വിങ്ങിയ മാതൃ ഹൃദയം ആക്രോശിച്ചു " പെറ്റ വയറിനെ പറ്റിക്കാൻ നോക്കുന്നോ പൊട്ട പൂതമേ ?". പൂതത്തെ ശപിക്കാനായി നങ്ങേലി കൈകളുയർത്തി. മാതൃശാപ മേൽക്കേണ്ടിവരുമെന്നറിഞ്ഞ പൂതം ഞെട്ടി വിറച്ചു. തൊഴുകൈകളോടെ പൂതം അപേക്ഷിച്ചു.
"ശപിക്കരുത് , ഉണ്ണിയേയും കാഴ്ചയും തിരിച്ചു തരാം" . ഉണ്ണിയുമായി നങ്ങേലി തിരിച്ചു നടക്കാനൊരുങ്ങവേ പൂതം വീണ്ടും വീണ്ടും ഉണ്ണിയെ തലോടി..പൂതത്തിന്റെ കണ്ണു നിറഞ്ഞെഴുകുന്നതു കണ്ട നങ്ങേലിയുടെ മനസ്സലിഞ്ഞു. നങ്ങേലി പൂതത്തെ ആശ്വസിപ്പിച്ചു. "നീ കരയേണ്ട പാടം കൊയ്തൊഴിയുന്ന വേനൽ നാളിൽ ആണ്ടിലൊരിക്കൽ ഉണ്ണിയെ കാണാൻ വന്നോളു " പൂതം തലകുലുക്കി. വീടേതാണെന്നു പറയാൻ നങ്ങേലിയും അത് ഏതാണെന്നു ചോദിക്കാൻ പൂതനും മറന്നു. പണ്ടു നാളിൽ കണ്ടു കൊതിച്ച ഉണ്ണിയെ തെരഞ്ഞാണത്രേ വള്ളുവനാടൻ പൂതം പാടം താണ്ടി വീട്ടുമുറ്റങ്ങൾ കയറി ഉത്സവക്കാലത്ത് നിളയോരത്തെത്തുന്നത്. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ ഗന്ധമറിയാതെ ഏകയായി പൊത്തിൽ പാർത്തിരുന്ന പൂതത്തിന്റെ ഉള്ളിലും നന്മയുടെ ഒരു കീറ് വെളിച്ചമുണ്ടെന്ന പറഞ്ഞ ഇടശ്ശേരി കവിത കൂടിയാണ് പൂതപ്പാട്ട്.